ADVERTISEMENT

കോട്ടയം∙ കേന്ദ്രമന്ത്രിമാർ മത്സരിക്കുന്നത് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് എൽഡിഎഫ് കൺ‌വീനർ ഇ.പി.ജയരാജൻ. ജനജീവിതം ദുസഹമാക്കിയ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി ആ മന്ത്രിമാർക്കെതിരെ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. സംഘപരിവാറിനെ എതിർക്കാൻ കോൺഗ്രസിനു ത്രാണിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തിനും സിപിഎമ്മിനും മാത്രമേ കഴിയൂ എന്നു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇ.പി.ജയരാജൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു...

എൽഡിഎഫ്  തൃശൂർ ജില്ലാ കൺവൻഷൻ സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.                             ചിത്രം: മനോരമ
എൽഡിഎഫ് തൃശൂർ ജില്ലാ കൺവൻഷൻ സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

∙2019ൽ ഒരു സീറ്റ് മാത്രം ലഭിച്ച എൽഡിഎഫ് ഇത്തവണ എങ്ങനെയാണ് നില മെച്ചപ്പെടുത്തുന്നത് ?

അന്നത്തെ രാഷ്ട്രീയ സാഹചര്യം പാടെ മാറി. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫിന് അനുകൂലമായിട്ടുള്ള തരംഗം കഴിഞ്ഞപ്രാവശ്യമുണ്ടായിരുന്നു. അതു പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ഇപ്പോൾ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ ദുർബലമായി. നിലനില്‍പ്പിനായി മൃദുഹിന്ദുത്വം കോൺഗ്രസ് നയമായി സ്വീകരിച്ചു. കേരളത്തിന്റെ മതേതര മനസിന് അതിനു പിന്തുണ നൽകാൻ സാധിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തിനും സിപിഎമ്മിനും മാത്രമേ കഴിയൂ എന്നു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. വർഗീയതയെ എതിർക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടിനാണു ജനങ്ങൾ വോട്ടുചെയ്യുക.

∙ ഇടതുപക്ഷവും ദേശീയ രാഷ്ട്രീയത്തിൽ ദുർബലമല്ലേ?

ആളുകളുടെ എണ്ണമല്ല നിലപാടാണു വിഷയം. ഇന്ത്യൻ‌ രാഷ്ട്രീയത്തിൽ നിലപാടു കൊണ്ടു സംഘപരിവാർ ശക്തികളെ നേരിടാൻ കഴിയുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രമാണ്. 

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ (ഫയൽ ചിത്രം: ഹരിലാൽ ∙ മനോരമ)
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ (ഫയൽ ചിത്രം: ഹരിലാൽ ∙ മനോരമ)

∙ സിപിഎമ്മിന്റെ പ്രധാനശത്രു ആരാണ് കോൺഗ്രസോ ബിജെപിയോ?

ബിജെപി - സംഘപരിവാർ ശക്തികളാണ് രാജ്യത്തിന്റെ പ്രധാന ശത്രു. അവരെ അധികാരത്തിൽനിന്നു താഴെയിറക്കുകയാണ് ഏറ്റവും മൗലികമായ പ്രശ്‌നം. ആ ദൗത്യം നിർവഹിക്കുവാൻ വ്യക്തമായ കാഴ്ചപ്പാടും വ്യതിചലനമില്ലാത്ത നിലപാടുമുള്ളവർ വിജയിച്ചു വരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സംഘപരിവാറിനെ എതിർക്കാൻ കോൺഗ്രസിനു ത്രാണിയില്ല. 

∙ ആ കോൺഗ്രസിനൊപ്പം ചേർന്നല്ലേ സിപിഎം തമിഴ്നാട്ടിൽ അടക്കം മത്സരിക്കുന്നത്?

സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നിലപാടാണു പാർട്ടി അവിടെ സ്വീകരിച്ചത്. കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ മത്സരിക്കുന്നതിന്റെ അർത്ഥമെന്താണ്? അങ്ങനെ മത്സരിക്കാൻ പാടുണ്ടോ? കോൺഗ്രസിന്റെ നിലപാടിലെ ഈ വൈരുദ്ധ്യം മനസിലാക്കിയ കേരളത്തിലെ വോട്ടർമാർ അവർക്കു തിരിച്ചടി നല്‍കും. 

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫ് രാജ് ഭവനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. (Photo: MANOJ CHEMANCHERI / Manorama)
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫ് രാജ് ഭവനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. (Photo: MANOJ CHEMANCHERI / Manorama)

∙ കോൺഗ്രസിനു തിരിച്ചടിയുണ്ടായാൽ കേന്ദ്രത്തിൽ ബിജെപി വിരുദ്ധ സർക്കാരുണ്ടാകുമോ?

കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ ഏതെല്ലാം സാഹചര്യങ്ങളുണ്ടോ അതിനൊപ്പം ഇടതുപക്ഷം ഉണ്ടാകും. 

