ADVERTISEMENT

മൂന്നു ജില്ലകളിലായി പരന്നു കിടക്കുന്ന മാവേലിക്കരയിൽ ഇത്തവണ പരിചയ സമ്പത്തും യുവത്വവും തമ്മിലുള്ള തീപാറും പോരാട്ടമാണ്.  വടക്ക് ചങ്ങനാശേരി മുതൽ തെക്ക് പത്തനാപുരം വരെയാണ് മാവേലിക്കര മണ്ഡലം. ഇടയ്ക്ക് കേരളത്തിന്റെ നെല്ലറയായ കുട്ടനാട്. എൻഎസ്എസിനും കെപിഎംഎസിനും എസ്എൻഡിപിക്കും വിവിധ ക്രൈസ്തവ സംഘടനകൾക്കുമെല്ലാം വേരോട്ടമുള്ള മണ്ണ് കൂടിയാണ് മാവേലിക്കര. 

കോൺഗ്രസിന്റെ ഏറ്റവും തലമുതിർന്ന എംപിമാരിലൊരാളാണ് കൊടിക്കുന്നിൽ സുരേഷ്. നാലു തവണ അടൂർ മണ്ഡലത്തിൽ നിന്നു വിജയിച്ചിട്ടുള്ള കൊടിക്കുന്നിൽ മാവേലിക്കരയിലും ഹാട്രിക് വിജയം നേടി. നാലാം തവണയും അങ്കത്തട്ടിലിറങ്ങുമ്പോൾ കൊടിക്കുന്നിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 

ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും നിലനിർത്താൻ ഇന്ത്യാ സഖ്യം അധികാരത്തിൽ വരേണ്ടതുണ്ട് എന്നാണ് കൊടിക്കുന്നിൽ പറയുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെങ്കിൽ കോൺഗ്രസിന് കൂടുതൽ എംപിമാരുണ്ടാകണം. രണ്ടോ മൂന്നോ എംപിമാരുള്ള ഇടതുപക്ഷത്തിന് മോദി സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമോ എന്ന് കൊടിക്കുന്നിൽ ചോദിക്കുന്നു.

ഇത്തവണ ഏതു വിധേനയും മാവേലിക്കര പിടിക്കുമെന്ന വാശിയിലാണ് ഇടതുപക്ഷം. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് നേതാവുമായ സി.എ.അരുൺകുമാറിന്റെ പത്രികാ സമർപ്പണത്തിന് എത്തിയ ഇടതു നേതാക്കളുടെ നിര അതിന് സാക്ഷ്യമാണ്. 

മന്ത്രിമാരായ കെ.എൻ.വേണുഗോപാൽ, സജി ചെറിയാൻ, പി.പ്രസാദ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,എംഎൽഎമാരായ എം.എസ്.അരുൺ കുമാർ, ജോബ് എം.മൈക്കിൾ, കോവൂർ കുഞ്ഞുമോൻ, നേതാക്കളായ സി.എസ്.സുജാത, ശോഭന ജോർജ് തുടങ്ങി മണ്ഡലത്തിലെ ഒട്ടുമിക്ക ഇടതു നേതാക്കളും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.

അടുത്തിടെ കോൺഗ്രസിൽ നിന്നും ബിഡിജെഎസിലെത്തിയ ബൈജു കലാശാലയാണ് എൻഡിഎ സ്ഥാനാർഥി. നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളും അദ്ദേഹം പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതുമാണ് തന്നെ എൻഡിഎയിലേക്ക് ആകർഷിച്ചത് എന്ന് ബൈജു കലാശാല പറയുന്നു.

English Summary:

Vote on Wheels at Mavelikkara constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com