ADVERTISEMENT

കൊച്ചി ∙ മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന വിവാദ തീരുമാനത്തിൽനിന്ന് മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖല പിവിആർ ഐനോക്സ് പിൻമാറിയത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ. ഇതിനു പിന്നാലെ, പിവിആർ സ്ക്രീനുകളിൽ മലയാള സിനിമാ പ്രദർശനം പുനരാരംഭിച്ചു. സിനിമയുടെ പ്രൊജക്‌ഷൻ നടത്തുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ്, വെർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കംമൂലം 11 മുതൽ പിവിആർ തിയറ്ററുകളിൽ നിന്നു മലയാള സിനിമ പുറത്തായിരുന്നു.

പിവിആർ തിയറ്റർ സ്ക്രീനുകൾ ലുലു മാളിൽ ഉള്ളതിനാൽ എം.എ. യൂസഫലിയെ ഫെഫ്ക നേതൃത്വം പ്രശ്നം ധരിപ്പിച്ചിരുന്നു. വിഷയം മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു. തുടർന്നാണ് യൂസഫലിയുടെ മധ്യസ്ഥതയിൽ ചർച്ച നടന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം പിവിആർ തിയറ്ററുകളുടെ മുന്നിലേക്കു വ്യാപിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സമരത്തിലേക്കു കടക്കുമെന്നു ഫെഫ്ക നേതൃത്വം രാവിലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

കൊച്ചിയിലെയും കോഴിക്കോട്ടെയും 2 തിയറ്ററുകളിലാണു പ്രശ്നമുള്ളതെന്നും അതു ചർച്ചയിലൂടെ ഉടൻ പരിഹരിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പെട്ടെന്നുണ്ടായ സംഘടനാതല ഇടപെടലും എം.എ. യൂസഫലി ചർച്ചയ്ക്കു നേതൃത്വം നൽകിയതുമാണു പ്രശ്നപരിഹാരം സാധ്യമാക്കിയതെന്നു സംവിധായകൻ ബ്ലെസി പറഞ്ഞു.

English Summary:

PVR withdrew from the decision not to screen Malayalam films in the discussion mediated by yusuf Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com