ADVERTISEMENT

കോഴിക്കോട്∙ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെങ്കില്‍ ഡിവൈഎഫ്ഐ ബോംബ് നിര്‍മാണ ഫാക്ടറിയാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. തൊട്ടടുത്ത മണ്ഡലത്തില്‍ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവിനെ റീല്‍സ് ഇടാന്‍ മാത്രമാണോ സിപിഎം സഹായിക്കുന്നത്? ആ വ്യക്തി മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

സിപിഎമ്മിന് പോഷകസംഘടനകളില്ലെന്നും പാനൂര്‍ സ്‌ഫോടനത്തിലെ പ്രതികളെ സംബന്ധിച്ച് ഡിവൈഎഫ്‌ഐയോടു ചോദിക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. പാനൂര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ പാര്‍ട്ടിയുടെ പോഷകസംഘടനയായ ഡിവൈഎഫ്‌ഐയില്‍ ഉള്ളവരാണല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാനൂര്‍ സ്‌ഫോടനത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ നേരത്തെ ആക്രി പെറുക്കിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച കുപ്പിച്ചില്ലും ആണിയുമെല്ലാം ഉപയോഗിച്ചാണോ ബോംബ് ഉണ്ടാക്കിയത്? യുഡിഎഫ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മാണം. പിണറായി പറഞ്ഞത് രക്ഷാപ്രവര്‍ത്തനം എന്നാണ്. എങ്കില്‍ നിരപരാധികളെ പ്രതിചേര്‍ക്കാന്‍ മാത്രം കഴിവ് കെട്ടവരാണോ പിണറായിയുടെ പൊലീസെന്ന് രാഹുൽ ചോദിച്ചു. 

‘‘ബോംബ് നിര്‍മാണത്തിനിടെ മരിച്ചവരും നാളെ രക്തസാക്ഷി പട്ടികയില്‍ വരും. സംഭവത്തില്‍ യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷിക്കണം. ബോംബ് നിര്‍മാണം നടന്ന സ്ഥലത്ത് പൊലീസ് എത്താന്‍ വൈകി. അമല്‍ ബാബു കോണ്‍ഗ്രസ് ഓഫിസ് അക്രമിച്ച വ്യക്തിയും ടിപി വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ബന്ധുവുമാണ്. മുള്ളാണിക്കും കുപ്പിച്ചില്ലിനും പിന്നാലെയാണ് പൊലീസ്. സത്യം പുറത്തുവരില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാം, തോല്‍ക്കാം. പക്ഷേ ആളെ കൊല്ലുന്ന പണി സിപിഎം നിര്‍ത്തണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക തീവ്രവാദ സംഘടനയാണ് സിപിഎം.’’ – രാഹുല്‍ പറഞ്ഞു.

സിപിഎം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. ബോംബ് നിര്‍മാണ ഫാക്ടറി പൂട്ടാന്‍ സിപിഎം തയ്യാറാകണം. ടി.പി. ചന്ദ്രശേഖരനെ കൊന്ന സമയത്തും ഇത്തരം പല ന്യായീകരണങ്ങളും സിപിഎം നിരത്തിയിട്ടുണ്ട്. പോളിങ് കഴിഞ്ഞ് പൊട്ടിക്കാന്‍ വച്ച ബോംബ് നേരത്തെ പൊട്ടിപ്പോയെന്നും പി.െക. ഫിറോസ് പറഞ്ഞു. 

English Summary:

Youth Congress Calls Out Alleged Bomb Production Linked to DYFI in Explosive Accusations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com