ADVERTISEMENT

തിരുവനന്തപുരം ∙ ‘എന്റെ കൃഷ്ണാ...എനിക്കു കാണേണ്ട’ മകളെ വിവാഹ പന്തലിലേക്ക് യാത്രയാക്കാൻ മനമൊരുക്കി കാത്തിരുന്ന ആ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു മാസം കഴിഞ്ഞ് കല്യാണം കൂടാൻ വരേണ്ടവർ നിറകണ്ണുകളോടെയാണ് അരുണാചൽ പ്രദേശിൽ ദമ്പതികൾക്കൊപ്പം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആര്യയുടെ വീട്ടിലേക്ക് എത്തിയത്. മകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ ബാലാംബിക പൊട്ടിക്കരയുകയായിരുന്നു.

അണിഞ്ഞൊരുങ്ങി വീട്ടിൽ നിൽക്കേണ്ട കല്യാണ പെണ്ണ് മരവിച്ച ശരീരമായി കൺമുന്നിൽ കിടന്നപ്പോൾ പലരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. സങ്കടം ളള്ളിലൊതുക്കാൻ ശ്രമിച്ചെങ്കിലും അച്ഛൻ അനിൽകുമാറിനും ദുഃഖം താങ്ങാനായില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ മൃതദേഹം എംബാം നടപടികൾ പൂർ‌ത്തിയാക്കി രണ്ടരയോടെയാണ് വട്ടിയൂർക്കാവ് മേലേത്തുമേലയിലെ വീട്ടിലെത്തിച്ചത്. 

ആര്യയുടെ പിതാവ് അനിൽകുമാർ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നു (Photo: ശ്രീലക്ഷ്മി∙ മനോരമ)
ആര്യയുടെ പിതാവ് അനിൽകുമാർ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നു (Photo: ശ്രീലക്ഷ്മി∙ മനോരമ)

ആര്യയുടെ മുടി മുറിച്ചിരുന്നുവെന്നത് മൃതദേഹത്തിൽ നിന്നും വ്യക്തമാണ്. മുഖത്തും ബ്ലേഡ് കൊണ്ട് കീറിയ പാടുകളുണ്ടായിരുന്നു. ഒരു മണിക്കൂറോളം വീടിന്റെ മുറ്റത്ത് പൊതുദർശനത്തിനു വച്ച ശേഷം വൈകുന്നേരം നാലരയോടെ  ശാന്തികവാടത്തിൽ സംസ്കാരചടങ്ങുകൾ നടത്തി. ആര്യയുടെ അച്ഛന്റെ സഹോദരന്റെ മകൾ ശ്രീക്കുട്ടിയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ദേവിയെ വിവാഹത്തിന് ഉടുത്ത നീല സാരി ഉടുപ്പിച്ചാണ് വീട്ടുകാർ യാത്രയാക്കിയത്. മാധ്യമങ്ങളെ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല.

ആര്യയുടെ വീട്ടിലെത്തിയ ബന്ധുക്കൾ (Photo: ശ്രീലക്ഷ്മി∙ മനോരമ)
ആര്യയുടെ വീട്ടിലെത്തിയ ബന്ധുക്കൾ (Photo: ശ്രീലക്ഷ്മി∙ മനോരമ)

അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ– ദേവി ദമ്പതികളുടെയും സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങൾ ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എംബാം നടപടികൾ പൂർത്തിയാക്കിയശേഷം ആര്യയുടെയും ദേവിയുടെയു മൃതദേഹം  തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോയി. 

കല്യാണ സാരിയുടുപ്പിച്ച് ദേവിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നു (Photo: ശ്രീലക്ഷ്മി∙ മനോരമ)
കല്യാണ സാരിയുടുപ്പിച്ച് ദേവിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നു (Photo: ശ്രീലക്ഷ്മി∙ മനോരമ)

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു.

മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം.  മരണത്തിനു മുൻപ് ആഭിചാരക്രിയകൾ നടന്നായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 

English Summary:

Funeral of Malayalis died in Arunachal- updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com