ADVERTISEMENT

റായ്പുർ∙ മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതിനിടെ ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലൈറ്റുകളുടെ തിരിച്ചടി. ചൊവ്വാഴ്ച രാത്രി നാരായൺപുർ ജില്ലയിൽ ഒരു ബിജെപി പ്രവർ‌ത്തകനെ മാവോയിസ്റ്റുകൾ വധിച്ചതായി ജില്ലാ പൊലീസ് അറിയിച്ചു. ഡപ്യൂട്ടി ഗ്രാമസേവകനായ പഞ്ചമ്ദാസാണ് കൊല്ലപ്പെട്ടത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഛത്തീസ്ഗഡ് വനംമന്ത്രി കേദാർ കശ്യപ് അറിയിച്ചു.

2023 മുതൽ ഛത്തീസ്ഗഡിൽ ഒൻപത് ബിജെപി പ്രവർത്തകരെ നക്സലൈറ്റുകൾ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. ബിജാപുർ ജില്ലയിൽ മാർച്ച് ഒന്നിനും ആറിനും രണ്ട് ബിജെപി പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. തോയ്നർ ഗ്രാമത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാർച്ച് ഒന്നിന് ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിൽ കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബിജെപി നാരായൺപുര്‍ ജില്ലാ പ്രസിഡന്റ് രത്തൻ ദുബെയെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. 

മാവോയിസ്റ്റുകളെ ഇന്ത്യയിൽ നിന്ന് പൂർണമായും തുടച്ചു നീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ അമിത് ഷാ പ്രകീർത്തിച്ചു. ‘‘നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി സർക്കാർ നക്സലിസത്തിനും ഭീകരതയ്ക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു. 2014 മുതൽ മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ ഞങ്ങൾ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. 2019നു ശേഷം മാവോയിസ്റ്റുകളെ തടയുന്നതിനായി ഛത്തീസ്ഗഡിൽ 250 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണത്തിനു ശേഷം മൂന്നുമാസത്തിനിടെ ഛത്തീസ്ഗഡിൽ എൺപതിലധികം നക്സലുകളെ വധിച്ചു. 125ൽ അധികം പേരെ അറസ്റ്റ് ചെയ്തു. 150തോളം നക്സലൈറ്റുകൾ കീഴടങ്ങി.’’– അമിത് ഷാ പറഞ്ഞു. 

ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയുടെ നടപടിയെ പ്രകീർത്തിച്ച് അമിത് ഷാ  സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ: ‘‘സുരക്ഷാസേന നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ വലിയൊരു വിഭാഗം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ വിജയിപ്പിക്കുന്നതിനായി ധൈര്യസമേതം മുന്നോട്ടുവന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ഏറ്റുമുട്ടലിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ എത്രയും പെട്ടെന്നുതന്നെ സുഖം പ്രാപിക്കട്ടെ.’’– അമിത് ഷാ കുറിച്ചു. 

ഛത്തീസ്ഗഡിൽ വളരെ കുറഞ്ഞ പ്രദേശത്തുമാത്രമാണ് ഇപ്പോൾ മാവോയിസ്റ്റുകൾ ഉള്ളത്. ഛത്തീസ്ഗഡിൽ നിന്ന് മാത്രമല്ല. ഇന്ത്യയിൽ നിന്ന് നക്സലൈറ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഏറ്റുമുട്ടൽ പുരോഗമിക്കുന്നതിനിടെ സുരക്ഷാ സേനയ്ക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിനിടെയാണ് ഒരു ബിഎസ്എഫ് ജവാന് കാലിനു പരുക്കേറ്റത്. അദ്ദേഹത്തെ അപ്പോൾ തന്നെ ആശുപത്രിയിലേക്കു മാറ്റി– സുരക്ഷാസേന വ്യക്തമാക്കി. 

കാൻകെർ ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പ്രമുഖ നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ബിനഗുണ്ട, കൊറോനർ ഗ്രാമങ്ങൾക്കിടയിലുള്ള ഹാപതോല വനത്തിൽ പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും മറ്റൊരു മുതിർന്ന നേതാവ് ലളിതയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബസ്തർ ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. ബസ്തർ പ്രദേശത്തിന്റെ ഭാഗമായ കാൻകെർ മണ്ഡലത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും.

English Summary:

Naxalite Attack Leaves BJP Worker Dead in Chhattisgarh Amid Anti-Maoist Clampdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com