ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിന് അധികം വൈകാതെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘‘മോദിയുടെ ചിന്തകൾ വളരെ മുന്നിലാണ്. അതുകൊണ്ട് ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്‌ലർ മാത്രമാണ്. ജമ്മു കശ്മീരിന്റെ ഏറ്റവും സുന്ദരമായ പുതിയൊരു ചിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് ഞാൻ. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കുന്ന കാലം വിദൂരമല്ല. ജമ്മു കശ്മീരിന് സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കും. അതോടെ എംഎൽഎമാരും മന്ത്രിമാരുമായി നിങ്ങളുടെ സ്വപ്നങ്ങൾ പങ്കിടാനും സാധിക്കും.’’ – മോദി പറഞ്ഞു.

ഭീകരവാദത്തിന്റെയും ആക്രമണങ്ങളുടെയും കല്ലേറിന്റെയും അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിന്റെയും അകമ്പടിയില്ലാതെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാകും ഇത്തവണ ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുകയെന്നും മോദി വ്യക്തമാക്കി.

‘‘കഴിഞ്ഞ 60 വർഷമായി ജമ്മു കശ്മീരിനെ വിടാതെ പിന്തുടരുന്ന എല്ലാ പ്രശ്നങ്ങൾക്കും ഞാൻ പരിഹാരം കണ്ടെത്തും. ഇക്കാര്യത്തിൽ നിങ്ങൾക്കെന്നെ പൂർണമായും വിശ്വസിക്കാം. ജമ്മു കശ്മീരിനെ പൂർണമായും മാറ്റിമറിക്കുമെന്ന എന്റെ വാഗ്ദാനം കഴിഞ്ഞ 10 വർഷത്തിനിടെ പാലിച്ചിട്ടുണ്ട്’’ – മോദി അവകാശപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങൾ അനുഭവിച്ചിരുന്ന പീഡനങ്ങൾക്ക് അറുതി വരുത്താൻ തനിക്കു സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ 2019ൽ എടുത്തുകളഞ്ഞ ഭരണഘടനയുടെ 370–ാം അനുച്ഛേദം പുനഃസ്ഥാപിക്കാൻ കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും മോദി വെല്ലുവിളിച്ചു.

ഉധംപുരിലെ സ്ഥാനാർഥി ജിതേന്ദ്ര സിങ്ങിനും ജമ്മുവിലെ എൻഡിഎ സ്ഥാനാർഥി ജുഗൽ കിഷോറിനും വോട്ടു ചെയ്യാൻ മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യം നേരിടുന്ന വെല്ലുവിളികളെ അനായാസം നേരിട്ട് മുന്നോട്ടു പോകാൻ തക്ക കരുത്തുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ വരുന്നതിന് ഇരുവരെയും വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു.

English Summary:

'Jammu and Kashmir will get statehood, time not far for assembly elections': PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com