ADVERTISEMENT

തിരുവനന്തപുരം∙ വിഷുവായാലും ദീപാവലി വന്നാലും തിരുവനന്തപുരത്തുകാർക്ക് പടക്കമെന്നാൽ അത് പുഴിക്കുന്നിലേതാണ്. വിഷുവിന് കണ്ണനെ കണികാണുന്നതിനൊപ്പം മിനി ശിവകാശിയായ പൂഴിക്കുന്നിലെ പടക്കം വാങ്ങി പൊട്ടിച്ചില്ലെങ്കിൽ പലർക്കും തൃപ്തിയാകില്ല. തിരുവിതാംകൂർ രാജാക്കന്മാർ പട്ടും വളയും നൽകി ആദരിച്ച പടക്കപ്പെരുമയാണ് പൂഴിക്കുന്നിന്റേത്. മുകേഷ് അംബാനിയുടെ മുംബൈയിൽ നടന്ന കല്യാണത്തിനു വരെ പൂഴിക്കുന്ന് ആശാൻ കമ്പക്കെട്ട് നടത്തിയിട്ടുണ്ട്. പടക്കങ്ങളിലെ വർണവിസ്മയം കണ്ട് അമ്പരന്ന ദീരുഭായ് അംബാനി പറഞ്ഞു ‘വെൽഡൺ, മിസ്റ്റർ ആശാൻ...’

ചിത്രം : അഭിജിത്ത് രവി  ∙ മനോരമ
ചിത്രം : അഭിജിത്ത് രവി ∙ മനോരമ

പൂഴിക്കുന്നിന്റെ പടക്കപ്പെരുമയറിഞ്ഞ് ജില്ലയ്ക്കകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ആളുകളാണ് വിഷുവിനും ദീപാവലിക്കും എല്ലാ വർഷവും ഇവിടെയെത്തുന്നത്. പൊതുവെ തെക്കൻ കേരളത്തിൽ വിഷുവിനെക്കാൾ ദീപാവലിക്കാണ് പടക്കം കൂടുതൽ പൊട്ടിക്കുന്നതെങ്കിലും നഗരവാസികളായ മലബാറിൽ നിന്നുള്ള സർക്കാർ ജീവനക്കാരടക്കം വിഷുവെത്തിയാൽ പൂഴിക്കുന്നിലേക്ക് ഓടിയെത്തും. 500 മീറ്റർ ചുറ്റളിവിനുള്ളിൽ നിരനിരയായി ഇരുപതോളം പടക്കകടകളാണ് പൂഴിക്കുന്നിലുള്ളത്. പടക്കനിർമ്മാണത്തിൽ വിദഗ്ധനായിരുന്ന ഗോവിന്ദനാശാനാണ് പൂഴിക്കുന്നിന്റെ പെരുമയെ വാനോളമെത്തിച്ചത്.

fire-works-002

പിന്നാലെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മക്കളായ മണിയനാശാനും ശശിയാശാനും പടക്ക വിപണിയിലും കമ്പക്കെട്ടിലും സജീവമായി. ഇരുവരുടെയും മക്കളാണ് ഇപ്പോൾ ആശാന്മാരുടെ പെരുമ നിലനിർത്തി രംഗത്തുള്ളത്. ഒരുകാലത്ത് തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ക്ഷേത്ര ഉത്സവത്തിനിടെ നടന്നിരുന്ന മത്സരകമ്പങ്ങളിൽ ആശാന്മാരായിരുന്നു സ്ഥിരം വിജയികൾ.

fire-works

വിഷുവിനു നാടൻ പടക്കത്തിനാണ് ആവശ്യക്കാരേറെയെന്ന് ആശാന്മാരുടെ പിൻതലമുറക്കാർ പറയുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരം പുക കുറവായ പടക്കങ്ങളാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്. പൊട്ടാതെ പോകുന്ന പടക്കങ്ങൾ വളരെ കുറവായിരിക്കും എന്നതാണ് പൂഴിക്കുന്ന് പടക്കങ്ങൾക്ക് ഡിമാൻഡ് കൂട്ടുന്നത്. ഓലപ്പടക്കവും മാലപ്പടക്കവും തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ടിവിടെ. ശിവകാശിയിൽ ലഭിക്കുന്ന ഇനങ്ങളും അതേവിലയ്ക്ക് ഹോൾസെയിലായും റീട്ടെയിലായും പൂഴിക്കുന്നിൽ ലഭിക്കും. 

fire-works-001

∙വിപണിയിലെ താരങ്ങൾ 
ഇവർഹോളി കാർട്ടൂൺ
വിസിൽസ് 
ക്രേസി ബൂം ടൈറ്റാനിക്ക്
ഒൻപത് വർണങ്ങളിലുള്ള പതിനഞ്ച് സെന്റിമീറ്റർ നീളമുളള കമ്പിത്തിരികൾ
പവർ പോട്ട് 
ഫൺ ഫന്റാസ്റ്റിക്ക്
പുക മലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങൾ
എറി പൊട്ടാസ്
ആകാശത്ത് പോയി ഏഴു തവണ പൊട്ടുന്ന ഏഴ് നിറത്തിലുളള പടക്കം
പൊട്ടിക്കഴിഞ്ഞാൽ മാലിന്യം ശേഷിക്കാത്ത മാലപ്പടക്കം 

തറചക്രം, ഫയർ പെൻസിൽ, റോക്കറ്റ്, ചെറിയ ശബ്‌ദത്തോടെ പൊട്ടുന്ന കുരുവി വെടി എന്നിവ‌യ്ക്കും ആവശ്യക്കാർ ഏറെയാണ്. സ്‌റ്റാൻഡേർഡ്, ലക്ഷ്മി, കാളീശ്വരി, വടിവേൽ, സോണി തുടങ്ങിയ കമ്പനികളുടെ പടക്കങ്ങളും പൂഴിക്കുന്നിൽ കിട്ടും. പടക്കങ്ങൾക്കും ഫാൻസി ഐറ്റങ്ങൾക്കും മുൻ വർഷത്തെക്കാൾ വിലവർധന ഉണ്ടായിട്ടില്ല. എല്ലാ സാധനങ്ങൾക്കും അതേവില തന്നെയാണ് ഇത്തവണയെന്നും ദേവി ഫയർ വർക്സ് ഉടമയും ശശി ആശാന്റെ മൂത്ത മകനുമായ ജിബു പറയുന്നു.

English Summary:

Poozhikunnu is famous for Vishu firecrackers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com