ADVERTISEMENT

കൊച്ചി ∙ പാനൂർ ബോംബ് സ്ഫോടനക്കേസിൽ പാർട്ടിക്കുള്ള ബന്ധം വിവാദമാകവേ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെയാണു ഗോവിന്ദൻ ന്യായീകരിച്ചത്.

‘‘പാനൂരില്‍ സന്നദ്ധ പ്രവര്‍ത്തകനാണു പിടിയിലായത്. സിപിഎം നേതാക്കളുടെ സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂ. സ്ഫോടനം നടന്ന സ്ഥലത്ത് ഡിവൈഎഫ്ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണ്. പൊലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ നിരപരാധിയാണ്.’’– പൊതുപരിപാടിയിൽ എം.വി.ഗോവിന്ദൻ പറഞ്ഞു. ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് അറിയില്ലെന്നും ഇതിൽ പാർട്ടിക്കു ബന്ധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്.

സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ബോംബ് നി‍ർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു പിണറായിയുടെയും ഗോവിന്ദന്റെയും പ്രതികരണം. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (26), മിഥുൻലാൽ (28) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് അമൽ ബാബു സ്ഥലത്തുണ്ടായിരുന്നെന്നും മിഥുൻലാലിനു ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.

ബോംബ് നിർമാണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനു വേണ്ടി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.െക.സുധീർകുമാർ, എൻ.അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണു ഷെറിന്റെ വീട്ടിലെത്തിയത്.

English Summary:

CPM State Secretary M.V.Govindan came up with a justification in the Panoor bomb blast case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com