ADVERTISEMENT

കോട്ടയം∙ ‘എന്തൊരു ചൂട്, വിയർത്തു കുളിച്ചു....’ സംസ്ഥാനത്ത് വേനൽക്കാലം കടുത്തതോടെ സൗഹൃദ സംഭാഷണങ്ങളിലും വീടുകളിലും ഇതു പറയാത്ത മനുഷ്യരില്ല. മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെയാണ് ഇന്ന് മലയാളി. ഉരുകിയൊലിച്ചുള്ള കാത്തിരിപ്പിൽ വേനൽക്കാലം പിന്നിടാൻ ഇനിയും ഒരു മാസത്തിലേറെയുണ്ടല്ലോ എന്നതാണ് ആശങ്ക. ചൂട് ഉയർന്നതോടെ നിർമാണ തൊഴിലാളികൾ അടക്കം തൊഴിലില്ലാതെ വീട്ടിലിരുപ്പാണ്. ചൂടേറ്റ് നിരത്തുകളിൽ വീഴുന്നവരും നിരവധി. കുടുംബ ബജറ്റ് താളം തെറ്റുമെങ്കിലും ചൂടിനെ അതിജീവിക്കാൻ എസിയല്ലാതെ മറ്റു വഴിയില്ലെന്നും മലയാളി ചിന്തിക്കുന്നു...

പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ
പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ

അനുഭവിച്ചിട്ടില്ലാത്ത ചൂടാണ് ഈ വേനൽക്കാലത്തേത്. സാധാരണ മാർച്ചിൽ തുടങ്ങുന്ന ചൂട് ഇത്തവണ ജനുവരി അവസാനം തന്നെ ആരംഭിച്ചു.മിക്ക ജില്ലകളിലും ചൂട് പകൽസമയം മൂന്നും നാലും ഡിഗ്രി മുകളിലാണ്. പതിവില്ലാത്ത രീതിയില്‍ കേരളം ഇങ്ങനെ ചുട്ടുപൊള്ളാനുള്ള കാരണം എല്‍ നിനോയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2024ൽ കേരളത്തിൽ എൽ നിനോ പ്രതിഭാസമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. ഏതാനും മാസങ്ങൾ മാത്രമേ എൽനിനോ നീണ്ടുനിൽക്കുവെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ നിലവിലുള്ള കാലാവസ്ഥ താപനില വ്യവസ്ഥകളെ തന്നെ മാറ്റിമറിക്കുന്നതാണ്.

മായുമോ ഈ കാൽപാടുകൾ...നെഞ്ചിൽ ചവിട്ടേറ്റ പാടുകളുമായി മരിച്ചു കിടക്കുന്ന ഭാരതപ്പുഴ. വെള്ളം വറ്റിയപ്പോൾ മണൽപ്പരപ്പായി മാറിയ  പുഴയിൽ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. എട്ടുവർഷത്തിനു ശേഷം മണൽവാരലിന് അനുമതി നൽകിക്കൊണ്ട് ധനമന്ത്രി ബജറ്റ് പ്രഖ്യാപനം  നടത്തിയതോടെ  മണൽ മാഫിയ വീണ്ടും പിടിമുറുക്കുമോ എന്ന ആശങ്കയിലാണ് പ്രകൃതിസ്നേഹികൾ. ചിത്രം:സിബു ഭുവനേന്ദ്രൻ
മായുമോ ഈ കാൽപാടുകൾ...നെഞ്ചിൽ ചവിട്ടേറ്റ പാടുകളുമായി മരിച്ചു കിടക്കുന്ന ഭാരതപ്പുഴ. വെള്ളം വറ്റിയപ്പോൾ മണൽപ്പരപ്പായി മാറിയ പുഴയിൽ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. എട്ടുവർഷത്തിനു ശേഷം മണൽവാരലിന് അനുമതി നൽകിക്കൊണ്ട് ധനമന്ത്രി ബജറ്റ് പ്രഖ്യാപനം നടത്തിയതോടെ മണൽ മാഫിയ വീണ്ടും പിടിമുറുക്കുമോ എന്ന ആശങ്കയിലാണ് പ്രകൃതിസ്നേഹികൾ. ചിത്രം:സിബു ഭുവനേന്ദ്രൻ

