ADVERTISEMENT

തിരുവനന്തപുരം ∙ കാണാതായി അഞ്ചു വർഷം കഴിഞ്ഞിട്ടും ഓരോ ദിവസവും ദൂരൂഹത വർധിപ്പിച്ച് ജെസ്നയുടെ തിരോധാനം. ജെസ്നയെ കാണാതാകുന്നതിനു മുൻപ് ധരിച്ചിരുന്ന വസ്ത്രത്തിലുണ്ടായിരുന്ന രക്തത്തെ സംബന്ധിച്ചാണു സംശയങ്ങളുയരുന്നത്. ലോക്കൽ പൊലീസോ ക്രൈംബ്രാഞ്ചോ ജെസ്ന ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രം വീട്ടിൽനിന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടില്ലെന്നാണ് സിബിഐ സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വസ്ത്രം പരിശോധനയ്ക്കായി കൊണ്ടുപോയെന്നും അതിന്റെ ചിത്രം അടക്കമുള്ള തെളിവുകളുണ്ടെന്നും കുടുംബം പറയുന്നു. വസ്ത്രത്തിലെ രക്തം സംബന്ധിച്ച അന്വേഷണത്തിൽ ചില വിവരങ്ങൾ ലഭിച്ചതായും കൂടുതൽ വെളിപ്പെടുത്തലിന് ഈ ഘട്ടത്തിൽ ബുദ്ധിമുട്ടുണ്ടെന്നും പത്തനംതിട്ട മുൻ എസ്പി കെ.ജി.സൈമൺ പറഞ്ഞു. രാജ്യത്തെ വിവിധ ഏജൻസികള്‍ അന്വേഷിച്ചിട്ടും ജെസ്ന എന്ന പെൺകുട്ടി കാണാമറയത്ത് തുടരുന്നു. തെളിവുകൾ ശേഖരിക്കുന്നതിൽ ഏജൻസികളുടെ ഭാഗത്ത് വീഴ്ചയുണ്ടായോ?

∙ ജെസ്ന സഞ്ചരിച്ച വഴിയിലൂടെ വീണ്ടും

പത്തനംതിട്ട കൊല്ലമുള സന്തോഷ് കവലയിലെ വീട്ടിൽനിന്ന് 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. കറുത്ത ജീന്‍സും കടുത്ത പച്ച നിറത്തിലുള്ള ടോപ്പും ധരിച്ച ജെസ്ന പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകാനായി വീടിനു മുന്നിൽനിന്ന് പ്രദേശവാസിയുടെ ഓട്ടോയിൽ കയറി. മുണ്ടക്കയംവരെ ജെസ്ന എത്തിയതിനു തെളിവുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. കാഞ്ഞിരപ്പള്ളിയിലെ കോളജിൽ രണ്ടാം വർഷം ബികോം വിദ്യാർഥിയായിരുന്നു ജെസ്ന. പിതാവിനും സഹോദരങ്ങൾക്കും ഒപ്പമായിരുന്നു താമസം. അമ്മ നേരത്തേ മരിച്ചു. ജെസ്നയെ കാണാതായതിനെ തുടർന്ന് 2018 മാർച്ച് 23ന് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

സിഐ ദിനേഷ് കുമാറിന്റെ നിർദേശത്തിൽ കേസ് റജിസ്റ്റർ ചെയ്തു (201‌/2028). അഞ്ചേകാൽ അടി ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചുരുണ്ട മുടി, കണ്ണട ധരിച്ചിട്ടുണ്ട്, പല്ലിൽ കമ്പിയിട്ടിട്ടുണ്ട്– ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പിന്നീട് അന്വേഷണം തിരുവല്ല ഡിവൈഎസ്പി ഏറ്റെടുത്തു. റാന്നി സിഐ ന്യൂമാനും പെരുനാട് എസ്ഐ എം.ഐ.ഷാജിയുമായിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ. അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി പ്രത്യേക ടീം രൂപീകരിച്ചു. ഡിവൈഎസ്പി ആർ.ചന്ദ്രശേഖര പിള്ള, എസ്.റഫീഖ്, ജെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചു. 2018 ഒക്ടോബറിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പിന്നീട് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ അന്വേഷണത്തിനു നേതൃത്വം നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എച്ച്.മുഹമ്മദ് റാവുത്തറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി ടോമിൻ തച്ചങ്കരിയാണ് മേൽനോട്ടം വഹിച്ചത്.

