ADVERTISEMENT

കൊച്ചി ∙ കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിക്ക് അനുകൂലമായ നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫീസർ പി.ബി.അനിതയെ തിരികെ നിയമിക്കാതിരിക്കാൻ സർക്കാർ സ്വീകരിച്ചത് വളഞ്ഞ വഴിയും മുട്ടാപ്പോക്കു ന്യായവും. കോടതി ഉത്തരവ് ലംഘിച്ച നടപടി വിവാദമാവുകയും രാഷ്ട്രീയ പ്രശ്നമാവുകയും ചെയ്തതോടെ അനിതയ്ക്ക് നിയമനം നൽകാമെന്ന് ഇന്ന് സർക്കാരിന് സമ്മതിക്കേണ്ടി വന്നിരുന്നു. 

നഴ്‌സിന് ഉടന്‍ നിയമനം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍ നിയമനം കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമനം നല്‍കില്ല എന്നു പറഞ്ഞിട്ടില്ലെന്നും ഇന്നാണ് ഫയല്‍ ആരോഗ്യവകുപ്പിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സാങ്കേതിക കാര്യങ്ങള്‍ കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ട്. അതുകൊണ്ടാണ് റിവ്യു ഹര്‍ജി ഫയല്‍ ചെയ്തതെന്നും മന്ത്രി ന്യായീകരിക്കുന്നു. 

അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്.

ഒഴിവു വരുന്ന സാഹചര്യത്തിൽ 2024 ഏപ്രിൽ ഒന്ന് മുതൽ അനിതയ്ക്ക് നിയമനം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇത് നടപ്പാക്കിയില്ല എന്നു മാത്രമല്ല അനിതയെ നിയമിക്കാനുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിലെത്തിയത് ഈ മാസം അഞ്ചിനു മാത്രം. അതാകട്ടെ, കോടതി ഉത്തരവ് ലംഘിക്കുന്നു എന്നും തനിക്ക് നിയമനം നൽകുന്നില്ല എന്നും ചൂണ്ടിക്കാട്ടി അനിത ഹൈക്കോടതിയെ സമീപിച്ച് രണ്ടു ദിവസത്തിനു ശേഷം മാത്രവും. അനിതയുടെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

അനിതയെ ഏപ്രിൽ ഒന്നു മുതൽ സീനിയർ നഴ്സിങ് ഓഫീസർ പദവിയിൽ നിയമിക്കണമെന്ന് മാർ‍ച്ച് ഒന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഏപ്രിൽ ഒന്നു വരെ ഈ ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാർ കോടതിയെ സമീപിച്ചിരുന്നില്ല എന്നതും ശ്രദ്ധേയം. ഒന്നിന് ജോലിക്ക് ഹാജരാകാൻ അനിത എത്തിയിട്ടും സെക്രട്ടറിയേറ്റിൽ നിന്ന് ഉത്തരവ് എത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി നിയമനം വൈകിക്കുകയായിരുന്നു. പിന്നാലെയാണ് ഏപ്രിൽ മൂന്നിന് അനിത സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നത്.

ഇതോടെ സർക്കാർ ‘ഉണർന്നു’. അനിതയ്ക്ക് അനുകൂലമായി നൽകിയ വിധി സ്റ്റേ ചെയ്യണമെന്നതാണ് അടിയന്തര ആവശ്യമായി അഞ്ചിന് നൽകിയ പുനഃപരിശോധന ഹർജിയിൽ പറയുന്നത്. ഇതിനുള്ള ന്യായമാകട്ടെ, കഴിഞ്ഞ ഒരു മാസത്തിലേറെയായി സർക്കാരിന്റെ ‘കണ്ണിൽപ്പെടാതിരുന്ന’ കാരണവും. 18 പേർ കോഴിക്കോട് മെഡിക്കൽ കോളജിലെ ഈ പദവിയിലേക്ക് അപേക്ഷിച്ചിരുന്നു എന്നും ഇവരെക്കൂടി കേസിൽ കക്ഷി ചേർത്ത് കേസ് പരിഗണിക്കണമെന്നുമാണ് പുതിയ ആവശ്യം. ഇതിൽ നാലു പേരുടെ കാര്യങ്ങൾ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഇക്കാര്യങ്ങൾ കോടതിയെ നേരത്തെ അറിയിക്കാൻ പറ്റാതിരുന്നതിനാൽ നിലവിലെ വിധി സ്റ്റേ ചെയ്ത് വീണ്ടും വാദം കേൾക്കണമെന്നാണ് ആവശ്യം. 

പ്രതിഷേധത്തെ തുടർന്ന് അനിതയ്ക്ക് നിയമനം നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച‍ സർക്കാർ ഹൈക്കോടതിയിൽ എന്തു നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

English Summary:

ICU molestation case: Health department agrees to reinstate nurse Anitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com