ADVERTISEMENT

തൃശൂർ∙ കേരളത്തിൽ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനുമാണ് മുൻതൂക്കം. ദക്ഷിണേന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. കഴിഞ്ഞ 10 വർഷം കണ്ടത് എൻഡിഎ സർക്കാരിന്റെ ട്രെയിലർ മാത്രം. രാജ്യത്തിന്റെ വികസനം ഇനി കാണാനിരിക്കുന്നേയുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. തൃശൂർ കുന്നംകുളത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മോദി, കരുവന്നൂർ കേസും പ്രസംഗത്തിൽ പരാമർശിച്ചു. ‘‘കേരള സർക്കാരിന് അഴിമതിയിലാണ് താൽപര്യം. ഇടത്, വലത് മുന്നണികൾ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നു. ബംഗാളും ത്രിപുരയും അവർ നശിപ്പിച്ചു. ഇപ്പോൾ കേരളത്തെയും. കേരളത്തിൽ അക്രമവും അരാജകത്വവും കൂടുകയാണ്. കോളജ് ക്യാംപസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു.

സിപിഎമ്മുകാർ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെൺകുട്ടികളെ വിഷമത്തിലാക്കി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഈ വിഷയത്തിൽ സിപിഎം മുഖ്യമന്ത്രി മൂന്നു വർഷമായി നുണ പറയുന്നു. പണം തിരിച്ചുനൽകും, കുറ്റക്കാരെ ശിക്ഷിക്കും എന്നാണ് നുണ പറയുന്നത്. എന്നാൽ ഈ അഴിമതിക്കേസിൽ മോദി സർക്കാരാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി രൂപ ഇ.ഡി പിടിച്ചെടുത്തു. ഇ.ഡി കണ്ടുകെട്ടിയ ചെയ്ത 90 കോടി രൂപ നിക്ഷേപകർക്ക് എങ്ങനെ തിരികെ നൽകാമെന്ന ചർച്ചയിലാണ്. എത്രയുംവേഗം പണം നിക്ഷേപകർക്കു തിരികെ നൽകും.’’– മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂർ കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കുന്ന പ്രവർത്തകർ. ചിത്രം: റസ്സൽ ഷഹുൽ ∙ മനോരമ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂർ കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കുന്ന പ്രവർത്തകർ. ചിത്രം: റസ്സൽ ഷഹുൽ ∙ മനോരമ

തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ വേണ്ടി നിരോധിക്കപ്പെട്ട സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാൻ വരെ കോൺഗ്രസ് കേരളത്തിൽ തയാറായിരിക്കുന്നെന്നും മോദി കൂട്ടിച്ചേർത്തു. വടക്കുംനാഥന്റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് മോദി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നരേന്ദ്ര മോദി എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. വളരെ സാവധാനം ജനങ്ങളെ അഭിവാദ്യം ചെയ്താണ് വാഹന വ്യൂഹം നീങ്ങിയത്.

കുന്നംകുളത്തെ പ്രചാരണയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. (Photo: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)
കുന്നംകുളത്തെ പ്രചാരണയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. (Photo: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)

ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്. ടി.എൻ‌.സരസു ആണ് ഇവിടെ ബിജെപി സ്ഥാനാർഥി. സുരേഷ് ഗോപി, നിവേദിത സുബ്രഹ്മണ്യൻ, അബ്ദുൽ സലാം, കെ.എ.ഉണ്ണികൃഷ്ണൻ എന്നീ സ്ഥാനാർഥികളും വേദിയിലുണ്ടായിരുന്നു. കെ.കെ.അനീഷ്കുമാർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി. ഗോപാലകൃഷ്ണൻ, എം.എസ്.സമ്പൂർണ്ണ അനീഷ് ഇയ്യാൽ, ഓമനക്കുട്ടൻ എന്നിവർ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിന്റെ മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പത്മജ വേണുഗോപാൽ, ദേവൻ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുത്തു.

ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്.

തമിഴ്നാട്ടിലും പ്രധാനമന്ത്രിക്ക് ഇന്നു പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കിയശേഷം തമിഴ്നാട്ടിലേക്കു പോകുന്ന നരേന്ദ്ര മോദി, വൈകിട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. നാളെയും തമിഴ്നാട്ടിലെ പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിൽ പോളിങ്.

English Summary:

PM Narendra Modi in Kerala- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com