ADVERTISEMENT

ആലപ്പുഴ∙ എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനികൾ തമ്മിലുള്ള വിഷയമാണെന്നും അതു പാർട്ടി ചർച്ച ചെയ്യേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണു ഞങ്ങൾ പ്രതികരിച്ചത്. നിയമപരമായി അന്വേഷണം നടന്നോട്ടെ. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തോട്ടെ. ഇ.ഡി കേന്ദ്രത്തിന്റെ ഗുണ്ടാപ്പടയാണ്. അവർ എത്ര ശ്രമിച്ചാലും ബിജെപി ജയിക്കില്ല. അരി കുംഭകോണം മുതൽ എന്തെല്ലാം ആരോപണം വന്നു. ഇപ്പോഴത്തേത് 26നു തീരും. പിന്നെ അടുത്ത തിരഞ്ഞെടുപ്പിലേ വരൂ.

കരുവന്നൂർ ബാങ്കില്‍ കാലാവധിയെത്തിയ 51 കോടി രൂപയുടെ നിക്ഷേപങ്ങൾ മാത്രമാണു കൊടുക്കാനുള്ളത്. 192 കോടിയുടെ നിക്ഷേപം ജനങ്ങൾ പുതുക്കിയിട്ടുണ്ട്. വായ്പ ഉൾപ്പെടെ വീണ്ടും കൊടുക്കുന്നു. ജനങ്ങൾക്കു ബാങ്കിൽ വിശ്വാസമുണ്ടെന്നാണ് അതിനർഥം. ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ കൂടുതലൊന്നും ഇ.ഡി കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഇതെല്ലാം വൻകൊള്ളയാണെന്നു മോദി പ്രചരിപ്പിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ റേഞ്ച്. സാധാരണ ആർഎസ്എസുകാരൻ പോലും പറയാൻ മടിക്കുന്നതാണു മോദി പറയുന്നത്. നീരവ് മോദി 13000 കോടി രൂപയും വിജയ് മല്യയും മെഹുൽ ചോക്സിയും 8000 കോടിയും തട്ടിപ്പു നടത്തിയതു ദേശസാൽകൃത ബാങ്കുകളിൽനിന്നാണ്. അതിനെതിരെ മോദി ഒരക്ഷരം പറയുന്നില്ല.

മത്സരം ബിജെപിക്ക് എതിരെയെന്നു പറയുന്ന കോൺഗ്രസിന്റെ രണ്ടു പ്രമുഖർ ബിജെപിയില്ലാത്ത കേരളത്തിലാണു മത്സരിക്കുന്നത്. പക്ഷേ, അവർക്കു പാർട്ടിയുടെ പതാക ഉയർത്താൻ കഴിയുന്നില്ല. ബിജെപിയുടെ വിമർശനത്തെ ഭയന്നാണത്. കഴിഞ്ഞ തവണ ബിജെപി പ്രചരിപ്പിച്ചതു വയനാട്ടിൽ കോൺഗ്രസ് പാക്കിസ്ഥാൻ പതാകയുമായി മത്സരിച്ചെന്നാണ്. ഇതു മുസ്‌ലിം ലീഗിന്റെ പതാകയാണെന്നും അവരുമായി ചേർന്നാണു മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറയണമായിരുന്നു. പക്ഷേ, പറഞ്ഞില്ല. പിന്നെങ്ങനെ ഇവർ ബിജെപിയെ നേരിടും?