ജെസ്ന മരിയ ജെയിംസ് (File Photos: Manorama)
ജെസ്ന മരിയ ജെയിംസ് (File Photos: Manorama)

ജെസ്നയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് 2021 ഫെബ്രുവരി പത്തിലെ ഹൈക്കോടതി നിർദേശമനുസരിച്ച് കേസ് സിബിഐ ഏറ്റെടുത്തു. സിബിഐയ്ക്കും ജെസ്നയെ കണ്ടെത്താനായില്ല. ജീവനോടെയുണ്ടോ മരിച്ചോ എന്ന കാര്യത്തിലും സിബിഐയ്ക്ക് വ്യക്തതയില്ല. ഒരു കാര്യം മാത്രം സിബിഐ വ്യക്തമായി പറഞ്ഞു: അന്വേഷണത്തിലെ സുവർണ നിമിഷങ്ങൾ ലോക്കൽ പൊലീസ് നഷ്ടപ്പെടുത്തി. സിബിഐയ്ക്കു നേരെയും കുടുംബം ആരോപണം ഉയർത്തുന്നു. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്നും ഇതിനു തെളിവുണ്ടെന്നുമാണു പിതാവിന്റെ വാദം. സിജെഎം കോടതിയിലെ വരുംദിവസങ്ങളിലെ വാദങ്ങളിലും രക്തം പുരണ്ട വസ്ത്രം പ്രധാന വിഷയമായി ഉയർന്നുവരും.

∙ വസ്ത്രങ്ങളിലെ രക്തക്കറ എങ്ങനെ വന്നു?

കാണാതാകുന്നതിനു തലേദിവസം ജെസ്നയ്ക്ക് രക്തസ്രാവം ഉണ്ടായതായി കുടുംബം പൊലീസിനും സിബിഐയ്ക്കും മൊഴി നൽകി. ആർത്തവപ്രശ്നങ്ങളാകാമെന്ന ധാരണയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ജെസ്ന വീട്ടിൽനിന്ന് പോകുന്ന ദിവസവും രക്തസ്രാവമുണ്ടായി. വസ്ത്രം വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയതെന്നു കുടുംബം പറയുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഈ വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും കുടുംബം പറയുന്നു. എന്നാൽ, സിബിഐയ്ക്ക് ഈ വസ്ത്രത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല. ലോക്കൽ പൊലീസോ ക്രൈംബ്രാഞ്ചോ രക്തം പുരണ്ട വസ്ത്രം ജെസ്നയുടെ വീട്ടിൽനിന്ന് ശേഖരിച്ചിട്ടില്ലെന്നാണ് സിബിഐ റിപ്പോർട്ട്. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം കഴുകിയതായി ജെസ്നയുടെ സഹോദരിയുടെ മൊഴിയുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വാദമാണെന്നും ഇതിനെതിരെ തെളിവുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറയുന്നു.

‘‘ലോക്കൽ പൊലീസാണ് ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ എടുത്തത്. ലോക്കൽ പൊലീസ് വീട്ടിൽനിന്നും എടുത്ത കാര്യങ്ങൾ തെളിവുസഹിതം കയ്യിലുണ്ട്. ചിത്രങ്ങളുണ്ട്. ജെസ്നയെ കണ്ടുപിടിക്കേണ്ടത് ഏജൻസികളുടെ കടമയാണ്. ജെസ്ന ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നാണു കുടുംബത്തിന്റെ അന്വേഷണത്തിൽ വ്യക്തമായത്’’– പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. ജെസ്ന ജീവനോടെയില്ലെന്നും ഇതിനു തെളിവുകളുണ്ടെന്നും കുടുംബം പറയുമ്പോൾ അന്വേഷണ ഏജൻസികൾ ആ വഴിയിൽ അന്വേഷിക്കാത്തതിന്റെ കാരണം എന്തായിരിക്കും? അതോ കുടുംബത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്ന് ഏജൻസികൾക്ക് ബോധ്യപ്പെട്ടോ? രക്തം പുരണ്ട വസ്ത്രത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഏജൻസികൾക്കിടയിലുണ്ട്.

jesna-maria-james-1

സിബിഐ റിപ്പോർട്ട് അനുസരിച്ച് രക്തം പുരണ്ട വസ്ത്രം അവർ കണ്ടിട്ടില്ല. ക്രൈംബ്രാഞ്ചിന് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്. ‘‘രക്തം എങ്ങനെ തുണിയിൽ വന്നു എന്നതിനെ സംബന്ധിച്ച് ചില സംശയങ്ങളുണ്ട്. രക്തം തുണിയിൽ വന്നതിനെക്കുറിച്ചും, പ്രാർഥനയ്ക്ക് പോയതിനെക്കുറിച്ചും വയറുവേദന വന്നതിനെക്കുറിച്ചും വിശദമായി അന്വേഷിച്ചിരുന്നു. വസ്ത്രം ശാസ്ത്രീയമായി പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് കേസ് എടുക്കുമ്പോൾ കുറേ നാളുകൾ കഴിഞ്ഞിരുന്നു. ലോക്കൽ പൊലീസ് കേസ് എടുക്കുമ്പോൾ തന്നെ വസ്ത്രം വീട്ടുകാർ കഴുകിയിരുന്നതായാണ് ഓർമ’’– റിട്ട. എസ്പി: കെ.ജി.സൈമൺ പറയുന്നു. രക്തം പുരണ്ട വസ്ത്രം പരിശോധിക്കാതെ എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി എന്നതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് വ്യക്തമായ മറുപടിയില്ല. കോവിഡ് വന്നതിനാൽ അന്വേഷണം തടസ്സപ്പെട്ടു എന്നാണ് വാദം. 

