നിലത്തുവിരിച്ച കിടക്കയിൽ കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കുട്ടികൾ; തൊട്ടടുത്ത് സജനയും: ഞെട്ടൽ മാറാതെ ചെമ്പ്രകാനം
Mail This Article
കാസർകോട്∙ സജനയുടെയും മക്കളുടെയും മരണത്തിന്റെ ഞെട്ടൽമാറാതെ ചീമേനി ചെമ്പ്രകാനം ഗ്രാമം. പഞ്ചായത്ത് ക്ലർക്കായ സജന (32)യുടെയും മക്കളായ ഗൗതം (8), തേജസ് (4) എന്നിവരുടെയും മരണവിവരം ഉച്ചയോടെയാണു പുറംലോകം അറിഞ്ഞത്. വീട്ടുവളപ്പിൽ പണിയെടുക്കുകയായിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ തിരികെ വീട്ടിലെത്തിയപ്പോൾ സജനയെയും മക്കളെയും മരിച്ച നിലയിൽ കാണുകയായിരുന്നു.
പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടികളെ നിലത്തുവിരിച്ച കിടക്കയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയുടെ മൃതദേഹം തൊട്ടടുത്തു തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയശേഷം സജന തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സജനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പക്ഷേ, ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പെരിങ്ങോം–വയക്കര പഞ്ചായത്തിലെ ക്ലർക്കാണ് സജന. ജോലിക്ക് എത്താത്തതിനെ തുടർന്ന് സജനയെ വിളിച്ചിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്നു സഹപ്രവർത്തകര്‍ പറഞ്ഞു. ചീമേനി വിവേകാനന്ദ മന്ദിരത്തിലെ വിദ്യാർഥികളാണ് ഗൗതമും തേജസും.
പോയ്യംങ്കോട് കെഎസ്ഇബി ഓഫിസിലെ ഓഫിസിലെ സബ് എന്‍ജീനീയറായ ടി. എസ്. രൻജിത്താണ് സജനയുടെ ഭർത്താവ്.