ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ രണ്ടു സീറ്റേ ഉള്ളൂവെങ്കിലും രാജ്യമാകെ സ്വാധീനശേഷിയുള്ള തിരഞ്ഞെടുപ്പ് വിഷയത്തിന്റെയും സംസ്ഥാനത്തിന്റെയും പേരാണ് ഇന്ന് മണിപ്പുർ. ഇന്ത്യ ഉറ്റുനോക്കുന്ന മണിപ്പുരിൽ 2 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്, ഔട്ടറും ഇന്നറും. ഔട്ടർ മണിപ്പുർ സംവരണ മണ്ഡലമാണ്. ഒരു മണ്ഡലത്തിൽ 2 ദിവസമായി വോട്ടെടുപ്പ് എന്ന അപൂർവതയ്ക്കും മണിപ്പുർ സാക്ഷിയാകും. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഔട്ടർ മണിപ്പുരിൽ ഇത്തവണ 2 ദിവസമായാണു പോളിങ്. ആദ്യഘട്ട പോളിങ് നടക്കുന്ന ഏപ്രിൽ 19ന് ഇന്നർ മണിപ്പുർ മണ്ഡലം പൂർണമായും ഔട്ടർ മണിപ്പുരിലെ 15 നിയമസഭാ മണ്ഡലങ്ങളും വോട്ട് രേഖപ്പെടുത്തും. രണ്ടാം ഘട്ടമായ 26ന് ആണ് ഔട്ടർ മണ്ഡലത്തിലെ മറ്റ് 13 നിയമസഭാ മണ്ഡലങ്ങൾ വിധിയെഴുതുക. ജൂൺ നാലിനു ഫലമറിയാം.

∙ ദേശീയ ശ്രദ്ധാകേന്ദ്രമായി മണിപ്പുർ

കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിലെ 2 മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ്. മെയ്തെയ് ഭൂരിപക്ഷ മണ്ഡലമായ ഇന്നർ മണിപ്പുരിൽ ബിജെപി സ്ഥാനാർഥിയും മന്ത്രിയുമായ തൗനാജം ബസന്തകുമാർ സിങ്ങിനു കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ബിമൽ അക്കോയിജാം വെല്ലുവിളി ഉയർത്തുന്നു. കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നു കരുതുന്നവരുടെ സ്വതന്ത്ര വോട്ടുകളാണ് കോൺഗ്രസ് ലക്ഷ്യം. ഔട്ടർ മണിപ്പുരിൽ കോൺഗ്രസിനെതിരെ എൻഡിഎയുടെ ഭാഗമായ നാഗാ പീപ്പിൾസ് ഫ്രണ്ടാണ് (എൻപിഎഫ്) മത്സരിക്കുന്നത്. കുക്കി ഗോത്രങ്ങൾ ആർക്കു വോട്ടു ചെയ്യുമെന്നതു നിർണായകം. മെയ്തെയ്കൾക്ക് ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്‍വരയിലാണ് ഇന്നർ മണിപ്പുർ മണ്ഡലം. ഔട്ടർ മണിപ്പുർ എസ്ടി മണ്ഡലമാണ്. ഇതിൽ കുക്കികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ 19ന് വോട്ടെടുപ്പ് നടക്കും. നാഗാ ഗോത്രങ്ങൾക്കു ഭൂരിപക്ഷമുള്ളയിടങ്ങളിൽ 26നാണ് പോളിങ്. കുക്കി-സോ വിഭാഗം സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.

മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (ഫയൽ ചിത്രം) (Image by PTI photo)
മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (ഫയൽ ചിത്രം) (Image by PTI photo)

കലാപം ആളിക്കത്തിയപ്പോൾ മെയ്തെയ്കൾ തദ്ദേശീയരാണെന്ന വാദമുഖം ദേശീയമാധ്യമങ്ങളിൽ ഉയർത്തിയ ബിമൽ അക്കോയിജാം സ്വതന്ത്രവോട്ടുകൾ ആകർഷിക്കുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. മണിപ്പുരി പംഗലുകളിൽ (മെയ്തെയ് മുസ്‌ലിംകൾ) വലിയ വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. വിദ്യാസമ്പന്നരായ മെയ്തെയ് യുവജനങ്ങൾക്കിടയിലും സ്വാധീനമുണ്ട്. കലാപത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപിക്ക് ഇന്നർ മണിപ്പുർ മണ്ഡലത്തിലെ വിജയം അഭിമാനപ്രശ്നമാണ്. കേന്ദ്രമന്ത്രി ആർ.കെ.രഞ്ജനെ ഒഴിവാക്കിയാണ് ബിജെപി ഇന്നർ മണിപ്പുരിൽ ബസന്തകുമാറിനെ സ്ഥാനാർഥിയാക്കിയത്. ഗോത്ര വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള ഔട്ടർ മണിപ്പുരിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എൻഡിഎയുടെ ഭാഗമായ നാഗാ പീപ്പിൾസ് ഫ്രണ്ടിനാണു പിന്തുണ. മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.തിമോത്തി സിമിക്കിനെയാണു സ്ഥാനാർഥിയാക്കിയത്. ആൽഫ്രഡ് ആർതറാണു കോൺഗ്രസ് സ്ഥാനാർഥി.