ജെസ്ന പോയതിനുശേഷം കുടുംബത്തിലുള്ളവർ വസ്ത്രം കഴുകിയിരുന്നോ? അതോ ജെസ്നയുടെ വസ്ത്രം ലോക്കൽ പൊലീസ് കൊണ്ടുപോയെന്ന കുടുംബത്തിന്റെ വാദമാണോ ശരി? ‘‘ലോക്കൽ പൊലീസ് ജെസ്നയുടെ വസ്ത്രം പരിശോധിച്ചിട്ടില്ല എന്നാണ് ഓർമ. സംഭവം നടന്ന് കുറച്ചു നാളുകൾക്ക് ശേഷമാണ് ഞാൻ കേസ് ഏറ്റെടുത്തത്. ജെസ്ന എവിടെയാണെന്നതിന് സൂചനയൊന്നും ലഭിച്ചില്ല’’– പ്രാരംഭഘട്ടത്തിൽ കേസ് അന്വേഷിച്ച ഡിവൈഎസ്പി പറയുന്നു. ജെസ്നയെ കണ്ടെത്തിയെന്ന തരത്തിൽ ടോമിൻ ജെ.തച്ചങ്കരി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. കെ.ജി.സൈമണും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സിബിഐ വിവരങ്ങൾ അന്വേഷിച്ച ഘട്ടത്തിൽ ഇരുവരും ഇക്കാര്യം നിഷേധിച്ചു. കേസ് തെളിയിക്കപ്പെടുമെന്ന വിശ്വാസമാണ് മാധ്യമങ്ങളോട് പങ്കുവച്ചതെന്നും ജെസ്നയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇരുവരും സിബിഐയെ അറിയിച്ചു. ജെസ്ന തമിഴ്നാട്ടിൽ ഉണ്ടായിരുന്ന വാദങ്ങളും തെറ്റാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികരണമറിയാൻ റിട്ട.ഡിജിപി ടോമിൻ തച്ചങ്കരിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല.

∙ ആരോപണം തള്ളി സിബിഐ

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന എല്ലാ ഘടകങ്ങളും അന്വേഷിച്ചെന്നാണ് സിബിഐ പറയുന്നത്. എന്നാൽ, കേസിൽ നിർണായകമാകുമായിരുന്ന ജെസ്നയുടെ രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് സിബിഐ ആദ്യ റിപ്പോർട്ടിൽ മൗനം പാലിച്ചു. ജെസ്നയുടെ രക്തം പുരണ്ട തുണി കഴുകിയതായാണു സഹോദരിയുടെ മൊഴി. വീട്ടിൽനിന്ന് ലോക്കൽ പൊലീസോ ക്രൈംബ്രാഞ്ചോ രക്തം പുരണ്ട വസ്ത്രം ശേഖരിച്ചിട്ടില്ലെന്നും സിബിഐ പറയുന്നു. പ്രധാന തെളിവായ ജെസ്നയുടെ വസ്ത്രത്തിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ പോകാത്തതിന്റെ കാരണം അജ്ഞാതമാണ്.

jesna-maria-james-3

സിബിഐ റിപ്പോർട്ട് ഇങ്ങനെ: വയറുവേദനയുടെയും രക്തസ്രാവത്തിന്റെയും കാരണത്തെക്കുറിച്ച് ജെസ്ന ചികിത്സ തേടിയ ആശുപത്രിയിൽ അന്വേഷിച്ചിരുന്നു. സ്കാനിങ് നടത്തിയപ്പോൾ ഗർഭിണിയാണെന്നതിന്റെ സൂചന ലഭിച്ചില്ല. ജെസ്നയ്ക്ക് എന്തെങ്കിലും ബന്ധങ്ങളുള്ളതായി വീട്ടുകാർ അന്വേഷണ ഘട്ടത്തിൽ പറഞ്ഞില്ല. ജെസ്നയുടെ ഒരു ആൺസുഹൃത്തിനെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയെങ്കിലും തിരോധാനത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ല. പള്ളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയിലായാണ് ജെസ്നയെ കാണാതായത്.

