ADVERTISEMENT

കോട്ടയം∙ റെയിൽവേ അധികൃതർ കാണാൻ; കൊച്ചുവേളി – മൈസൂർ എക്സ്പ്രസിൽ ഇന്നു പുലർച്ചെയുള്ള കാഴ്ചയാണിത്. ജനറൽ കമ്പാർട്ട്മെന്റിൽ അല്ല, റിസർവേഷൻ കോച്ചിൽ. തറയിൽ മാത്രമല്ല, റിസർവേഷൻകാരുടെ കൂടെക്കിടന്നു വരെ യാത്ര. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച റെയിൽവേ നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് റിസർവ് ചെയ്ത യാത്രക്കാർക്കു പോലും ‘ശുഭയാത്ര’ ഒരുക്കാനാവാത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നത്. 

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത ടിടിഇയെ ഇതര സംസ്ഥാനക്കാരൻ ട്രെയിനിനു പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. ഇതോടെ റിസർവേഷൻ കോച്ചുകളിൽപോലും സുരക്ഷിതമല്ലാത്ത ട്രെയിൻ യാത്ര ചർച്ചകളിൽ നിറഞ്ഞു. പക്ഷേ പാഠം പഠിക്കാനോ പരിഹാരം കാണോനോ റെയിൽവേ ഒരുക്കമല്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. മതിയായ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാലും യാത്രാ ആവശ്യങ്ങൾ അടിയന്തരമായതിനാലും റിസർവേഷൻ കോച്ചുകളിൽ കയറുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ചില യാത്രക്കാരുടെ പക്ഷം. 

തിങ്ങിനിറഞ്ഞ ജനറൽ കോച്ചിൽ നിന്നും താഴെ വീണുണ്ടാകുന്ന മരണങ്ങൾ കൂടുകയാണ്. ശബരി എക്സ്പ്രസിലെ യാത്രക്കാരൻ തിരക്ക് കാരണം കല്ലടയാറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ട്രെയിനിൽനിന്ന് വീണു പരുക്കേറ്റവരും നിരവധി. സാധാരണക്കാർ ആശ്രയിക്കുന്ന റെയിൽവേ അവർക്കുവേണ്ട മിനിമം സൗകര്യങ്ങൾപോലും ഏർപ്പെടുത്താതെയാണ് പ്രീമിയം ട്രെയിനുകളും എസി കോച്ചുകളും കൂട്ടാനുള്ള സർക്കാർ നീക്കം.

ഇതു ക്രൂരതയാണെന്നും ജീവനക്കാർ ഉൾപ്പെടെ ഈ സമീപനത്തിന്റെ ഇരയാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ.ലിയോൺസ് പറയുന്നു. ടിടിഇമാർ ആക്രമിക്കപ്പെടുന്നതിന്റെ കാരണവും, ആരുമറിയാതെ ദിവസവും ജനറൽ കംപാർട്ട്മെന്റുകളിൽനിന്നും യാത്രക്കാർ വീണു മരിക്കുന്നതിന്റെയും പരുക്കേൽക്കുന്നതിന്റെയും കാരണവും ജനറൽ കംപാർട്ട്മെന്റുകൾ വെട്ടിക്കുറച്ച റെയിൽവേയുടെ ഈ നടപടിയാണെന്ന് ലിയോൺസ്.

 തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഓടിനടന്ന് വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗത്ത് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയോടും ഇടയ്ക്കിടെ ഇന്ത്യൻ റെയിൽവേയുടെ പേരും പെരുമയും ട്വിറ്ററിൽ വിളമ്പുന്ന റെയിൽവേ മന്ത്രിയോടും സാധാരണക്കാരായ യാത്രക്കാർക്കു പറയാൻ ഒന്നേയുള്ളൂ; സാറുമ്മാരേ, ഞങ്ങൾക്ക് പ്രിമിയം ട്രെയിനുകൾ വേണ്ട! ദിവസേന ആ കുളിരും തണുപ്പും ഏറ്റു പോകാൻ സാധാരണക്കാരായ ഞങ്ങൾക്ക് പാങ്ങില്ല. എടുക്കുന്ന ടിക്കറ്റിന് ജനറൽ കംപാർട്ട്മെന്റിലെങ്കിലും മാന്യമായ യാത്ര ഉറപ്പാക്കിയാൽ മതി. ഈ ദുരുതയാത്ര ഇനിയെങ്കിലും കണ്ണ് തുറന്നു കാണൂ. വന്ദേഭാരതിന്റെ എണ്ണം കൂട്ടിയിട്ടോ, കൂടുതൽ പ്രീമിയം ട്രെയിനുകൾ കൊണ്ടുവന്നതു കൊണ്ടോ തീരുന്നതല്ല ഇവിടുത്തെ സാധാരണക്കാരന്റെ യാത്രാ ദുരിതം. സാമ്പത്തിക ലാഭത്തിനായി ജനറൽ കംപാർട്ട്മെന്റുകൾ വെട്ടിക്കുറച്ച് അതുകൂടി റിസർവേഷൻ ആക്കിയതിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണ യാത്രക്കാരാണ്. 

കൊച്ചുവേളി – മൈസൂർ ട്രെയിനിലെ ഒരു ദിവസത്തെ യാത്ര നൽകിയ ദുരനുഭവം ഇന്നും മാറിയിട്ടില്ലെന്ന് യാത്രക്കാരനായ ബിജോയും ഭാര്യ സൂസനും പറയുന്നു. അന്ന് റിസർവേഷൻ കോച്ചിൽ ജനറൽ കംപാർട്മെന്റിലേതിനേക്കാൾ തിരക്ക്. റിസർവേഷൻ ടിക്കറ്റുമായി ചെന്ന ഞങ്ങൾ നാലംഗ സംഘത്തിന് സ്വന്തം സീറ്റു പോലും ഏതെന്നു കണ്ടെത്താൻ സാധിക്കാത്ത വിധം സീറ്റുകൾക്കിടയിൽ നിലത്തു കിടന്നുറങ്ങുന്നവർ. ഇത് ജനറൽ കംപാർട്മെന്റിലെ തിരക്കല്ല. ജനറൽ കംപാർട്മെന്റിൽ കാലുകുത്താൻ ഇടയില്ലാത്തതുകൊണ്ട് റിസർവേഷൻ കോച്ച് കയ്യേറിയ യാത്രക്കാരാണ് എന്നറിഞ്ഞപ്പോൾ കൈയ്യിലുള്ള റിസർവേഷൻ ടിക്കറ്റും ചുരുട്ടിപ്പിടിച്ച് എടുത്താൽ പൊങ്ങാത്ത ലഗേജുമായി വാതിലിൽനിന്ന് യാത്ര ചെയ്യേണ്ടി വന്ന ഗതികേട്. 

ആകെ പരിശോധിച്ചാൽ പകൽ ഓടുന്ന എല്ലാ പ്രധാനപ്പെട്ട ട്രെയിനുകളിലിലെയും യാത്ര, ദുരിതം നിറഞ്ഞതാണെന്നതാണ് വാസ്തവം. യാത്രക്കാർ അനുഭവിക്കുന്ന ഈ പ്രയാസം റെയിൽവേ കണ്ടില്ലെന്നു നടിക്കുന്നത് വലിയ പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്. ജനപ്രതിനിധികൾ അടക്കമുള്ളവർ ഇക്കാര്യത്തിൽ വേണ്ടപോലെ ഇടപെടാത്തതും പ്രതിഷേധത്തിനു കാരണമാകുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് ഇനിയെങ്കിലും ജനറൽ കംപാർട്ട്മെന്റുകൾ വർധിപ്പിക്കാനുള്ള തീരുമാനം റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം. കൊല്ലത്തും പാലക്കാടും മെമു ഷെഡ് പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കി കൂടുതൽ മെമു സർവീസുകൾ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

English Summary:

Passenger Outcry as Train Journey Safety in Kerala Compromised Amid Decreased General Coaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com