ADVERTISEMENT

തിരുവനന്തപുരം∙ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിഴ ചുമത്തിയ ടിടിഇയെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപേ, ടിക്കറ്റ് ആവശ്യപ്പെട്ട ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിലാണു ടിടിഇ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിൽനിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇതിനു പിന്നാലെ അക്രമി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു.

ട്രെയിനിന്റെ വാതിൽക്കൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാടകനോടു ടിടിഇ ആയ ജെയ്സൻ തോമസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണു പ്രകോപനമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ടിടിഇയുടെ നിർദ്ദേശം പാലിക്കാൻ ഇയാൾ തയാറായില്ല. മാത്രമല്ല, ടിടിഇയെ ആക്രമിക്കുകയും ചെയ്തു.

ജയ്സന്റെ മുഖത്തു മാന്തിയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടി ഇയാൾ രക്ഷപെടുകയും ചെയ്തു. ജയ്സന്റെ മുഖത്ത് ഇടതു കണ്ണിനു സമീപം അക്രമിയുടെ നഖം കൊണ്ടു ചെറിയ മുറിവുണ്ടായി. ജെയ്സൻ ആശുപത്രിയിൽ ചികിത്സ തേടി.

‘‘തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിലായിരുന്നു ഇന്ന് ഡ്യൂട്ടി. ഇതിനിടെ തിരുവനന്തപുരം സ്റ്റേഷനിൽവച്ച് മുഷിഞ്ഞ മുണ്ടുടുത്ത് ഒരാൾ ട്രെയിനിൽ കയറി. 55–58 വയസ് പ്രായം തോന്നിക്കുന്ന ഒരാളാണ്. കയറിയ പാടെ അവിടെയുണ്ടായിരുന്ന കച്ചവടക്കാരനെ തള്ളിയിടാൻ ഇയാൾ ശ്രമിച്ചു. ഞാൻ ചോദിച്ചപ്പോൾ അയാൾ അവിടെ തുപ്പി. തുടർന്ന് എന്നെ കൈകൊണ്ട് ഇടിക്കാൻ വന്നു. മാന്താൻ ശ്രമിച്ചപ്പോൾ ഞാൻ ഒഴിഞ്ഞുമാറി. പിന്നാലെ വീണ്ടും ആക്രമിച്ചപ്പോൾ എന്റെ മാസ്ക് കീറിപ്പോയി.

ടിക്കറ്റ് ഒന്നുമില്ലാതെയായിരുന്നു ഇയാളുടെ യാത്ര. ഇതു ചോദിച്ചപ്പോഴായിരുന്നു ആക്രമണം. കണ്ണിനു താഴെ അയാളുടെ നഖം കൊണ്ടാണു മുറിവുണ്ടായത്. ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയതിനുശേഷം ഗാർഡ് വന്ന് ഫസ്റ്റ് എയ്ഡ് തന്നു. സഹപ്രവർത്തകരും ഓടിവന്നു. മുറിവ് ആഴമില്ലാത്തതായതിനാൽ ഞാൻ ഡ്യൂട്ടി തുടർന്നു. എറണാകുളത്ത് എത്തിയശേഷം ആശുപത്രിയിൽ പോയി ചികിത്സ തേടും’’ – ടിടിഇ മനോരമ ന്യൂസിനോടു പറഞ്ഞു.

English Summary:

TTE Suffers Facial Injury After Attack by Beggar on Kerala Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com