വാട്സാപ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ചതിനെതിരെ വിമർശനം; ഇൻസ്റ്റഗ്രാമിൽ നഗ്നത തടയാൻ ‘ബ്ലർ’ ഫീച്ചർ

Mail This Article
ലണ്ടൻ∙ വാട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് മാറ്റം കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നുമാണ് വാട്‌സാപ്പിന്റെ നിലപാട്.
അതേസമയം, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും നഗ്നത, ലൈംഗിക ചൂഷണ എന്നിവ തടയുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഡയറക്ട് മെസേജുകളിൽ ‘നഗ്നത’ ഉണ്ടെങ്കിൽ ബ്ലർ ആകുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാമിൽ മെറ്റ അവതരിപ്പിച്ചത്. ലൈംഗിക തട്ടിപ്പുകളെയും മറ്റു തരത്തിലുള്ള ഇമേജ് ദുരുപയോഗങ്ങളെയും ചെറുക്കുന്നതിനും കൗമാരക്കാരുമായി കുറ്റവാളികൾ ബന്ധപ്പെടുന്നത് തടയുന്നതിന്റെയും ഭാഗമായി ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണെന്ന് മെറ്റ അറിയിച്ചു. ലൈംഗികത തടയാൻ ഇൻസ്റ്റാഗ്രാമും മറ്റു സമൂഹമാധ്യമ കമ്പനികളും വീഴ്ച വരുത്തുന്നതിൽ വ്യാപക വിമർശനം നേരിടുന്നുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഈ വർഷമാദ്യം യുഎസ് സെനറ്റ് ഹിയറിങ്ങിനിടെ ലൈംഗിക ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിരുന്നു.
18 വയസ്സിൽ താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാമിൽ ‘ബ്ലർ’ ഫീച്ചർ ഡീഫോൾട്ടായി ഉണ്ടാകും. പ്രായപൂർത്തിയായ ഉപയോക്താക്കൾക്ക് ഇത് ആക്ടീവാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്ന അറിയിപ്പ് നൽകും. നഗ്നതയുള്ള ചിത്രങ്ങൾ ഒരു മുന്നറിയിപ്പ് ഉപയോഗിച്ച് മങ്ങിക്കുകയും ഉപയോക്താക്കൾക്ക് അത് കാണാനുള്ള ഓപ്‌ഷൻ നൽകുകയും ചെയ്യും. അയച്ചയാളെ ബ്ലോക്ക് ചെയ്യാനും ചാറ്റ് റിപ്പോർട്ടു ചെയ്യാനുമുള്ള ഓപ്ഷനും അവർക്ക് ലഭിക്കും.
നഗ്നത കാണിച്ച് സന്ദേശങ്ങൾ അയക്കുന്ന ആളുകൾക്ക്, സെൻസിറ്റീവ് ഫോട്ടോകൾ അയയ്‌ക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്ന സന്ദേശം ലഭിക്കും. അയച്ച് പിൻവലിക്കാനുള്ള ഓപ്ഷനും നൽകുമെന്നും മെറ്റ അറിയിച്ചു.