ശിവസേന 21 സീറ്റുകളിൽ മത്സരിക്കും, കോൺഗ്രസിനു 17, എൻസിപിക്ക് 10; മഹാരാഷ്ട്രയിൽ ചർച്ചകൾ പൂർത്തിയായി
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കി മഹാ വികാസ് അഘാഡി സഖ്യം. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിനാണ് സിംഹഭാഗവും സീറ്റുകൾ. 21 സീറ്റുകളിലാകും ഉദ്ധവിന്റെ പാർട്ടി മത്സരിക്കുക. കോൺഗ്രസ് 17 സീറ്റുകളിലും ശരദ് പവാറിന്റെ എൻസിപി 10 സീറ്റുകളിലും മത്സരിക്കും. നോർത്ത് വെസ്റ്റ്, സൗത്ത് സെൻട്രൽ, സൗത്ത്, സൗത്ത് ഈസ്റ്റ് എന്നീ മുംബൈയിലെ ആറ് സീറ്റുകളിൽ നാലിലും താക്കറെയുടെ ശിവസേന മത്സരിക്കും. നോർത്ത്, നോർത്ത് സെൻട്രൽ എന്നീ രണ്ട് സീറ്റുകള്‍ കോൺഗ്രസിനു ലഭിച്ചു.
ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ശരദ് പവാർ പറഞ്ഞു. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഈ കരാറിലെത്തിയതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജൻ ആഘാഡി, മഹാ വികാസ് അഘാഡി സഖ്യവുമായി ദീർഘനേരം ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. പ്രകാശ് അംബേദ്ക്കർ അഞ്ചു സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും രണ്ടു സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്നായിരുന്നു മഹാവികാസ് അഘാഡി നേതാക്കൾ അറിയിച്ചത്. ‘അവർ എന്തൊക്കെയോ മറച്ചുവയ്ക്കുകയാണ്. അവർക്കിടയിൽ ഒരു തുറന്നുപറച്ചിലും ഇല്ല. അവർ ഒരുമിച്ച് നിൽക്കുമോ എന്നതാണ് ചോദ്യം’ – എന്നായിരുന്നു പ്രകാശ് അംബേദ്കറുടെ പ്രതികരണം.