വേനൽ മഴ ചതിച്ചു
 ചൂട് കാലത്ത് ആശ്വാസമാകേണ്ട വേനൽമഴ പ്രതീക്ഷിച്ചതുപോലെ ഇത്തവണ ലഭിച്ചില്ല. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം മാർച്ച് മാസം 66 ശതമാനം മഴയുടെ കുറവാണുണ്ടായത്. 10.1 മില്ലിലിറ്റർ‌ മഴയാണ് പെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മഴ പെയ്തിട്ടേയില്ല. 2019നു ശേഷം ഏറ്റവും കുറവു മഴ ലഭിച്ചത് ഈ വേനൽക്കാലത്താണ്. 43.8 മില്ലിലിറ്റർ മഴ പെയ്ത പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. സാധാരണ പത്തനംതിട്ടയിൽ ലഭിക്കുന്ന മഴയെക്കാൾ കുറവാണിത്. ശരാശരി ലഭിക്കേണ്ട മഴ പോലും ഏപ്രിലിലും ലഭിക്കാൻ സാധ്യതയില്ലെന്നാണ് പ്രവചനം.

ഇനിയെത്രനാൾ ഈ ഇത്തിരിപ്പച്ച... പച്ചപ്പു നിറഞ്ഞ വനാന്തരത്തിലൂടെയുള്ള കുളിരൻ ട്രെയിൻ യാത്ര മഴക്കാലമെത്തും വരെ ഓർമയാവുകയാണ്. വാളയാർ ഭാഗത്ത് ഇനി ഉണങ്ങാതെ അവശേഷിക്കുന്നത് ഇത്തിരി പച്ചത്തലപ്പുകൾ മാത്രം. മലയടിവാരത്തെ മരങ്ങൾ കരിഞ്ഞ് കറുപ്പുനിറമായിക്കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ ഉണക്കം ബാധിച്ച് തവിട്ടുപടർന്നു തുടങ്ങുകയാണ്. വേനലിൽ വെന്ത ട്രെയിൻ ബോഗികൾക്കുള്ളിൽ നിന്നു നോക്കിയാൽ മനസ്സു മടുപ്പിക്കുന്ന മരുക്കാഴ്ചകൾ മാത്രം. ചിത്രം∙സിബു ഭുവനേന്ദ്രൻ
ഇനിയെത്രനാൾ ഈ ഇത്തിരിപ്പച്ച... പച്ചപ്പു നിറഞ്ഞ വനാന്തരത്തിലൂടെയുള്ള കുളിരൻ ട്രെയിൻ യാത്ര മഴക്കാലമെത്തും വരെ ഓർമയാവുകയാണ്. വാളയാർ ഭാഗത്ത് ഇനി ഉണങ്ങാതെ അവശേഷിക്കുന്നത് ഇത്തിരി പച്ചത്തലപ്പുകൾ മാത്രം. മലയടിവാരത്തെ മരങ്ങൾ കരിഞ്ഞ് കറുപ്പുനിറമായിക്കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ ഉണക്കം ബാധിച്ച് തവിട്ടുപടർന്നു തുടങ്ങുകയാണ്. വേനലിൽ വെന്ത ട്രെയിൻ ബോഗികൾക്കുള്ളിൽ നിന്നു നോക്കിയാൽ മനസ്സു മടുപ്പിക്കുന്ന മരുക്കാഴ്ചകൾ മാത്രം. ചിത്രം∙സിബു ഭുവനേന്ദ്രൻ

ഏപ്രില‍ിൽ വലിയ മഴയുടെ സാധ്യതയില്ലെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.എസ്.അഭിലാഷ് പറയുന്നു. ചെറിയതോതിലെങ്കിലും മഴ പെയ്തില്ലെങ്കിൽ അത് വടക്കൻ ജില്ലകളെ വലിയതോതിൽ ബാധിക്കും. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ഭൂഗർഭതലത്തിൽ വെള്ളം കുറഞ്ഞോയെന്നതടക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും അഭിലാഷ് പറഞ്ഞു.

പ്രതീകാത്മക ചിത്രം (Photo by Damien MEYER / AFP)
പ്രതീകാത്മക ചിത്രം (Photo by Damien MEYER / AFP)

മൂന്നാറിലും രക്ഷയില്ല
തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട കേരളത്തിലെ ഊട്ടിയെന്ന് അറിയപ്പെടുന്ന മൂന്നാറിൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് 4 ഡിഗ്രി സെൽഷ്യസ് താപനില വർധിച്ചു. കഴിഞ്ഞദിവസം പകൽ താപനില 27 ഡിഗ്രി സെൽഷ്യസും രാവിലെ താപനില 11 ഡിഗ്രി സെൽഷ്യസുമായിരുന്നു. മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, മാർച്ച് ആദ്യം തന്നെ ഹിൽ സ്റ്റേഷനിൽ 28 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു.

കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

ചൂട് വർധിച്ചതോടെയാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. ചൂടും കാട്ടാനകളുടെ വരവും ടൂറിസ്റ്റുകളെ മൂന്നാറിൽ നിന്നും അകറ്റുന്നുവെന്നാണ് വർഷങ്ങളായി ടൂർ ഗൈഡായ വിനോദ് പറയുന്നത്. വേനൽ കടുത്തതോടെ ശുദ്ധജല ലഭ്യതയും ഇല്ലാതായി. 

വേനൽ രൂക്ഷമായിനു പിന്നാലെ വരണ്ട് തുടങ്ങിയ ചിറ്റൂർ പുഴയുടെ കൊടുമ്പ് പാലത്തിനു സമീപത്തു നിന്നുള്ള കാഴ്ച. നേരിയതോതിൽ പാറകൾക്കിടയിലൂടെ ഒഴുകി എത്തുന്ന വെള്ളം ആണ് സമീപവാസികൾ ഇപ്പോൾ കുളിക്കുവാനുൾപ്പടെ കൃഷിയവശ്യങ്ങൾക്കുമായും ഉപയോഗിക്കുന്നത്. ചിത്രം : ഗിബി സാം ∙ മനോരമ
വേനൽ രൂക്ഷമായിനു പിന്നാലെ വരണ്ട് തുടങ്ങിയ ചിറ്റൂർ പുഴയുടെ കൊടുമ്പ് പാലത്തിനു സമീപത്തു നിന്നുള്ള കാഴ്ച. നേരിയതോതിൽ പാറകൾക്കിടയിലൂടെ ഒഴുകി എത്തുന്ന വെള്ളം ആണ് സമീപവാസികൾ ഇപ്പോൾ കുളിക്കുവാനുൾപ്പടെ കൃഷിയവശ്യങ്ങൾക്കുമായും ഉപയോഗിക്കുന്നത്. ചിത്രം : ഗിബി സാം ∙ മനോരമ

എസിയില്ലാതെ പറ്റില്ല
നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ എസി കച്ചവടമാണ് ഇത്തവണത്തേതെന്നാണ് വ്യാപാരികളുടെ പക്ഷം. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ പല സ്ഥാപനങ്ങളിലും പറയുന്ന സമയത്ത് എസി കൊടുക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. എസി സ്ഥാപിക്കാനും ഒരാഴ്ചയോളം സമയമെടുക്കുന്നുണ്ട്.

ചൂടിൽനിന്നും രക്ഷനേടാൻ വയോധിക ഇളനീർ കുടിക്കുന്നു. പാലക്കാട് നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙മനോരമ
ചൂടിൽനിന്നും രക്ഷനേടാൻ വയോധിക ഇളനീർ കുടിക്കുന്നു. പാലക്കാട് നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙മനോരമ

എസി വിൽപ്പന വരുംദിവസങ്ങളിൽ ഇനിയും വർധിക്കുമെന്നും അത്തരത്തിലാണ് ചൂടെന്നും കോട്ടയം കുമരനെല്ലൂരിലെ മരിയ എയർകോൺ ഉടമ ബിനു മാത്യു പറയുന്നു. കഴിഞ്ഞവർഷം നാലര ലക്ഷം എസി യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇത്തവണ വിൽപന 5 ലക്ഷം കവിയുമെന്നാണ് കണക്കുക്കൂട്ടൽ. വിൽക്കുന്നതിൽ 70% ഒരു ടണ്ണിന്റെ എസി യൂണിറ്റാണ്. ഒന്നര ടണ്ണിന്റേത് 20%–25%. രണ്ട് ടൺ എസി യൂണിറ്റ് 5%.

കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙മനോരമ
കനത്ത ചൂടിൽ കണ്ണൂർ ചാല ബൈപാസിൽ ബസ്സിനായി കാത്തു നിൽക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙മനോരമ

വൈദ്യുതി ഉപഭോഗം കൂടുന്നു
ഓരോ ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് പിന്നിടുകയാണ്. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്. പ്രതിദിന ഉപഭോഗം 110 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കുകയാണ്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്.

ചെറായി ബീച്ചിൽ സൂര്യാതപം ഏറ്റ യുവതിയുടെ മുഖം പൊള്ളിയ നിലയിൽ.
ചെറായി ബീച്ചിൽ സൂര്യാതപം ഏറ്റ യുവതിയുടെ മുഖം പൊള്ളിയ നിലയിൽ.

300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൂടത്ത് അതനുസരിക്കാൻ ആരും തയാറാകില്ലയെന്നതാണ് യാഥാർഥ്യം. 

