ADVERTISEMENT

പെട്ടെന്നാണ് പത്തനംതിട്ട മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായത്. സിറ്റിങ് എംപി ആന്റോ ആന്റണിയെ തന്നെ കോൺഗ്രസ് ദൗത്യം ഏൽപ്പിച്ചപ്പോൾ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ സിപിഎം കളത്തിലിറക്കി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അനിൽ ആന്റണിയെ ബിജെപി പ്രഖ്യാപിച്ചതോടെ കളം മാറി. അതോടെ പത്തനംതിട്ട മത്സരം ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നു. പി.സി. ജോർജിന്റെ ഇടച്ചിലിനു പിന്നാലെ ഇ.ഡി പരിശോധനയുടെ പേരിൽ തോമസ് ഐസക്കിന്റെ നിയമയുദ്ധം ഒരു വശത്ത്. അതിനിടെ മകൻ അനിൽ ആന്റണി ജയിക്കരുതെന്നു തന്നെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ തുറന്നു പറച്ചിലും വന്നു.

ഒടുവിൽ അനിൽ ആന്റണിക്കെതിരെ വെളിപ്പെടുത്തലുമായി ടി.ജി. നന്ദകുമാർ രംഗത്തെത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പത്തനംതിട്ടയിലെ മത്സരം ഏവരും ശ്രദ്ധിച്ചിരുന്നു. അത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു. എല്ലാവരും ഉറ്റു നോക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ മത്സരം എങ്ങനെ. മലയാള മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു നടത്തിയ ഓട്ടപ്രദക്ഷിണം. 

∙ അല്ല എന്തിനാണ് ഈ ബഹളം, ഞങ്ങൾ എല്ലാം തീരുമാനിച്ചതല്ലേ 

കോട്ടയം-കുമളി റൂട്ടിൽ പോയാൽ വഴിനീളെ സ്ഥാനാർഥികളുടെ ചിരിക്കുന്ന ചിത്രങ്ങൾ തുടർച്ചയായി കണ്ടു കണ്ട് പോകാം. പക്ഷേ വാഴൂർ നെടുമാവ് മുതൽ കളം മാറും. നല്ല തട്ടുപൊളിപ്പൻ സിനിമയ്ക്കിടെ ഫിലിംസ് ഡിവിഷൻ ചിത്രം വന്ന പ്രതീതി. തിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടും ഇല്ലാതെ അങ്ങിങ് ചില പോസ്റ്ററുകൾ മാത്രം. അവിടം മുതൽ പത്തനംതിട്ട മണ്ഡലമാണ്. ജില്ല കോട്ടയമാണെങ്കിലും ഈരാറ്റുപേട്ട നഗരസഭയും 17 പഞ്ചായത്തുകളും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ്. ഇതിൽ എട്ട് പഞ്ചായത്തും ഒരു നഗരസഭയും പൂഞ്ഞാറിലും, ഒൻപത് പഞ്ചായത്തുകൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.

ആന്റോ ആന്റണി,തോമസ് ഐസക്,അനിൽ ആന്റണി
ആന്റോ ആന്റണി,തോമസ് ഐസക്,അനിൽ ആന്റണി

പ്രാദേശിക തലത്തിൽ ചില പ്രചാരണം നടന്നതല്ലാതെ കാടിളക്കിയുള്ള ഒരു പരിപാടിയും കാണാത്തതിന്റെ പരിഭവത്തിലുമാണ് ഇവിടെ വോട്ടർമാർ. ഇനിയും ആഴ്ചകളുണ്ടല്ലൊ, നല്ല ചൂടല്ലേ, പെരുന്നാളും നോമ്പുമല്ലേ തുടങ്ങി തണുപ്പൻ പ്രചാരണത്തിന്റെ കാരണങ്ങൾ പലതും ഉയർന്നു കേൾക്കുന്നുണ്ട്. നീളൻ പ്രചാരണം നടത്താൻ വേണ്ട വൻ സാമ്പത്തിക ചെലവും പ്രധാന ഘടകമാണ്. 