ആദ്യഘട്ട അന്വേഷണത്തിലെ വീഴ്ച കാരണം ദൃക്സാക്ഷികളെയും ഡിജിറ്റൽ തെളിവുകളും കണ്ടെത്താനായില്ല. അധ്യാപകരുമായി ജെസ്ന ബന്ധം പുലർത്തിയിരുന്നില്ല. ജെസ്ന പങ്കെടുത്ത എൻഎസ്എസ് ക്യാംപിലും സംശയകരമായ കാര്യങ്ങളുണ്ടായില്ല. ജെസ്നയുടെ പിതാവ് ഉന്നയിച്ച പരാതികളെല്ലാം നേരത്തേ അന്വേഷിച്ചതാണ്. തെളിവുകളില്ലാതെ ഊഹങ്ങളും സംശയങ്ങളും മാത്രമാണ് പിതാവ് പറയുന്നത്. ഏതെങ്കിലും പുതിയ തെളിവുകളോ സൂചനകളോ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കാൻ കഴിയുന്ന രീതിയിലാണ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

∙ അടുപ്പമുള്ള ആളുണ്ട്, സിബിഐ അന്വേഷിച്ചില്ല

ജെസ്നയുമായി അടുത്ത ബന്ധം പുലർത്തിയ ഒരു വ്യക്തിയെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ല എന്നാണ് പിതാവിന്റെ ഹർജിയിലെ ആരോപണം. ആ വ്യക്തി സിബിഐ ചോദ്യം ചെയ്ത ജെസ്നയുടെ സഹപാഠിയല്ല. ആ വ്യക്തിയെ ചോദ്യം ചെയ്താൽ യഥാർഥ വിവരങ്ങൾ ലഭിക്കും. വ്യാഴാഴ്ചകളിൽ ജെസ്ന രഹസ്യമായി പ്രാർഥിക്കാൻ ഒരു കേന്ദ്രത്തിൽ പോയിരുന്നു. ജെസ്നയെ കാണാതായ ദിവസവും വ്യാഴാഴ്ചയാണ്. ജെസ്ന അമ്മായിയുടെ വീട്ടിൽപോയിരുന്നതും വ്യാഴാഴ്ചകളിലാണ്. അമ്മായി താമസിക്കുന്ന പുഞ്ചവയൽ എന്ന സ്ഥലം എരുമേലി മുണ്ടക്കയം റോഡിലാണ്. ഈ ഭാഗത്തുനിന്നാണ് ജെസ്നയെ കാണാതായത്.

ജെസ്ന ജീവനോടെയുണ്ടാകാൻ സാധ്യതയില്ല. രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തി ഫൊറൻസിക് പരിശോധന നടത്തണം. ആർത്തവ രക്തമാണോ അല്ലാത്ത തരത്തിലുള്ള രക്തമാണോ എന്ന് പരിശോധനയിലൂടെ കണ്ടെത്തണം. ആറു മാസം കൂടി അന്വേഷണം നീട്ടണം. തെളിവുകൾ നൽകാൻ കുടുംബം തയാറാണ്. ജെസ്നയുടെ വസ്ത്രത്തെക്കുറിച്ചോ രഹസ്യ സൗഹൃദത്തെക്കുറിച്ചോ സിബിഐ അന്വേഷിച്ചില്ലെന്നും കോടതിയിൽ തെളിവുകൾ ഹാജരാക്കുമെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ പറയുന്നു.

ജെസ്ന മരിയ ജയിംസ്, സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്.
ജെസ്ന മരിയ ജയിംസ്, സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്.

ജെസ്ന കേസ് സിജെഎം കോടതി വീണ്ടും പരിഗണിക്കുമ്പോൾ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നിപുൺ ശങ്കർ ഹാജരാകണം. രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് അന്വേഷിച്ചോ എന്ന് നിലപാട് അറിയിക്കണം. കോടതി നിർദേശിച്ചാൽ വസ്ത്രത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടിവരും. വസ്ത്രം കണ്ടെടുക്കണം. പഴയ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. രേഖകൾ പരിശോധിക്കണം. വസ്ത്രം ലഭിക്കാതെ വന്നാൽ കോടതിയുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്. കൂടുതൽ തെളിവുകൾ സിബിഐയ്ക്കും കോടതിക്കും കൈമാറുമെന്ന് പിതാവും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ജെസ്നയുടെ തിരോധാനക്കേസിലേക്ക് വെളിച്ചം വീഴാൻ ഇനിയും നാളുകളെടുത്തേക്കും.

English Summary:

Jesna Missing Case more mysterious every day even after five years of disappearance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com