കെ.കെ.ശൈലജയ്‌ക്കെതിരായ പോസ്റ്റ്: ഗൾഫ് മലയാളിയെ പ്രതിയാക്കി കേസെടുത്തു
Mail This Article
വടകര ∙ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ കെ.കെ.ശൈലജയ്‌ക്കെതിരായ ഫെയ്സ്ബുക് പോസ്റ്റിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗൾഫ് മലയാളിയുമായ കെ.എം. മിൻഹാജിനെ പ്രതിയാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തത്. കലാപാഹ്വാനത്തിനുള്ള വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 10 ദിവസം മുൻപ് ശൈലജ നൽകിയ പരാതിയിലാണു പൊലീസ് നടപടി സ്വീകരിച്ചത്.
ഫെയ്സ്ബുക് പോസ്റ്റിലൂടെ മിൻഹാജ് ശൈലജയ്ക്കു മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്നും അതുവഴി കലാപം ഉണ്ടാക്കാനും ശ്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. ചിത്രങ്ങൾ മോർഫു ചെയ്ത് അശ്ലീല സന്ദേശം പ്രചരിപ്പിക്കുന്നതായാണു ശൈലജ പരാതിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള യുഡിഎഫ് പ്രചാരണത്തിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.