കേരള മുഖ്യമന്ത്രിയും സിപിഎമ്മും തന്നെ മാത്രമാണു വിമർശിക്കുന്നതെന്നാണു രാഹുൽ ഗാന്ധി പറയുന്നത്. അതിനു കാരണമുണ്ട്. കോൺഗ്രസുകാർ‍ ബിജെപിയിലേക്കു പോകുന്നതു തടയാൻ അദ്ദേഹത്തിനു കഴിയുന്നില്ല. ബിജെപിക്കു വേണ്ടി മത്സരിക്കുന്ന 1118 പേർ മുൻ കോൺഗ്രസുകാരാണ്. മുൻ മുഖ്യമന്ത്രിമാരായ കരുണാകരന്റെയും ആന്റണിയുടെയും മക്കൾ ഉൾപ്പെടെ പോയി. കേരളത്തിൽ 4 മുൻ കോൺഗ്രസുകാർ എൻഡിഎ സ്ഥാനാർഥികളാണ്.

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നെന്നു രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പറഞ്ഞില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലുമെങ്കിലും ഞങ്ങൾ അംഗീകരിക്കില്ലെന്നു പറയേണ്ടേ?

ഇലക്ടറൽ ബോണ്ട് കൊള്ളയാണെന്നു രാഹുൽ ഗാന്ധി പറയുന്നു. ഞങ്ങളും അതാണു പറയുന്നത്. പക്ഷേ, കൊള്ളയിൽ പങ്കാളിയായ പാർട്ടിയാണു കോൺഗ്രസ്. ഞങ്ങൾ ബോണ്ടിനെതിരെ കോടതിയിൽ പോയ പാർട്ടിയാണ്. ബിജെപിയും കോൺഗ്രസും മുതലാളിമാരുടെ ചെലവിൽ പ്രവർത്തിക്കുന്നു. ഞങ്ങൾ ജനങ്ങളുടെ ചെലവിലും. ഞങ്ങളുടെ ഫണ്ടും മരവിപ്പിച്ചില്ലേ? എന്നിട്ടും സുരേഷ് ഗോപി ജയിക്കുമോ?

മുംബൈ വിമാനത്താവളം അദാനിക്കു കൊടുത്തതിന്റെ കാരണങ്ങളെപ്പറ്റി രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ, തിരുവനന്തപുരം വിമാനത്താവളം സംസ്ഥാാന സർക്കാരിനു നൽകുന്നതിനെ എതിർത്തതു ശശി തരൂരാണ്. കെ.കെ.ശൈലജയ്ക്കെതിരെ അശ്ലീല ആക്രമണമാണു നടക്കുന്നത്. രാഷ്ട്രീയം പറഞ്ഞിട്ടു കാര്യമില്ല, അശ്ലീലം പറയാമെന്ന നിലപാടാണത്. ഇതിനു പിന്നിൽ യുഡിഎഫാണ്. ഗുണഭോക്താവ് ആരാണെന്നു നോക്കിയാലറിയാം.

കെ.സി.വേണുഗോപാലിന്റെ പ്രചാരണത്തിനായി നടത്തിയ തെരുവുനാടകത്തിനു നേരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തെയും യുഡിഎഫ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിനെയും അംഗീകരിക്കുന്നില്ല. ഞങ്ങളുടെ സാമഗ്രികൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. നടപടിയെടുക്കട്ടെ. ആലപ്പുഴ സീറ്റ് നിലനിർത്തും. ആരിഫ് ജയിച്ചാൽ ആലപ്പുഴയ്ക്കു രണ്ട് എംപിമാരുണ്ടാകും. കെ.സി.വേണുഗോപാലിനു രാജ്യസഭയിൽ 2 വർഷം ബാക്കിയുണ്ട്. ജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തതയോടെ തീരുമാനമെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ബിജെപിയിലേക്കു പോയേക്കാവുന്ന കോൺഗ്രസുകാർക്കൊപ്പം എന്തിനാണു തമിഴ്നാട്ടിലും മറ്റും സഖ്യമെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ബിജെപി വിരുദ്ധ വോട്ടുകൾ ചിതറാതിരിക്കാൻ. വിശാല താൽപര്യത്തിന്റെ പേരിലാണ് അത്തരം സഖ്യം.

English Summary:

MV Govindan criticises intervention of central agencies in State during election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com