കളം നിറഞ്ഞ് എംഎൽഎമാർ; വടകരയിൽ വീറേറും പോര്
Mail This Article
കോഴിക്കോട്∙ കളരിക്ക് പേരുകേട്ട സ്ഥലമാണ് വടകര. പതിനെട്ടടവും അതിനപ്പുറത്തുള്ള അടവും പുറത്തെടുക്കുകയാണ് വടകരയിൽ ഇത്തവണ എൽഡിഎഫും യുഡിഎഫും. കെ.കെ.ശൈലജയും ഷാഫി പറമ്പിലും പ്രഫുൽ കൃഷ്ണയുമാണ് വടകരയിൽ ഏറ്റുമുട്ടുന്നത്. കൈവിട്ടുപോയ കുത്തക മണ്ഡലം തിരിച്ചുപിടിക്കാനാണ് കെ.കെ.ശൈലജയെ സിപിഎം മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ എംപിയായ കെ.മുരളീധരൻ തന്നെയായിരിക്കും ഇത്തവണ വടകരയിൽ മത്സരിക്കുന്നതെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. മുരളീധരനായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായാണ് ഷാഫി പറമ്പിൽ രംഗപ്രവേശനം ചെയ്തത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതിമാറി.
കോവിഡ്, നിപ്പ, പിപിഇ കിറ്റ് തുടങ്ങി നിരവധി വിഷയങ്ങൾ മണ്ഡലത്തിലെ പ്രചാരണ വിഷയങ്ങളാണ്. മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനോ കാർഷിക മേഖലയെ ഉദ്ധരിക്കാനോ ആവശ്യമായ നടപടികൾ മുൻ എംപി സ്വീകരിച്ചില്ലെന്നും എൽഡിഎഫും എൻഡിഎയും ആരോപിക്കുന്നു. എന്നാൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാനൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ ബാക്കി വിഷയങ്ങളെല്ലാം പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. യുഡിഎഫും എൻഡിഎയും ഒരുപോലെ ബോംബ് സ്ഫോടനത്തെ ചുറ്റിപ്പറ്റിയാണ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്.
വടകരയിലെ മത്സരം കഠിനമാണ്. ഓരോ ദിവസം കഴിയുന്തോറും പ്രചാരണം മുറുകി വരുന്നു. ആര് ജയിക്കുമെന്ന് യാതൊരു സൂചനയും ലഭിക്കാത്ത തരത്തിലുള്ള മത്സരമാണ് വടകരയിൽ നടക്കുന്നത്.