തൃശൂർ പൂരം: ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ടെന്ന് മന്ത്രി കെ.രാജൻ

Mail This Article
തൃശൂർ∙ തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ടൈന്ന് തീരുമാനം. പരിശോധന വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തിയെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ. വനംവകുപ്പിന്‍റെ കടുത്ത തീരുമാനത്തിനു പിന്നാലെ തൃശൂർ പൂരത്തിനു ആനകളെ നൽകാൻ കഴിയില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷം വനംവകുപ്പ് ഡോക്ടര്‍മാരും പരിശോധിക്കണമെന്ന നിര്‍ദേശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വനം വകുപ്പ് നിര്‍ദേശം പിന്‍വലിക്കാതെ ആനകളെ പൂരത്തിനു വിടില്ലെന്ന് എലഫന്റ് ഓണേഴ്സ് അസോസിയേഷന്‍ അടക്കം നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരമാണ് ഉത്തരവെന്നായിരുന്നു സർക്കാർ നിലപാട്. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകൾക്ക് പൂരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ന് രാത്രിയാണ് പൂരത്തിന്റെ ഭാഗമായുള്ള സാംപിൾ വെടിക്കെട്ട്.