ADVERTISEMENT

ബത്തേരി∙ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നതിനിടെ, ഗണപതി വട്ടം എന്ന പേരിനു മുൻപ് ബത്തേരിക്ക് മറ്റു പേരുകളുമുണ്ടായിരുന്നുവെന്ന് ചരിത്രകാരൻമാർ. പത്താം നൂറ്റാണ്ടിൽ ജൈനൻമാരുടെ കാലത്താണ് ബത്തേരി ജനവാസ കേന്ദ്രമായി മാറിയത്. അന്ന് ഹന്നരഡു വീഥി എന്നാണ് ബത്തേരി അറിയപ്പെട്ടിരുന്നത്. 12 ജൈന തെരുവുകൾ ഉണ്ടായിരുന്നതിനെ സൂചിപ്പിച്ചാണ് ഹന്നരഡു വീഥി എന്ന പേരു വന്നത്. വളരെക്കാലം ഈ പേരിലാണ് ബത്തേരി അറിയപ്പെട്ടിരുന്നത്.

ഹൈന്ദവ വിശ്വാസികളായ ചെട്ടി സമുദായം ബത്തേരിയിൽ എത്തിയതോടെയാണ് ഗണപതി വട്ടം എന്ന പേരു വന്നത്. ബത്തേരി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗണപതി വട്ടം എന്ന പേരുവന്നത്. ഏകദേശം 300 വർഷം മുൻപാണ് ഗണപതി വട്ടം എന്ന പേര് ഉപയോഗിച്ചുതുടങ്ങിയത്. പിന്നീട് കോട്ടയം രാജാക്കൻമാരുടെ കാലത്ത് പാറയ്ക്ക് മീത്തൽ എന്നാണ് ബത്തേരി അറിയപ്പെട്ടിരുന്നതെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ ഒ.കെ.ജോണി മനോരമ ഓൺലൈനോട് പറഞ്ഞു. 

13–ാം നൂറ്റാണ്ടിലാണ് ബത്തേരിയിലെ പ്രസിദ്ധമായ ൈജന ക്ഷേത്രം നിർമിച്ചത്. പൂർണമായും കല്ലുകൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ കാലത്ത് വയനാട് മൈസൂർ രാജഭരണത്തിന്റെ കീഴിലായിരുന്നു. ടിപ്പുവിന്റെ പ്രധാന താവളമായിരുന്നു ബത്തേരി. ജൈന ക്ഷേത്രം ടിപ്പു പിടിച്ചെടുക്കുകയും ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. ഇതോടെ ബ്രിട്ടിഷുകാരാണ് ടിപ്പു സുൽത്താന്റെ ആയുധപ്പുര എന്ന അർഥത്തിൽ ‘സുൽത്താൻസ് ബാറ്ററി’ എന്നു വിളിച്ചു തുടങ്ങിയത്. അത് പിന്നീട് സുൽത്താൻ ബത്തേരി ആയി മാറുകയായിരുന്നു. 

ആർഎസ്എസ്, ബിജെപി പ്രവർത്തകർ ബത്തേരിയെ ഗണപതി വട്ടം എന്നു തന്നെയാണ് വിശേഷിപ്പിച്ചു പോരുന്നത്. ലെറ്റർപാഡുകളിലുൾപ്പെടെ ഗണപതിവട്ടം എന്ന് രേഖപ്പെടുത്തിയിരുന്നു. ബത്തേരിയിൽ പലയിടത്തും ഇന്നും ഗണപതി വട്ടം എന്ന് ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഹന്നരഡു വീഥി എന്നാണ് ദീർഘകാലം ബത്തേരി അറിയപ്പെട്ടിരുന്നതെന്ന് ചരിത്രകാരൻമാർ പറയുന്നു. 

English Summary:

Unveiling the Historical Tapestry from Hannaradu Veethi to Sultan Bathery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com