ADVERTISEMENT

കൊച്ചി∙ മൂവാറ്റുപുഴയിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം നാലാം ദിവസവും മോര്‍ച്ചറിയിൽ തന്നെ. ഉറ്റ ബന്ധുക്കൾ എത്താതെ മൃതദേഹം കൈമാറാൻ സാധിക്കില്ല എന്നതിനാലാണു മൃതദേഹം ഇപ്പോഴും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ 4 ഫ്രീസറാണു മൃതദേഹം സൂക്ഷിക്കാനുള്ളത്. സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിന് എത്താൻ സാധിച്ചില്ലെങ്കിൽ മൃതദേഹം കേരളത്തിൽ തന്നെ സംസ്കരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

ഈ മാസം അഞ്ചിനു രാത്രിയാണ് മൂവാറ്റുപുഴയിലെ വാളകത്ത് പെൺസുഹൃത്തിനെ കാണാനെത്തിയ അരുണാചൽ പ്രദേശ് സ്വദേശിയായ അശോക് ദാസിനെ നാട്ടുകാർ കെട്ടിയിട്ടു മര്‍ദിച്ചു കൊന്നത്. നെഞ്ചിലും കഴുത്തിലുമേറ്റ മർദനങ്ങളാണു മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാട്ടുകാരായ 10 പേര്‍ സംഭവത്തിൽ അറസ്റ്റിലായി. 

അഞ്ചിനു രാത്രിയോടെ മര്‍ദനമേറ്റ അശോക് ദാസിനെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അന്നു മുതല്‍ മൃതദേഹം ആശുപത്രി മോർച്ചറിയിലാണ്. മാതാപിതാക്കളും ഒരു സഹോദരിയുമാണ് ഇയാള്‍ക്കുള്ളത്. സഹോദരിയുടെ ഭർത്താവ് കൃഷ്ണദാസാണ് ഇപ്പോള്‍ മൃതദേഹത്തിന്റെ കാര്യത്തിൽ അധികൃതരുമായി സംസാരിക്കുന്നത്. സഹോദരീ ഭർത്താവിന്റെ ബെംഗളുരുവിലുള്ള സുഹൃത്തുക്കൾ വഴിയാണ് അശോക് ദാസ് കേരളത്തിൽ ജോലിക്കെത്തിയത്. ബെംഗളുരുവിൽനിന്ന് ഈ സുഹൃത്തുക്കൾ മൂവാറ്റുപുഴയിൽ എത്തിയെങ്കിലും ബന്ധുക്കൾ അല്ലാത്തതിനാൽ മൃതദേഹം കൈമാറാൻ നിയമം അനുവദിക്കുന്നില്ല. 

അശോക് ദാസിന്റെ കുടുംബത്തിലുള്ളവർ കേരളത്തിലെത്തുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പരാധീനതയാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം. എങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ട്രെയിൻ മാർഗം കേരളത്തിലെത്താൻ ഇവർ ശ്രമിക്കുന്നുണ്ട് എന്നാണു വിവരം. ബന്ധുക്കള്‍ കേരളത്തിലെത്തിയാൽ തന്നെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോകണമെങ്കിൽ വലിയ ചെലവു വരും. ഇതു താങ്ങാനുള്ള സാമ്പത്തിക ശേഷിയും കുടുംബത്തിനില്ല. അതുകൊണ്ടു തന്നെ അശോക് ദാസിന്റെ മൃതദേഹത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മൃതദേഹം അരുണാചലിലേക്കു കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ ഉപജീവനം തേടി വന്ന മണ്ണിൽ തന്നെ അശോക് ദാസിനെ സംസ്കരിക്കേണ്ടി വരുമെന്നാണ് ഇവരോടു ബന്ധപ്പെട്ടവർ പറയുന്നത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഇവർ അധികൃതരോടും അഭ്യർഥിച്ചിട്ടുണ്ട്.

വാളകത്തെ ഹോട്ടലിൽ ചൈനീസ് കുക്കായി നേരത്തേ ജോലി ചെയ്തിരുന്ന അശോക് ദാസ് കൂടെ ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ കാണാൻ വാളകത്ത് എത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ച അശോക് ദാസും പെൺസുഹൃത്തിന്റെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അലമാരയിൽ ഇടിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞ കയ്യുമായി പുറത്തു വന്ന അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച അശോക് ദാസിനെ ആൾക്കൂട്ടം ഓടിച്ചിട്ടു പിടിച്ച് കെട്ടിയിടുകയായിരുന്നു. ഇതിനിടയിൽ ഏറ്റ ക്രൂരമായ മര്‍ദനമാണു മരണത്തിനു കാരണമായത്. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ കയ്യിൽ മാത്രമേ മുറിവ് ഉണ്ടായിരുന്നുള്ളൂ എന്ന് പെൺസുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു.

English Summary:

Unclaimed in Death: Non-State Worker's Body Left in Kochi Morgue Following Mob Lynching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com