മുനിസിപ്പൽ ബസ് ടെർമിനൽ നിർമാണം ജനാഭിലാഷത്തിന്റെ സാക്ഷാത്കാരം: വി.കെ.ശ്രീകണ്ഠൻ

Mail This Article
പാലക്കാട്∙ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി? പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമാണം എംപി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിക്കാൻ കഴിഞ്ഞത് ഒരു ജനപ്രതിനിധി എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണെന്ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ. തുടക്കത്തിൽ രണ്ടു കോടി രൂപയാണ് അനുവദിച്ചത്. നിർമാണം ആരംഭിച്ച് കൃത്യസമയത്ത് ഒരു വർഷത്തിനുള്ളില്‍ തന്നെ ബസ് സ്റ്റാൻഡ് ടെർമിനൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ഒരുപക്ഷേ കേരളത്തില്‍ തന്നെ എംപി ഫണ്ട് ഉപയോഗിച്ച് ഒരു ബസ് ടെർമിനൽ നിർമിക്കുന്നത് പാലക്കാട് ടെർമിനലായിരിക്കുമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.
കരിമ്പുഴ ഹെലൻകെലർ വിദ്യാലയത്തിലെ കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് ബ്രയിൽ ലിപിയിലുള്ള കംപ്യൂട്ടർ ലാബ് 40 ലക്ഷം രൂപ ചിലവിട്ട് നിർമിക്കാനായി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പുതിയ തലമുറക്ക് പങ്കുവയ്ക്കുന്നതിനായി അകത്തേത്തറ ശബരി ആശ്രമത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഗാന്ധി മ്യൂസിയം നിർമാണം പൂർത്തീകരിക്കുകയാണെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.