‘നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ട് ചെയ്യും, അത് പിണറായി വിജയനുള്ള താക്കീതാവും’: സതീശൻ
Mail This Article
കണ്ണൂർ∙ മനുഷ്യരെ കൊല്ലാൻ ബോംബുണ്ടാക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം ബോംബുണ്ടാക്കുന്നത് ആർഎസ്എസിന് എതിരെയല്ലെന്നും യുഡിഎഫുകാരെ കൊല്ലാനാണെന്നും സതീശൻ പറഞ്ഞു.
‘‘നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ട് ചെയ്യും. അത് പിണറായി വിജയനോടുള്ള താക്കീതാവും. പാനൂരിൽ ബോംബ് പൊട്ടി ക്ഷീണിച്ചിരിക്കുകയാണ് സിപിഎം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം മൻസൂർ എന്ന പ്രവർത്തകനെ ബോംബെറിഞ്ഞ് കൊന്ന പാർട്ടിയാണ് സിപിഎം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബോംബുണ്ടാക്കുന്നത് യുഡിഎഫുകാരെ കൊല്ലാനാണ്. ബോംബ് രാഷ്ട്രീയം തകർന്നപ്പോൾ പുതിയ നുണ ബോംബുമായി സ്ഥാനാർഥിയും സിപിഎമ്മും വന്നിരിക്കുകയാണ്’’ – സതീശൻ പറഞ്ഞു.
‘‘കെ.കെ.രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോൾ ശൈലജയും വൃന്ദ കാരാട്ടുമുണ്ടായിരുന്നില്ല. ലതിക സുഭാഷിനെ അച്യുതാനന്ദൻ അധിക്ഷേപിച്ചപ്പോഴും ആരുമുണ്ടായിരുന്നില്ല. മെഡിക്കൽ കോളജിൽവച്ച് പീഡനത്തിന് ഇരയായ അതിജീവിതയെ ഇവർ വളഞ്ഞിട്ട് ആക്രമിച്ചു. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചപ്പോഴും ഇവരുണ്ടായില്ല. ഉമാ തോമസിനെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംഘടനാ നേതാവ് അധിക്ഷേപിച്ചു. അരിതാ ബാബു, രമ്യാ ഹരിദാസ്, ബിന്ദു കൃഷ്ണ എന്നിവരും അപമാനിക്കപ്പെട്ടിട്ടുണ്ട്. ഒരു സ്ഥാനാർഥിയെയും യുഡിഎഫ് അപമാനിക്കുന്ന പ്രശ്നമില്ല’’–സതീശൻ പറഞ്ഞു.