‘ഉള്ള് പൊട്ടിപ്പോകുന്നു, ഇപ്പോഴെങ്കിലും പോകാൻ പറ്റിയല്ലോ’: മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര

Mail This Article
കൊച്ചി ∙ ‘‘ഉള്ള് പൊട്ടിപ്പോകുന്നുണ്ട്, എങ്കിലും കുറച്ച് സമാധാനമുണ്ട്. ഒത്തിരി വർഷങ്ങളായില്ലേ. കുറെ കഷ്ടപ്പെട്ടു, എങ്കിലും ഇപ്പോഴെങ്കിലും പോകാൻ പറ്റിയല്ലോ.’’– വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ പോകുന്നതിനെ കുറിച്ച് പ്രേമകുമാരി പറഞ്ഞത് ഇങ്ങനെ. ശനിയാഴ്ച പുലർച്ചെ കൊച്ചിയിൽനിന്ന് 5.30നുള്ള വിമാനത്തിൽ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും യാത്ര തിരിക്കും.
മുംബൈയിലെത്തുന്ന ഇവർ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയർവേസിന്റെ വിമാനത്തിൽ ഏദനിലേക്ക് പോകും. സാധാരണ സർവീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാർ ചികിത്സാർഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക. വീസ ലഭിച്ച് ഒന്നര മാസമായിട്ടും ഇക്കാരണത്താലാണ് യാത്ര വൈകിയതെന്ന് നിമിഷപ്രിയയുടെ അമ്മയ്ക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ കേസ് നടത്തിയ അഡ്വ.സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് യെമനിലേക്ക് പോകാൻ പ്രേമകുമാരിക്ക് അനുമതി നൽകിയത്.
യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദനിലെത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണ് പ്രേമകുമാരിയും സാമുവൽ ജെറോമും 400 കിലോമീറ്റർ അകലെയുള്ള വിമത പക്ഷത്തിന്റെ അധീനതയിലുള്ള യെമൻ തലസ്ഥാനമായ സനയിലേക്ക് പോവുക. അവിടുത്തെ ജയിലിലാണ് നിമിഷപ്രിയയെ പാർപ്പിച്ചിട്ടുള്ളത്. സനയിലെത്തി നിമഷപ്രിയയെ കാണാനാണ് ഇവർ ആദ്യം ശ്രമിക്കുക. പിന്നീടായിരിക്കും കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുക. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും യെമൻ ജനതയോടും പൊതുവായി മാപ്പു പറയുന്നതും നിമിഷപ്രിയയെ വിട്ടയയ്ക്കണമെന്ന് അപേക്ഷിക്കുന്നതും അടക്കമുള്ള കാര്യങ്ങളും ഇവരുടെ ആലോചനയിലുണ്ട്.

കുടുംബം ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ച് മാപ്പപേക്ഷ അംഗീകരിച്ചാൽ നിമിപ്രിയയുടെ മോചനത്തിനുള്ള വഴി തെളിയും. അതിലേക്കുള്ള ചർച്ചകള്‍ നടന്നുവരികയാണെന്ന് സാമുവൽ ജെറോം നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമായതിനാൽ യെമനിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യയ്‌ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഇവിടുത്തെ എംബസി പ്രവര്‍ത്തിക്കുന്നത് ജിബൂട്ടിയിലാണ്. എംബസിയും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലുമാണ് യെമനിലെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
2017ലാണ് യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2012ൽ നഴ്സായി യെമനിൽ ഭർത്താവുമൊത്ത് ജോലിക്ക് എത്തിയതാണ് നിമിഷപ്രിയ. ഇവിടെയുള്ള ക്ലിനിക്കിൽ ജോലിക്കു കയറിയ നിമിഷപ്രിയ പിന്നീടാണ് അബ്ദുമഹ്ദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി നിമിഷപ്രിയയും ഭർത്താവും സമ്പാദ്യമെല്ലാം അബ്ദുമഹ്ദിയെ ഏൽപ്പിച്ചു. തുടക്കത്തിൽ മാന്യമായി ഇടപെട്ടിരുന്ന അബ്ദുമഹ്ദി പിന്നീട് നിമിഷപ്രിയ ഭാര്യയാണെന്ന് പ്രചരിപ്പിച്ചു തുടങ്ങി. ഭീഷണിപ്പെടുത്തി വിവാഹം നടത്തുകയും ചെയ്തു.
ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ജീവൻ പോലും അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് ലഹരിമരുന്ന് കുത്തിവച്ച് പാസ്പോർട്ടുമെടുത്ത് രക്ഷപെടാൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ പറയുന്നത്. എന്നാൽ അബ്ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിനു മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരംണ കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതി വരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.