ADVERTISEMENT

കൊച്ചി∙ അഭിഭാഷകരെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് മുളവുകാട് സ്റ്റേഷനിൽ കീഴടങ്ങിയത്. എറണാകുളം ബോൾഗാട്ടി ജംക്‌ഷനിലുള്ള ഭക്ഷണ സ്റ്റാളിലെ ജീവനക്കാരനാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

2023 ഡിസംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശികളായ അഭിഭാഷകർ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയപ്പോൾ അവരുടെ ഇരുചക്ര വാഹനം ഹോട്ടലുടമയായ മുഹമ്മദ്‌ യൂസഫും ജീവനക്കാരനായ തൗഫീകും ചേർന്ന് മറിച്ചിട്ടു. ഇതു ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ഇവരും സുഹൃത്തുക്കളും ചേർന്ന് അഭിഭാഷകരെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. ആക്രമണത്തിൽ ഒരു അഭിഭാഷകന്റെ ചെവിക്ക് മുറിവേറ്റ് കേൾവിക്കുറവുണ്ടായി.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. ഇതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഒളിവിലായിരുന്ന ഹോട്ടലുടമ യൂസഫിനെ മുളവുകാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അതിനിടെ, ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലം വാടകയ്ക്ക് എടുത്തിട്ടുള്ള കമ്പനിയുടെ മാനേജറെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയ ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിലായി. മുളവുകാട് കല്ലറക്കൽ വീട്ടിൽ ശ്രീലക്ഷ്മി (37) ആണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു.

മുളവുകാട് ഇൻസ്‌പെക്ടർ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ മുളവുകാട് എസ്ഐ അനീഷ് കെ.ദാസ്, എഎസ്ഐ ശ്യാംകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

English Summary:

Absconding Food Stall Employee in Lawyer Attack Case Surrenders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com