ADVERTISEMENT

തിരുവനന്തപുരം∙ വരും ദിവസങ്ങളിൽ വേനൽമഴ കൂടുതലായി ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. ഏപ്രിൽ മാസത്തിലെ പ്രവചനം അനുസരിച്ച് ചൂട് പതിവിലും കൂടുതലായിരിക്കും. മഴ കുറവായിരിക്കും. ഇതെല്ലാം എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാരണമാണെന്നും കെ.സന്തോഷ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. എല്‍നിനോ ദുര്‍ബലമായി തുടങ്ങിയെന്നും താപനിലയില്‍ കുറച്ചു കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പസിഫിക് സമുദ്രത്തിന്റെ ഉപരിതലം അസാധാരണമായി ചൂടാകുന്നതാണ് ഇന്ത്യന്‍ ഭാഗത്ത് താപനില കൂടാന്‍ കാരണം.

∙ ഈർപ്പം കൂടുന്നതിനാൽ അസ്വസ്ഥതയുണ്ടാക്കുന്ന അന്തരീക്ഷ സ്ഥിതിയാണ്. ഇതിന്റെ കാരണങ്ങളെന്താണ്?

നിലവിൽ മഴ ലഭിക്കാനുള്ള അനുകൂല സാഹചര്യങ്ങളുണ്ട്. ഇടിമിന്നൽ മേഘങ്ങളും രൂപപ്പെടാനുള്ള സാഹചര്യമുണ്ട്. അന്തരീക്ഷത്തിലെ വ്യത്യസ്ത സാഹചര്യങ്ങളും ഈർപ്പവുമെല്ലാം മഴ ലഭിക്കാനുള്ള സാധ്യതകളെ വർധിപ്പിക്കുന്നു. കടലിൽനിന്നുള്ള ഈർപ്പമുള്ള കാറ്റ് കരയിലേക്ക് എത്തുന്നുണ്ട്. കാറ്റിന്റെ ഗതിയും അനുകൂലമാണ്. നല്ല ചൂടുള്ളതിനാൽ ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരുന്നുണ്ട്. നീരാവി നിറഞ്ഞ ചൂടുള്ള വായു മുകളിലേക്ക് ഉയർന്ന് ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടും. പിന്നീട് മഴയുണ്ടാകും. പലയിടത്തും ഇപ്പോൾ മഴ കിട്ടുന്നുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം ഏപ്രിൽ, മേയ് മാസത്തിൽ കൂടും. നമ്മുടെ കാലാവസ്ഥാ രീതി അങ്ങനെയാണ്. മഴയ്ക്ക് മുൻപായുള്ള ഇത്തരം അന്തരീക്ഷ ഘടകങ്ങളാണ് അന്തരീക്ഷ ഈർപ്പം വർധിപ്പിക്കുന്നത്. 

∙ വേനൽ മഴ വരും ദിവസങ്ങളിൽ കൂടുതലായി ലഭിക്കുമോ?

വേനൽ മഴ കിട്ടി തുടങ്ങി. ഇനി കൂടുതലായി കിട്ടും. സീസൺ മുന്നോട്ടു പോകുംതോറും കൂടുതൽ വേനൽ മഴ കിട്ടാനുള്ള അനുകൂല സാഹചര്യമാണ് ഉണ്ടാകുന്നത്. ഇന്നലെ എറണാകുളം ജില്ലയിൽ നല്ല മഴ ലഭിച്ചു.

∙ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴ ഇത്തവണ ലഭിക്കുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. അങ്ങനെ വിലയിരുത്തലുണ്ടോ?

കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ തയാറായിട്ടില്ല. അതിന്റെ പ്രവർത്തനം നടക്കുന്നതേയുള്ളൂ.

∙ തൃശൂർ വെള്ളാനിക്കരയിൽ കഴിഞ്ഞ ദിവസം സാധാരണയെക്കാൾ 5.2 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തിയെന്ന് പ്രവചനമുണ്ട്. ഇത്രയും ചൂട് പെട്ടെന്നു കൂടുന്നതിനു കാരണമെന്താണ്?

