ADVERTISEMENT

കൊച്ചി∙ പോക്സോ കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസന്‍ മാവുങ്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ കണ്ടെത്തലുകളിൽ ഇടപെടാൻ കാരണമില്ല എന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എസ്.മനു എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു മോൻസനെതിരായ കേസ്. പ്രതി ചെയ്തതു ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാകില്ലെന്നു കോടതി പറഞ്ഞു. 

2019ൽ വീട്ടിൽവച്ച് മോൻസൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നും പിന്നീടു നിർബന്ധിച്ചു ഗർഭഛിദ്രം  നടത്തിച്ചെന്നുമായിരുന്നു കണ്ടെത്തൽ. തുടർന്ന് എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാവും സഹോദരനും മോൻസന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഇവരുടെ വീട് ശരിയാക്കി കൊടുക്കാമെന്നും 17 വയസ്സുള്ള പെൺകുട്ടിയുടെ പഠനത്തിൽ സഹായിക്കാമെന്നും മോൻസൻ വാഗ്ദാനം ചെയ്തു. താൻ ഡോക്ടർ ആണെന്നും പെൺകുട്ടിയെ കോസ്മറ്റോളജി പഠിപ്പിക്കാമെന്നും മോൻസൻ വിശ്വസിപ്പിച്ചു.

2019ലാണ് മോൻസൻ ഈ പെൺകുട്ടിയെ കലൂരിലുള്ള വീട്ടിൽവച്ച് ബലാത്സംഗം ചെയ്യുന്നത്. ഇക്കാര്യം പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തി. പിന്നീടു പലപ്പോഴും ഇതാവർത്തിച്ചു. ആ വർഷം പെൺകുട്ടി ഗർ‍ഭിണിയായി. പിന്നീട് മോൻസൻ തന്നെ മുന്‍കൈയെടുത്തു ഗര്‍ഭം അലസിപ്പിച്ചു. 2020 വരെ പീഡനം തുടർന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. മോൻസൻ പുരാവസ്തു കേസിൽ അറസ്റ്റിലായതോടെയാണു പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് വിചാരണക്കോടതി മോൻസനെ ജീവപര്യന്തം തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ചു. 2021 നവംബർ ആറിന് ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മോൻസൻ അന്നു മുതൽ ജയിലിലാണ്. കേസ് കെട്ടിച്ചമച്ചതും തെളിവുകൾ വിശ്വസനീയമല്ല എന്നുമാണു ഹൈക്കോടതിയിൽ മോൻസന്റെ അഭിഭാഷകൻ വാദിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഇതു ശരിവയ്ക്കുന്നതിനുള്ള തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ ശിക്ഷ റദ്ദാക്കണമെന്നും മോൻസൻ വാദിച്ചു. 

വിചാരണക്കോടതിയുടെ ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലിൽ അന്തിമവാദം കേൾക്കുമ്പോൾ മാത്രമേ തെളിവുകളെ സംബന്ധിച്ചു വിശദമായി പരിശോധിക്കൂ എന്നു കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നു എന്നു പറയുന്ന സമയം കഴിഞ്ഞ് ഒരുപാടു വൈകിയാണു പരാതി നൽകിയത് എന്ന വാദവും മോൻസൻ ഉന്നയിച്ചു. ഇരയായ പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ല എന്ന വാദം നിലനിൽക്കില്ലെന്ന് ഒട്ടേറെ സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴിയെ ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കണമെന്ന ആവശ്യവും നിലനിൽക്കില്ല. പ്രതിക്കെതിരെ മറ്റു തെളിവുകളുമുണ്ട്. അതുകൊണ്ടു ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല. പ്രതി ചെയ്ത ഹീനമായ കൃത്യം അവഗണിക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാനുള്ള ആവശ്യം തള്ളുന്നു എന്നും കോടതി വ്യക്തമാക്കി.

English Summary:

The High Court rejected the plea of Monson Mavunkal to freeze the execution of the sentence in the POCSO case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com