‘ശ്രീജയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്തണം’: സുപ്രീംകോടതി കൊളീജിയം ശുപാർശ

Mail This Article
ന്യൂഡൽഹി∙ കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിർപ്പ് തള്ളി അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്‍ജിയായി ഉയർത്താൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. ശ്രീജ വിജയലക്ഷ്മി ഉൾപ്പെടെ 7 അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശുപാർശ 2023 ഡിസംബർ 5ന് കേരള ഹൈക്കോടതി കേന്ദ്രത്തിനു കൈമാറി. എന്നാൽ കേരള ഹൈക്കോടതിയിലെ സീനിയർ ഗവ.പ്ലീഡറായ ശ്രീജ ഒഴികെ ബാക്കി ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ 2024 മാർച്ച് 12ന് ചേർന്ന സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു.
കേന്ദ്ര ജസ്റ്റിസ് മന്ത്രാലയമാണ് ശ്രീജയെ ജഡ്‍ജിയായി ഉയർത്തുന്നത് എതിർത്തത്. വിഷയത്തിൽ കേരള ഹൈക്കോടതി കൊളീജിയത്തിന്റെ അഭിപ്രായം സുപ്രീംകോടതി കൊളീജിയം തേടി. ശ്രീജയെ ജഡ്ജിയായി ഉയർത്തണമെന്ന നിലപാട് ഹൈക്കോടതി കൊളീജിയം ആവർത്തിച്ചു. കേരള ഗവർണറും മുഖ്യമന്ത്രിയും ശ്രീജയുടെ പേരിനോടു യോജിച്ചു. തുടർന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനു ശുപാർശ കൈമാറി. സർക്കാർ അനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാൽ നിയമനമാകും.