ADVERTISEMENT

മുംബൈ ∙ പൊലീസിന്റെ പേരിൽ വ്യാജ വാട്സാപ് കോൾ നടത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് കഴിഞ്ഞ 3 മാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. മക്കൾ കേസിൽ കുടുങ്ങിയെന്നോ, അപകടത്തിൽപെട്ടെന്നോ, പെൺവാണിഭസംഘത്തിനൊപ്പം പിടിയിലായെന്നോ വ്യാജഭീഷണി മുഴക്കിയാണ് പണം തട്ടുന്നത്. കേസിൽ നിന്നു രക്ഷനേടാൻ ഉടൻ പണം ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പുകളിലേറെയും. 

നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ളതും അല്ലാത്തതുമായ തട്ടിപ്പുകളുമുണ്ട്. കഴിഞ്ഞ ദിവസം ജുഹുവിൽ മകൻ പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് കോളജ് അധ്യാപികയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നാലെ, കല്യാണിൽ റെയിൽവേ ക്ലർക്കായ സ്ത്രീയെയും സമാനരീതിയിൽ കബളിപ്പിച്ച് പണം തട്ടി.

മകൻ ഒരു പെൺകുട്ടിയെ പീഡ‍ിപ്പിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലാണെന്നും രക്ഷപ്പെടുത്തണമെങ്കിൽ 48,000 രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. പരിഭ്രാന്തയായ അവർ മകനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന്, ഫോൺ ചെയ്തവർ‌ക്ക് യുപിഐ വഴി പണം നൽകി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.മുംബൈ മലയാളിയും വാശി നിവാസിയുമായ ഉഷാ നായരെ കഴിഞ്ഞ മാർച്ച് 27ന് തട്ടിപ്പുകാർ വിളിച്ചത് മകന് അപകടംപറ്റിയെന്നും ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ്. 13 വർഷങ്ങൾക്ക് മുൻപ് മകൻ മരിച്ചതിനാൽ ഇവർ തട്ടിപ്പുകാരുടെ വലയിൽ വീണില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. എന്നാൽ, പൻവേൽ സ്വദേശിയായ മലയാളിയിൽ നിന്ന് സമാനരീതിയിൽ പണം തട്ടിയിരുന്നു.

പൊലീസിന്റെ ചിത്രങ്ങളും

വാട്സാപ് വഴി ലഭിച്ച കൂടുതൽ കോളുകളിലും പൊലീസാണെന്ന് പറഞ്ഞാണ് ഇരകളെ കബളിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിൽ ഡിപിയായി പൊലീസുകാരുടെ ചിത്രങ്ങളാണ്  ഇടുന്നത്. ഇതുമൂലം സാധാരണക്കാർ ഭയപ്പെടുന്നത് സംഘം മുതലെടുക്കും. ശരിക്കുള്ള പൊലീസാണെന്ന് കരുതി പലരും വേഗം പണം നൽകും.

English Summary:

Extorting money by making fake WhatsApp calls in the name of police is becoming widespread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com