‘ശശി തരൂർ ഡൽഹി നായരല്ല, അസ്സൽ നായർ; എൻഎസ്എസ് അംഗങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം’

Mail This Article
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂരനിലപാടാണെന്നും സമുദായങ്ങൾക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തുടങ്ങിയ പത്മ കഫെയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘സർക്കാരിനോടും രാഷ്ട്രീയ പാർട്ടികളോടും പ്രശ്നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകൽച്ചയും അടുപ്പവുമില്ല. സർക്കാരുകൾ മുന്നാക്കം എന്ന കളത്തിൽ നായർ സമുദായത്തെ മാറ്റി നിർത്തുന്നു. നായർ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോടു പെരുമാറണമെന്നാണ് സർക്കാരുകളോട് പറയാനുള്ളത്.’’– സുകുമാരൻ നായർ പറഞ്ഞു.
ശശി തരൂർ ഡൽഹി നായരെന്ന പഴയ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അന്ന് അങ്ങനെ പിഴവുണ്ടായി പറഞ്ഞതാണ്. തരൂർ അസൽ നായരുതന്നെയാണ് അതുകൊണ്ടാണ് മന്നംജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചത്. അത് കഴിഞ്ഞുള്ള കാര്യങ്ങൾ എനിക്കറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.