ADVERTISEMENT

പമ്പാ നദിയൊഴുകുന്ന മണ്ണിൽ രാഷ്ട്രീയ ചൂടിന് ഒട്ടും കുറവില്ല. രൂപങ്ങൾ കൃത്യമായി പതിയുന്ന ആറൻമുള കണ്ണാടിയുടെ നാട്ടിൽ മനസിലെ രാഷ്ട്രീയ രൂപങ്ങൾ പുറത്തുകാട്ടാതെ ജനങ്ങളും. വികസനമാണ് മുഖ്യ ചര്‍ച്ചാവിഷയം. പത്തനംതിട്ടയെ മുന്നണികൾ അവഗണിക്കുന്നെന്ന പരാതി വ്യാപകം. കാർഷിക പ്രശ്നങ്ങള്‍ക്കും പട്ടയ പ്രശ്നങ്ങള്‍ക്കും പുറമേ വന്യജീവി ആക്രമങ്ങളും പത്തനംതിട്ടയിലെ ജനങ്ങൾക്കു മുന്നിലേക്കെത്തിയിരിക്കുന്നു. പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു ആനയുടെ ആക്രമണത്തിൽ മരിച്ചത് ദിവസങ്ങൾക്കു മുൻപാണ്. തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും പ്രതിഷേധങ്ങളും മുഖരിതമാക്കിയ അന്തരീക്ഷമില്ലാതെ ശാന്തമായാണ് ജില്ല തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിറ്റിങ് എംപി ആന്റോ ആന്റണി യുഡിഎഫിനായി വീണ്ടും മത്സരിക്കുന്നു. സിപിഎം രംഗത്തിറക്കിയിരിക്കുന്നത് മുൻ ധനമന്ത്രി ടി.എംതോമസ് ഐസക്കിനെ. ബിജെപിക്കായി മത്സരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി. 

2009ൽ മണ്ഡലം രൂപീകരിച്ചതു മുതൽ വിജയിക്കുന്നതിന്റെ ആത്മവിശ്വാസവുമായാണ് ആന്റോ ആന്റണി വീണ്ടും മത്സരത്തിനിറങ്ങുന്നത്. കോൺഗ്രസിൽ കാര്യമായ ഭിന്നതകളില്ലാത്തത് കരുത്താണ്. സമുദായിക സമവാക്യങ്ങളും അനുകൂലമാണെന്ന് കോൺഗ്രസ് കരുതുന്നു. മണ്ഡലത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തതായി ആന്റോ ആന്റണി .

ജില്ലയിൽ കാര്യമായ വികസനമെത്തുന്നില്ലെന്ന പരാതി ജനങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്. കോവിഡിനുശേഷം കച്ചവടത്തിൽ നേരിടുന്ന പ്രതിസന്ധി തകർത്ത ജീവിതങ്ങളുണ്ട്. സാമൂഹിക പെൻഷൻ കൃത്യമായി ലഭിക്കാത്തതിനെതിരെയും അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെയും പ്രതിഷേധമുണ്ട്.

മണ്ഡലം പിടിക്കാനാണ് മുതിർന്ന നേതാവായ തോമസ് ഐസക്കിനെ ആലപ്പുഴ ജില്ലയിൽനിന്ന് ഇവിടെയ്ക്കെത്തിച്ചിരിക്കുന്നത്. ഐസക്കിന്റെ ജനസമ്മതി ഗുണകരമാകുമെന്ന് പാർട്ടി വിശ്വസിക്കുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളും ഭരിക്കുന്നത് എൽഡിഎഫാണ്. പ്രചാരണത്തിൽ പിന്നോട്ടുപോയതിനെ തുടർന്ന് പാർട്ടി യോഗത്തിൽ തർക്കങ്ങളുണ്ടായെന്ന വാർത്തകളെ പാർട്ടി നേതൃത്വം തള്ളിക്കളയുന്നു.

എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി മത്സരരംഗത്ത് ആദ്യമാണ്. പിതാവ് എ.കെ.ആന്റണിയുടെ പാർട്ടിക്കെതിരെയാണ് മത്സരം. ഇരു മുന്നണികളും മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും നരേന്ദ്രമോദി സർക്കാരിനു മാത്രമേ മണ്ഡലത്തിൽ വികസനം എത്തിക്കാൻ കഴിയൂ എന്നും അനിൽ ആന്റണി പറയുന്നു. രാഷ്ട്രീയ കാര്യങ്ങൾ അച്ഛനുമായി സംസാരിക്കാറില്ലെന്നും അനിൽ വ്യക്തമാക്കുന്നു.

മൂന്നു മുന്നണികളിലും പ്രതീക്ഷ നഷ്ടപ്പെട്ടവരും മണ്ഡലത്തിലുണ്ട്. ആരു ഭരിച്ചാലും പാവപ്പെട്ടവർക്ക് ഗുണമില്ലെന്ന് വിശ്വസിക്കുന്നവർ

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിഐപി പരിവേഷം ഇല്ലെങ്കിലും പത്തനംതിട്ടയിൽ മത്സരച്ചൂടിന് കുറവില്ല. മണ്ഡലത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന ആളെയാണ് ജനങ്ങൾ തേടുന്നതെന്ന് പ്രതികരണങ്ങളിൽനിന്ന് വ്യക്തം. സർക്കാരിനെതിരെയുള്ള വികാരവും വോട്ടിങിൽ സ്വാധീനിക്കും. ജനഹിതമറിയാൻ ഇനി രണ്ടു മാസത്തെ കാത്തിരിപ്പ്.

English Summary:

Election Spotlight: Voters in Pathanamthitta Seek Real Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com