ADVERTISEMENT

മട്ടന്നൂര്‍ (കണ്ണൂർ) ∙ കേരളത്തിലെ സഹകരണ മേഖലയില്‍ വ്യാപകമായി അഴിമതി നടക്കുന്നുണ്ടെന്നും നഷ്ടപ്പെട്ട പണം അര്‍ഹതപ്പെട്ടവര്‍ക്കു തിരികെ നല്‍കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കേരളത്തില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് പൂർണമായും കാലിയായി. വികസനത്തിനായി ലഭിക്കുന്ന പണം ഇടത് സര്‍ക്കാര്‍ ദുര്‍വ്യയം ചെയ്യുകയാണ്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇടത്-വലത് ഊരാക്കുടുക്കില്‍നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മട്ടന്നൂരില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ്.

‘‘കേരളത്തില്‍ ക്രമസമാധാന നില പൂർണമായും തകര്‍ന്നു. ഒരു സംസ്ഥാനത്ത് വികസനം വരാന്‍ ക്രമസമാധാനം നന്നാവണം. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പൊതുസ്വഭാവം, അവര്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍നിന്ന് പുറത്ത് പോയാല്‍ പിന്നെ തിരികെ വരില്ല എന്നതാണ്. കേരളത്തില്‍നിന്നും അവരെ പുറത്താക്കണം. കാലഘട്ടത്തിനനുസരിച്ച് മുന്നോട്ടു വരാത്ത സിപിഎമ്മും കോണ്‍ഗ്രസും ഒരു നൂറ്റാണ്ട് പിന്നിലാണ്. കമ്യൂണിസം കാലഹരണപ്പെട്ട ആശയമാണ്. എവിടെയാണോ ആരംഭിച്ചത് അവിടെ കമ്യൂണിസമില്ല. ഇടത് മുഖമുദ്ര സ്വര്‍ണക്കടത്താണെങ്കില്‍ കോണ്‍ഗ്രസിന്റേത് അഴിമതിയാണ്. കേരളത്തെ കൊള്ളയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ബിജെപി വരണം. കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും വിശ്വസിക്കരുത്. കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഇവര്‍ കേരളത്തിനു പുറത്ത് ഒന്നിച്ച് നില്‍ക്കുന്നു.

കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. നേരത്തേ 100 പൈസ ഒരു പദ്ധതിയില്‍ ഡല്‍ഹിയില്‍ നിന്നയച്ചാല്‍ 14 പൈസ മാത്രമാണ് ഗുണഭോക്താവിനു ലഭിച്ചത്. 86 പൈസ അഴിമിതിയിലൂടെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അതിനു പരിഹാരം കണ്ടു. 100 പൈസ അയച്ചാല്‍ അത് മുഴുവനായും ഗുണഭോക്താവിനു ലഭിക്കും. നേരത്തേ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്ത രാജ്യം ഇന്ന് കയറ്റുമതി ചെയ്യുന്നു. ലോകത്തെ ഡിജിറ്റല്‍ പണമിടപാടില്‍ 46 ശതമാനം ഭാരതത്തിലാണ്. ഒരു മാസം 26 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ പണമിടപാട് നടക്കുന്നു.

നമ്മുടെ അതിര്‍ത്തികള്‍ ഇന്നു പൂർണമായും സുരക്ഷിതമാണ്. രാജ്യാന്തര വേദികള്‍ ഭാരതത്തെ ശക്തമായ രാജ്യമായാണ് കാണുന്നത്. നാം ഒരു രാജ്യത്തെയും ഭയപ്പെടുത്തുന്നില്ല. എന്നാല്‍ നമുക്ക് നേരെ വന്നാല്‍ വെറുതെയിരിക്കില്ല. രാജ്യരക്ഷാ ഉപകരണങ്ങള്‍ നാം ഇന്ന് ഇറക്കുമതി ചെയ്യുന്നില്ല. നേരത്തെ ഇതായിരുന്നു സ്ഥിതി. ഇന്ന് 21,000 കോടി രൂപയുടെ ഉപകരണങ്ങളാണ് കയറ്റി അയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Defense Minister Rajnath Singh Pledges Cleanup of Kerala's Financial Woes Amidst Allegations of Misused Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com