നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; യാത്ര കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചർച്ചയ്ക്ക്

Mail This Article
ന്യൂഡൽഹി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി പോകുന്നു. ശനിയാഴ്ച പ്രേമകുമാരി ഒമാനിലേക്ക് തിരിക്കും. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര. യെമനിൽ 30 വർഷത്തിലേറെയായി ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോമിനൊപ്പമാണു പ്രേമകുമാരി യാത്ര ചെയ്യുക. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയ്ക്കു വേണ്ടിയാണ് യാത്ര.
കഴിഞ്ഞമാസമാദ്യം, യെമനിലെ ഏദൻവരെ എത്താനുള്ള യാത്രാനുമതി പ്രേമകുമാരി ലഭിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. മുംബൈയിൽനിന്നു യെമനിലെ ഏദനിലേക്കു വിമാനമാർഗം യാത്ര ചെയ്യും. ഏദനിൽനിന്നു റോഡ് മാർഗം യെമൻ തലസ്ഥാനമായ സനയിലേക്കു പോയി മകളെ കാണാനാണു പരിപാടി.
യെമനിൽ ഏദനും തലസ്ഥാനമായ സനയും രണ്ടു ഭരണകൂടങ്ങൾക്കു കീഴിലാണ്. ഏദനിൽനിന്നു സനയിലേക്കു റോഡ് മാർഗം യാത്ര ചെയ്യണമെങ്കിൽ സനയിൽനിന്നുള്ള അനുമതി ലഭിക്കണമായിരുന്നു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. വധശിക്ഷയിൽനിന്നു മോചിതയാകാൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിനു ആശ്വാസധനം (ബ്ലഡ് മണി) നൽകുകയാണ് ഇനിയുള്ള മാർഗം. ഇതിന് ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.