∙ കേരളത്തിൽ ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണ്?‌

എല്ലാ മണ്ഡലങ്ങളിലും ഒരുപോലെ പ്രതീക്ഷയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബിജെപി ജനാധിപത്യവും മതേതരത്വവും തകർത്ത് ഇന്ത്യൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിൽ കൈവച്ചിരിക്കുകയാണ്. പാർലമെന്റുകളിൽ ഇടതുപക്ഷത്തിന്റെ സ്വാധീനക്കുറവാണു പ്രതിരോധം ദുർബലമാക്കിയത്. അതു ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കേരളത്തിലും ദേശീയതലത്തിലും ഇടതുപക്ഷം മികച്ച മുന്നേറ്റം നടത്തും.

ഇ.പി.ജയരാജനും എം.വി.ഗോവിന്ദനും
ഇ.പി.ജയരാജനും എം.വി.ഗോവിന്ദനും

∙ ബിജെപി സ്ഥാനാർഥികളെ പുകഴ്ത്തി താങ്കൾ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നല്ലോ? എൽഡിഎഫ് കൺവീനറാണോ എൻഡിഎ കൺവീനറാണോ എന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.

കേന്ദ്രമന്ത്രിമാർ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ട്. അവർ കൊള്ളരുതാത്തവരാണെന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ? കേന്ദ്രമന്ത്രിമാർ മത്സരിക്കുന്നു എന്നതു ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നതു മറ്റൊരുവശം. ജനജീവിതം ദുസഹമാക്കിയ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി ആ മന്ത്രിമാർക്കെതിരെ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. വോട്ടുകച്ചവടം നടത്തിയ പാരമ്പര്യവും രീതിയും കോൺഗ്രസിനാണുള്ളത്.

ഇ.പി.ജയരാജൻ (File Photo: Sameer A Hameed / Manorama)
ഇ.പി.ജയരാജൻ (File Photo: Sameer A Hameed / Manorama)

∙പാനൂർ സ്‌ഫോടനം കണ്ണൂരിലും വടകരിയലും തിരിച്ചടിയാകുമോ?

പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു ബന്ധമില്ല. ജയിക്കാൻ പോകുന്ന പാർട്ടി എന്തിനാണു ബോംബ് നിർമിക്കുന്നത്. ബോംബുണ്ടാക്കുന്നത് ആരാണെന്നൊക്കെ ജനങ്ങൾക്ക് അറിയാം. എപ്പോഴാണു കോൺഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയുമൊക്കെ കേന്ദ്രങ്ങളിൽ ബോബ് പൊട്ടുക എന്നു പറയാൻ പറ്റില്ല. എനിക്കെതിരെ ഇതേ പാനൂരിൽ ബോംബെറിഞ്ഞിരുന്നു. എന്റെ കാറിനു നേരെയും ബോംബേറുണ്ടായിരുന്നു. അക്രമത്തെ അക്രമമായി കാണാതെ രാഷ്ട്രീയ നിറം നൽകുന്നതു ശരിയല്ല. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയാണു പൊലീസ്. വിഷയ ദാരിദ്ര്യം നേരിടുന്ന യുഡിഎഫിനും ബിജെപിക്കും വീണു കിട്ടിയ ആയുധമാണു പാനൂരിലെ സ്ഫോടനം.

ഇ.പി.ജയരാജൻ, പി.ജയരാജൻ
ഇ.പി.ജയരാജൻ, പി.ജയരാജൻ

∙കരുവന്നൂർ വിഷയവും ബാധിക്കില്ലെന്നാണോ?

ബിജെപി ഇതരപാർട്ടികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും ഏകാധിപത്യം സ്ഥാപിച്ചെടുക്കാനും ഇഡിയെ ഉപയോഗപ്പെടുത്തകയാണു കേന്ദ്ര സർ‌ക്കാർ. ഡൽഹിയിലും ജാർഖണ്ഡിലും ഇതു നമ്മൾ കണ്ടതാണ്. എന്നാൽ കേരളത്തിൽ ആ പരിപ്പ് വേവില്ല.

ep-jayarajan-akg-centre-30

.∙ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ

സ്വാഭാവികമായും സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടിൽ പ്രതിഫലിക്കും. ജനോപകാര പദ്ധതികളുമായാണു സർക്കാർ മുന്നോട്ടുപോകുന്നത്. കേന്ദ്രം പക്ഷേ സംസ്ഥാനത്തെ ഞെരുക്കാനാണു ശ്രമിക്കുന്നത്. കടമെടുക്കാൻ പോലും സമ്മതിക്കുന്നില്ല. കടമെടുത്തു നാടു നന്നാക്കുകയും നാടു നന്നാകുമ്പോൾ ആ കടം തിരിച്ചടയ്ക്കുകയുമാണു ലക്ഷ്യം. നാടിന്റെ വികസന നേട്ടങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നു മനസിലാക്കുന്ന ആരും സർക്കാരിനെതിരെ ചിന്തിക്കില്ല.

English Summary:

EP Jayarajan Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com