ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഇന്ത്യാ മുന്നണി ദേശീയ തലത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ ശിവകുമാർ പറഞ്ഞു. 

‘‘രാജ്യത്തു നരേന്ദ്ര മോദി തരംഗമോ ബിജെപി തരംഗമോ ഇല്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെ രാജ്യം അംഗീകരിക്കില്ല. ബിജെപിയും എൽഡിഎഫുമായി കേരളത്തിൽ കൂട്ടുകെട്ടുണ്ട്. എൽഡിഎഫിനു വോട്ടു ചെയ്താൽ ആ വോട്ട് ബിജെപിക്കായിരിക്കും പോകുക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനം വിധിയെഴുതും. കേന്ദ്രസർക്കാർ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോട് അവഗണനയാണു കാണിക്കുന്നത്. അതിനും തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകും.

ബിജെപി എന്താണു കേരളത്തിനുവേണ്ടി ചെയ്തത്? വർഷങ്ങളായി രാജ്യസഭയെ പ്രതിനിധീകരിക്കുന്ന രാജീവ് ചന്ദ്രശേഖർ മന്ത്രിസ്ഥാനം രാജിവയ്ക്കാതെയാണു മത്സരിക്കുന്നത്. ലോക്സഭയിലേക്കു മത്സരിക്കുമ്പോൾ അദ്ദേഹം അധികാരസ്ഥാനം രാജിവയ്ക്കണമായിരുന്നു. കർണാടകയിൽ നിലവിലെ കേന്ദ്രമന്ത്രിമാർക്കുപോലും ബിജെപി സീറ്റ് നൽകിയിട്ടില്ല. പുതുമുഖങ്ങളെയാണ് കൂടുതലും മത്സരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ബിജെപിക്ക് മന്ത്രിമാരെയും സ്ഥിരം സ്ഥാനാർഥികളെയും തിരഞ്ഞെടുപ്പിൽനിന്ന് മാറ്റാനുള്ള സാഹചര്യമുണ്ടായതെന്നു ചിന്തിക്കണം. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെപോലും തിരുവനന്തപുരത്തു മത്സരിക്കാൻ അയച്ചിരിക്കുകയാണ്.

ബിജെപിക്ക് ആത്മവിശ്വാസം നഷ്ടമായി. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. ഇതിന്റെ തുടർച്ചയായി കൂടുതൽ ശക്തിയോടെ ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽവരും. തിരുവനന്തപുരത്തെ ജനം തരൂരിനെ വീണ്ടും തിരഞ്ഞെടുക്കും. തരൂരിനെ ആർക്കും തോൽപിക്കാൻ കഴിയില്ലെന്നാണു ബിജെപി നേതാവ് ഒ.രാജഗോപാലും പറഞ്ഞത്. കേരളത്തിൽ രണ്ടക്ക സീറ്റ് ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്. രണ്ട് പൂജ്യമായിരിക്കും കിട്ടുക. വയനാട്ടിലെ വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ തിരഞ്ഞെടുപ്പിനുശേഷം നടക്കും. രണ്ട് സംസ്ഥാനങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്ന നടപടികളുണ്ടാകും’’– ഡി.കെ.ശിവകുമാർ പറഞ്ഞു.

English Summary:

Karnataka Deputy CM Foresees UDF Victory in Kerala and India Front's Rise to Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com