അത് ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ദീർഘകാല ശരാശരിയിൽനിന്നുള്ള വ്യതിയാനമാണ്. എബൗ നോർമലെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ പറയുന്നത്. അത് തെറ്റിദ്ധരിച്ച് ഒരു ദിവസം കൊണ്ട് 5 ഡിഗ്രി കൂടി എന്നൊക്കെ വ്യാഖ്യാനിക്കുന്നതാണ്. ദീർഘകാല ശരാശരിയിൽനിന്ന് 5 ഡിഗ്രി ഉയർന്നു എന്നു മാത്രമേയുള്ളൂ.

∙ പതിവിലും ചൂട് കൂടുന്നതിന് കാരണമെന്താണ്?

മാർച്ച് 21, സെപ്റ്റംബർ 22– സൂര്യരശ്മികൾ ഭൂമധ്യരേഖയിൽ വരുന്ന സമയമാണ്. മാർച്ച് കഴിഞ്ഞുള്ള സമയത്ത് കേരളത്തിനു മുകളിലാണ് സൂര്യന്റെ രശ്മികൾ തീഷ്ണമായി പതിക്കുന്നത്. അതിനാൽ താപനില കൂടും. വേനൽ മഴ കിട്ടിയാലേ താപനില കൂറയൂ.

∙ മാർച്ചിലെ താപനില നോക്കിയാൽ 2016ൽ 40.7 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന ചൂട്. പീന്നീട് 2024ലാണ് 40.6 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയിലേക്ക് എത്തുന്നത്. ചൂട് കൂടുന്നതിന്റെ ഘടകങ്ങളെന്താണ്?

എൽനിനോ പ്രതിഭാസമാണ് ചൂട് കൂടുന്നതിലെ പ്രധാന ഘടകം. പസിഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയ്ക്ക് ചുറ്റുമായി സമുദ്രത്തിന്റെ ഉപരിതലം അസാധാരണമായി ചൂടാകുന്നതിനെയാണ് എൽനിനോ പ്രതിഭാസമെന്ന് പറയുന്നത്. നിശ്ചിത വർഷങ്ങളുടെ ഇടവേളയിലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. എൽനിനോ കാരണമാണ് ഇന്ത്യൻ ഭാഗത്ത് താപനില കൂടി നിൽക്കുന്നത്.


∙എൽനിനോ ദുർബലമാകുന്നത് കാലവർഷത്തിന് അനുകൂല ഘടകമാണോ

എൽനിനോ ദുർബലമായി തുടങ്ങി. അതിനാൽ താപനിലയിൽ കുറച്ച് കുറവുണ്ടാകും. എന്നാൽ, ഏപ്രിൽ മാസത്തിലെ പ്രവചനം അനുസരിച്ച് ചൂട് പതിവിലും കൂടുതലായിരിക്കും. മഴയും കുറവായിരിക്കും. ഇതെല്ലാം എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാരണമാണ്. കാലവർഷം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കാലാവസ്ഥ പ്രതിഭാസമാണ്. കാലവർഷത്തിൽ വേനൽകാലത്തെ അന്തരീക്ഷ സാഹചര്യങ്ങളല്ല. കാറ്റിന്റെ  രീതി വ്യത്യാസപ്പെടും. ആ മാറ്റങ്ങൾ വന്നു തുടങ്ങാൻ പോകുന്നതേയുള്ളൂ. മേയ് പത്തു കഴിഞ്ഞേ കാലവർഷത്തിന്റെ അനുകൂല സാഹചര്യങ്ങൾ പ്രകടമാകൂ. എൽനിനോ ദുർബലമാകുന്നതും കാലവർഷവുമായി ബന്ധമില്ല.

∙ മാന്വലായി താപനില രേഖപ്പെടുത്തുന്ന വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ കൂടുതലാണ് ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്നത്. സെൻസറുകളുടെ തകരാറാണിതെന്നാണ് അറിയുന്നത്. എന്തു നടപടിയാണ് സ്വീകരിക്കുന്നത്?

നടപടികൾ സ്വീകരിച്ചു വരുന്നു. ഘട്ടംഘട്ടമായേ നടപടി സ്വീകരിക്കാൻ കഴിയൂ.

English Summary:

El Nino starting to weaken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com