"ഒരു കൂട്ടർ എത്തി നോട്ടീസ് തന്നതല്ലാതെ കാര്യമായ പ്രചാരണം ഒന്നുമില്ല. ഇനി വരുമായിരിക്കും. രാവിലെ പതിനൊന്നുവരെയും വൈകിട്ട് നാലു മണി മുതലുമല്ലേ പ്രചാരണം നടക്കൂ. അത്രയ്ക്കു ചൂടല്ലേ. രാത്രി പന്ത്രണ്ടായാൽ പോലും ഭിത്തിച്ചൂട് മാറില്ല"- 26-ാം മൈൽ അരീപ്പറമ്പിൽ വീട്ടിൽ സണ്ണി(70) പറഞ്ഞു. ഭാര്യ ജയ്നമ്മയും അതു ശരിവച്ചു. ആറ് വോട്ട് ഉള്ളതിനാൽ പാർട്ടിക്കാർ എത്താതിരിക്കില്ല എന്നാണ് സണ്ണിയുടെ ഉറച്ച വിശ്വാസം. എന്നാൽ മകൻ റോബിന്(26) പ്രചാരണങ്ങളിലൊന്നും വലിയ വിശ്വാസമില്ല.

യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് മന്ദമരുതിയിൽ നൽ‌കിയ സ്വീകരണം.
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് മന്ദമരുതിയിൽ നൽ‌കിയ സ്വീകരണം.

“വലിയ ബഹളം വച്ചുള്ള പ്രചാരണമെല്ലാം അരോചകമായിട്ടാണ് തോന്നുന്നത്. ഓരോരുത്തരും എല്ലാം തീരുമാനിച്ചിട്ടുണ്ടാവുമല്ലൊ,പിന്നെ എന്തിനാ ബഹളം”-കോട്ടയത്ത് വാഹന ഷോറൂമിൽ ജോലി ചെയ്യുന്ന റോബിൻ പറഞ്ഞു.

∙ മതിൽ പകുത്ത് മുഹമ്മദ് കുട്ടി തുല്യത പാലിച്ചു 

പാറത്തോട് പഞ്ചായത്തിൽ സ്ഥാനാർഥികൾ എത്തിയില്ലെങ്കിലും പാലപ്ര ടോപ്പിൽ പുലി എത്തിയതായി വാർത്ത പരന്നു. മുക്കിലിയിൽ ഒരു വീടിന്റെ മതിലിന്റെ ഒരു ഭാഗം എൽഡിഎഫും മറുപാതി യുഡിഎഫും കയ്യടക്കിയിരിക്കുകയാണ്. "എല്ലാവരെയും വേണമല്ലൊ" എന്ന പക്ഷക്കാരനാണ് മതിൽ ഉടമ മുൻപ്രവാസിയായ മുഹമ്മദ് കുട്ടി. മതിലിന്റെ ഒരു ഭാഗത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ ചിഹ്നവും വോട്ടഭ്യർഥനയും വരച്ചു കഴിഞ്ഞു.

യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതി സ്ഥാനാർഥി ആന്റോ ആന്റണിയുടെ രണ്ടു പോസ്റ്റർ മാത്രം ഒട്ടിച്ചിട്ടുണ്ട്. ഇവിടെ എൽഡിഎഫ് മാത്രം പ്രചാരണത്തിന് എത്തിയതായി വാഴൂർ എൻഎസ്എസ് കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ കെ.വി അഭിലാഷ് പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇവിടെ ചില വീടുകൾ സന്ദർശിച്ചിട്ടുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് കോന്നിയിൽ നടത്തിയ റോഡ് ഷോ.
എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് കോന്നിയിൽ നടത്തിയ റോഡ് ഷോ.

മുണ്ടക്കയത്തേക്കുള്ള യാത്രയിൽ ഇടച്ചോറ്റി ഭാഗത്ത് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ ചിരിതൂകുന്ന ചില പോസ്റ്ററുകൾ കണ്ടു. ഇവിടെയും പക്ഷേ പ്രചാരണം നടന്നിട്ടില്ല. ചിറ്റടി കവലയിലും മുന്നണികളുടെ പോസ്റ്ററുകൾ. മുണ്ടക്കയത്ത് മണിമലയാർ വരണ്ടുണങ്ങി ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ "കല്ലാറായി" കിടക്കുന്നു.  പ്ലാസ്റ്റിക്കിൽ മാലിന്യം കെട്ടിയെറിഞ്ഞു കിടക്കുന്നതു പോലെ വലിയ പാലത്തിന് സമീപം ഇവയെല്ലാം പലയിടത്തായി കൂനകൂടി കിടക്കുന്നുണ്ട്.