മണിപ്പുരിൽ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ സേനാ ഉദ്യോഗസ്ഥർ. (PTI Photo)
മണിപ്പുരിൽ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ സേനാ ഉദ്യോഗസ്ഥർ. (PTI Photo)

കലാപത്തിൽ ഏറക്കുറെ സ്വതന്ത്ര നിലപാടെടുത്ത രഞ്ജന്റെ വീടിനുനേരെ തീവ്ര മെയ്തെയ് സംഘടനകൾ ആക്രമണം നടത്തിയിരുന്നു. വിവാദങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന ജനപ്രിയ മന്ത്രിയാണു ബസന്തകുമാർ. കലാപത്തിൽ ഇന്നർ മണിപ്പുരിലെ കോൺഗ്രസ് - ബിജെപി സ്ഥാനാർഥികളുടെ നിലപാടുകളും ഏതാണ്ട് ഒന്നാണ്. മെയ്തെയ്കൾക്കു പട്ടികവർഗ പദവി നൽകണമെന്നും കുക്കി മേഖലകൾക്കായി പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്നും ഇരു സ്ഥാനാർഥികളും പറയുന്നു. ഗോത്രവിഭാഗങ്ങൾക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ  കാങ്പോക്പി ജില്ല ഉൾപ്പെടുന്ന സദാർ ഹിൽസ് മേഖലയിലെ കുക്കി ഏകോപനസമിതിയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി തീരുമാനിച്ചു. ചുരാചന്ദ്പുർ, തെഗ്‌നോപാൽ ജില്ലകളിലെ കുക്കി ഗോത്രങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ ബിജെപിക്കും കോൺഗ്രസിനും ജയം

പേടിപ്പെടുത്തുന്ന നിശ്ശബ്ദതയാണ് മണിപ്പുരിൽ. ഇവിടെ കാര്യമായ പ്രചാരണപരിപാടികൾ ഇല്ല. എട്ടോ പത്തോ കിലോമീറ്റർ യാത്ര ചെയ്താൽ സ്ഥാനാർഥികളുടെ ഒറ്റപ്പെട്ട പരസ്യബോർഡുകൾ കാണാം. ഇരുനൂറിലധികം പേർ കൊല്ലപ്പെട്ട, അരലക്ഷത്തിലധികം പേർ ഭവനരഹിതരായ മണിപ്പുർ കലാപത്തിന് അടുത്ത മാസം 3ന് ഒരു വർഷം പൂർത്തിയാകുകയാണ്. ആയിരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ തുടരുന്നു. കലാപത്തിൽ ഏർപ്പെട്ട മെയ്തെയ്-കുക്കി വിഭാഗക്കാർക്കിടയിലുള്ള ബഫർ സോണുകളിൽ ബങ്കറുകളിലും കാസ്പർ വാനുകളിലുമായി നൂറുകണക്കിന് കേന്ദ്ര സേനാംഗങ്ങൾ ജാഗ്രതയോടെ നിലകൊള്ളുന്നു.

മണിപ്പുരിൽ ഇംഫാൽ വെസ്റ്റിലെ ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിനു സമീപം വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച നിലയിൽ.
മണിപ്പുരിൽ ഇംഫാൽ വെസ്റ്റിലെ ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിനു സമീപം വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച നിലയിൽ.

2019ലെ തിരഞ്ഞെടുപ്പിൽ ഇന്നർ മണിപ്പുരിൽ ബിജെപിയും ഔട്ടറിൽ നാഗാ പീപ്പിൾസ് ഫ്രണ്ടുമാണു ജയിച്ചത്. ഇന്നർ മണ്ഡലത്തിൽ കോൺഗ്രസിലെ ഒയിനം നബകിഷോർ സിങ്ങിനെയാണു ബിജെപിയിലെ ഡോ. രാജ്കുമാർ രഞ്ജൻ സിങ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 17,755 വോട്ട്. ഇവിടെ 2014ൽ കോൺഗ്രസിലെ ഡോ. തോക്‌ചോം മെയ്‌ന്യ ആണു ജയിച്ചത്. സിപിഐയിലെ മൊയ്‌രംഗ്‌തെം നാരയെ 94,674 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2009ലും ഇരുവരും തമ്മിലായിരുന്നു പ്രധാന മത്സരം. 30,960 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മെയ്‌ന്യയ്ക്കായിരുന്നു ജയം. 

‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഇംഫാലിലെത്തിയപ്പോൾ. (Photo: Special Arrangement)
‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഇംഫാലിലെത്തിയപ്പോൾ. (Photo: Special Arrangement)

2019ൽ ഔട്ടർ മണിപ്പുരിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ ലോർഹോ എസ് പിഫോസ് ബിജെപിയുടെ ഹൗലിം ഷോഖോപാവോ മേറ്റിനെ തോൽപ്പിച്ചത് 73,782 വോട്ടിനാണ്. 2014ൽ കോൺഗ്രസിന്റെ തങ്‌സോ ബെയ്‌റ്റാണു ജയിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ സോസോ ലോർഹോയെ തോൽപ്പിച്ചത് 15,637 വോട്ടിന്. 2009ലും കോൺഗ്രസിന്റെ തങ്‌സോ ബെയ്‌റ്റിനായിരുന്നു ജയം. പീപ്പിൾസ് ഡെമോക്രാറ്റിക് അലയൻസിലെ മണി ചരെനാമിയ്ക്കെതിരെ 1.19 ലക്ഷം വോട്ടിനാണു തങ്സോ ജയിച്ചത്.

∙ സാധ്യമായതെല്ലാം ചെയ്തെന്ന് മോദി

കലാപത്തെ തുടർന്ന് അശാന്തിയിലായ മണിപ്പുർ രാജ്യത്തിന്റെ തീരാനോവാണ്. മേയ് മൂന്നിന് തുടങ്ങിയ കലാപത്തീ ഇപ്പോഴും പുകയുന്നു. കുകി, നാഗ എന്നിവയടക്കം മുപ്പതിലേറെ ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ്കളും തമ്മിലാണു സംഘർഷം. ജനസംഖ്യയുടെ 64% വരുന്ന മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. മലനിരകളിലെ ജില്ലകളിൽ ഗോത്ര വിഭാഗക്കാർ ഏറെയുള്ളപ്പോൾ താഴ്‌വാര ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപ്പടർന്നു. ഒട്ടേറെപ്പേർ വീടുവിട്ട് ദുരിതാശ്വാസ ക്യാംപുകളിലും സമീപ സംസ്ഥാനങ്ങളിലും അഭയം തേടി. കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഊർജിതശ്രമം ഉണ്ടായില്ല. കേന്ദ്ര ഇടപെടലുകൾ വേണ്ടത്ര ഫലം കണ്ടതുമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ANI

കുക്കി ഗോത്രവിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രാജ്യമാകെ പ്രതിഷേധമിരമ്പി. യുവതികളിലൊരാളുടെ അച്ഛനും സഹോദരനും അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം ഇവരെ മർദിച്ചു കൊലപ്പെടുത്തി. ഈ സംഭവത്തെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ വിഷയത്തിൽ ആദ്യമായി മൗനം വെടിഞ്ഞു. നിസ്സംഗതയോടെയും അലക്ഷ്യമായും കലാപത്തെ സമീപിച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിനും ബിജെപി സർക്കാരിനുമെതിരെ പ്രതിഷേധമുയർന്നു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഓഗസ്റ്റ് 10ന് പ്രമേയം ലോക്സഭയിൽ ശബ്ദവോട്ടോടെ പരാജയപ്പെട്ടു. മണിപ്പുർ വിഷയത്തിൽ ഒന്നും മിണ്ടാതിരുന്ന പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ നിർബന്ധിതനായതു രാഷ്ട്രീയ വിജയമായി പ്രതിപക്ഷം കണക്കാക്കി.

അമിത് ഷാ (ഫോട്ടോ: മനോരമ)
അമിത് ഷാ (ഫോട്ടോ: മനോരമ)

മണിപ്പുരിൽ പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നാണു മോദി പറയുന്നത്. കേന്ദ്രസർക്കാരിന്റെ സമയോചിതമായ ഇടപെടൽ കാരണം സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. കലാപം രൂക്ഷമായിരുന്ന സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിൽ താമസിച്ച് സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും നൽകി. സമാധാന, പുനരധിവാസ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പുരിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾക്കെല്ലാം കാരണം കോൺഗ്രസാണെന്നാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് ആരോപിക്കുന്നത്. മണിപ്പുരിനെ തകർക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. തടസ്സങ്ങൾ പലതുണ്ടായിട്ടും മണിപ്പുരിലെ കലാപബാധിതരുടെ അടുത്തെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സങ്കടങ്ങൾ കേട്ടു. രാഹുലിന്റെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഉദ്ഘാടന വേദിയും മണിപ്പുരിലായിരുന്നു.

English Summary:

Lok Sabha Elections: Who Will Earn Manipur's Support in the Electoral Arena?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com