ADVERTISEMENT

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ മനോജ് ഉണ്ണി മരിച്ച സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്ന് പൊലീസ്. സ്കൂട്ടർ യാത്രികൻ അമിത വേഗത്തിലായിരുന്നെന്നും പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു. യുവാവിന്റെ രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാണാൻ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞതെന്നും സ്ഥലത്ത് വെളിച്ചമില്ലായിരുന്നെന്നും മനോജിന്റെ സഹോദരി ചിപ്പി ആരോപിച്ചിരുന്നു. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ സഹോദരൻ മരിക്കില്ലായിരുന്നെന്നും ചിപ്പി പറഞ്ഞു. എന്നാൽ കയർ കെട്ടിയതിന് 5 മീറ്റർ മുന്നിൽ മൂന്നു പൊലീസുകാരെ നിർത്തിയിരുന്നെന്ന് കമ്മിഷണർ പറഞ്ഞു. ബൈക്കിലും മറ്റും ഒറ്റയ്ക്കെത്തി നടത്തുന്ന ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും അത്തരം ഭീഷണി നേരിടുന്നുണ്ട്. അത്തരം ആക്രമണങ്ങൾ തടയാനുള്ള സ്റ്റാൻഡാർഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് റോഡ് തടഞ്ഞിരുന്നതെന്നും കമ്മിഷണർ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പള്ളിമുക്ക് ജംക്‌ഷനു സമീപം കയറിൽ തട്ടി സ്കൂട്ടർ യാത്രികൻ തലയടിച്ചു വീഴുന്നത്. സൗത്ത് പാലമിറങ്ങി വരുമ്പോൾ രവിപുരം ഭാഗത്തേക്ക് തിരിയുന്നിടത്തായിരുന്നു പൊലീസ് കയർ കെട്ടിയിരുന്നു. ഇവിടെ നിന്ന് എംജി റോ‍‍‍‍‍ഡിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു ഉദ്ദേശം. കയറിൽ തട്ടി സ്കൂട്ടർ 50 മീറ്ററോളം മുന്നോട്ട് ഉരുണ്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മുന്നിൽ വരെ എത്തി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് നാലു മണിയോടെ പച്ചാളത്തെ പൊതുശ്മശാനത്തിൽ മനോജിന്റെ സംസ്കാരം നടത്തും.

English Summary:

Kochi Accident Death: Commissioner Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com