“പാർട്ടിക്കാരെക്കാൾ കൂടുതൽ ഇവിടെ കാണുന്നത് വണ്ടി പരിശോധന നടത്തുന്ന തിരഞ്ഞെടുപ്പ് സ്ക്വാഡ്കാരെയാണ്. ഇടതുപക്ഷ പ്രവർത്തകർ ആദ്യ ഘട്ടത്തിൽ എത്തിയതല്ലാതെ പിന്നീട് കാര്യമായ പ്രചാരണങ്ങളൊന്നും നടത്തിയിട്ടില്ല” പാലത്തിന് മറുകരെയുള്ള കോസ് വേ ജങ്ഷനിലെ ഹോട്ടൽ മാനേജർ പി.വി രാഹൂൽ പറഞ്ഞു. ഹോട്ടലിന് മുൻവശത്ത് വെള്ളം കുലംകുത്തി ഒഴുകിയിരുന്ന മണിമലയാർ ഇവിടെ "മണലാറായി” കിടപ്പുണ്ട്.എതിരെയുള്ള പഞ്ചായത്ത് കെട്ടിടത്തിൽ 2019 ലെ വെള്ളപ്പൊക്കം വരച്ച പാട് ഇപ്പോഴുമുണ്ട്. ഭീതിയുടെ, വേദനയുടെ അടയാളം കൂടിയാണത്.

എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി തിരുവല്ല നിരണത്ത് പ്രചാരണത്തിനിടെ.
എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി തിരുവല്ല നിരണത്ത് പ്രചാരണത്തിനിടെ.

എരുമേലിയിലേക്കുള്ള റോഡിൽ പുലിക്കുന്ന്, അമരാവതി പ്രദേശങ്ങളിൽ അങ്ങിങ്ങ് സ്ഥാനാർഥികളുടെ പോസ്റ്ററുകളുണ്ട്. അവിടെ സൌഹൃദം ടീ ഷോപ്പിന് സമീപം ആന്റോ ആന്റണിയുടെ പുതിയ പോസ്റ്ററുകൾ പതിച്ചിരിക്കുന്നു. കന്നിമല ഭാഗത്ത് വളവുകളെക്കുറിച്ചും കാട്ടുതീയെക്കുറിച്ചും മുന്നറിയിപ്പുണ്ട്.  പൂഞ്ഞാർ മണ്ഡലത്തിൽപ്പെട്ട പേരുത്തോട് കുരിശടി ഭാഗത്തും പോസ്റ്ററുകളുണ്ട്.

ഇടതുപക്ഷ പ്രവർത്തകർ ചെറിയ രീതിയിൽ പ്രചാരണം നടത്തിയതല്ലാതെ സ്ഥാനാർഥികളൊന്നും എത്തിയില്ലെന്ന് ഓട്ടോ ഡ്രൈവറായ രാജൻ പറഞ്ഞു. റബർ വെട്ടില്ലാത്തതിനാൽ ഓട്ടോ ഓടിക്കാൻ ഇറങ്ങിയതാണ് രാജൻ. എരുമേലി ജങ്ഷനിൽ എത്താറായപ്പോഴേക്കും മാനം ചുവന്നു. ചെരള ഭാഗത്ത് എല്ലാവരും നോമ്പുതുറക്കാനുള്ള തയാറെടുപ്പിലാണ്. “പെരുന്നാൾ എല്ലാം കഴിയുമ്പോഴേക്കും പ്രചാരണം ഉഷറായേക്കും”-പള്ളിക്കു സമീപം താമസിക്കുന്ന അബ്ദുൽ ഷാജിയുടെ ഭാര്യ ഷെഫീന പറഞ്ഞു. 

English Summary:

Political Heavyweights Clash in Pathanamthitta: A Look at the Upcoming Lok Sabha Election Battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com