1410976365

അണക്കെട്ടുകൾ ശോകം
വേനൽ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. വൈദ്യുതി വ​കു​പ്പ് അണക്കെട്ടുകളിൽ ശരാശരി 46 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. ഇത് ഉപയോഗിച്ച് 1901 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉൽപാദിക്കാനാവുകയുള്ളൂ.

ചൂടു വലയം...
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടി ചൂടി നിൽക്കുന്ന ലൈഫ് ഗാർഡ്. ചിത്രം: ഹരിലാൽ ∙ മനോരമ
ചൂടു വലയം... കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുടി ചൂടി നിൽക്കുന്ന ലൈഫ് ഗാർഡ്. ചിത്രം: ഹരിലാൽ ∙ മനോരമ

സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2348.7 അടിയിലെത്തി. ഇത് പൂർണസംഭരണ ശേഷിയുടെ 45 ശതമാനമാണ്. 


വേനലിന്റെ നിറം....
കണ്ണൂർ ഇപ്പോൾ കടുത്ത വേനലിന്റെ വരവറിയിച്ചു തുടങ്ങി. കനത്ത ചൂടിനൊപ്പം പുല്ലുകളും ചെടികളും വാടി ഉണങ്ങിയ ഭൂപ്രകൃതിയാണ് പലയിടങ്ങളിലും. പരിയാരം അമ്മാനപ്പാറയിൽ നിന്നുള്ള ദൃശ്യം.
ചിത്രം: ധനേഷ് അശോകൻ∙മനോരമ
വേനലിന്റെ നിറം.... കണ്ണൂർ ഇപ്പോൾ കടുത്ത വേനലിന്റെ വരവറിയിച്ചു തുടങ്ങി. കനത്ത ചൂടിനൊപ്പം പുല്ലുകളും ചെടികളും വാടി ഉണങ്ങിയ ഭൂപ്രകൃതിയാണ് പലയിടങ്ങളിലും. പരിയാരം അമ്മാനപ്പാറയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ധനേഷ് അശോകൻ∙മനോരമ

കടലിൽ മീനില്ല
ചൂട് കനക്കുന്നത് മത്സ്യബന്ധന മേഖലയെയും ബാധിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തിൽ വെള്ളത്തിന്‍റെ ഊഷ്മാവ് വർധിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു. തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം. ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതോടെ ചെറുതോണികളിൽ മീൻ പിടിച്ച്ഉ പജീവനം നടത്തുന്നവർക്ക് മീൻ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വലിയ ബോട്ടുകൾ കടലിൽ പോകുമ്പോൾ മത്സ്യം ലഭിക്കാതെ വരുന്നതോടെ വലിയ നഷ്ടമാണ് തൊഴിലാളികൾ നേരിടുന്നത്. ഇന്ത്യൻ ഓഷൻ ഡൈപോളാർ എന്ന പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ.കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. 
ചിത്രം: ധനേഷ് അശോകൻ∙മനോരമ
കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ.കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. ചിത്രം: ധനേഷ് അശോകൻ∙മനോരമ

ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടിടങ്ങൾ തമ്മിൽ താപനിലയിൽ വ്യത്യാസം ഉണ്ടാവുന്നതാണ് ഓഷൻ ഡൈപോളാർ. ഇത്തരം സാഹചര്യം വരുമ്പോൾ ചൂട് കൂടിയ ഇടത്തുനിന്നും ചൂടു കുറഞ്ഞ പ്രദേശത്തേക്ക് മത്സ്യങ്ങൾ പോകും. ഇതോടെ ഓഷൻ ഡൈപോളാർ പോസിറ്റീവായ പ്രദേശത്തെ ചെറു മത്സ്യങ്ങളെല്ലാം അപ്രത്യക്ഷമാകും. ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധന മേഖലയിൽ വേണ്ടത്ര വളർച്ച ഉണ്ടായിരുന്നില്ല. അതിനിടെ താപനിലയിലെ വർധനവ് കൂടി വല കാലിയാക്കിയതോടെ മത്സ്യത്തൊഴിലാളികളുടെ കീശ കാലിയായി.



ഹൊ എന്തൊരു ചൂട്...
കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം: ധനേഷ് അശോകൻ∙മനോരമ
ഹൊ എന്തൊരു ചൂട്... കനത്ത വെയിലിൽ കണ്ണൂർ ചാലയിൽ ദേശീയപാതയുടെ നിർമാണ ജോലിയ്ക്കിടെ സൂര്യനെ നോക്കുന്ന തൊഴിലാളി. ചിത്രം: ധനേഷ് അശോകൻ∙മനോരമ
English Summary:

Heavy summer in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com