സൗമ്യ തൂങ്ങിയ ശേഷമേ സുനിൽ തൂങ്ങാവൂ എന്ന് ധാരണ; കുരുക്കിട്ടു കൊടുത്തു, എല്ലാ സൗകര്യവും ഒരുക്കി
Mail This Article
വെച്ചൂച്ചിറ∙ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ തൂങ്ങിയ ശേഷം മാത്രമേ ഭർത്താവ് തൂങ്ങാവൂ എന്ന് പരസ്പരം ധാരണ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനായി ഭർത്താവ് ഒരു കഷണം കയർ മുറിച്ച് മുറിയിൽ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നുവെന്ന് പറയുന്നു. മുക്കൂട്ടുതറ സന്തോഷ് കവല കാവുങ്കൽ വീട്ടിൽ സൗമ്യ (35) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സുനിൽകുമാറിനെയാണ് (40) പ്രേരണാക്കുറ്റം ചുമത്തി വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങി മരിക്കാൻ സൗമ്യയ്ക്കു സൗകര്യമൊരുക്കിയ ശേഷം സുനിൽ പിൻവാങ്ങുകയും ആയിരുന്നെന്നു പൊലീസ് പറയുന്നു. എരുമേലി സ്റ്റേഷനിലേക്ക് ഇന്ന് എത്തണമെന്നു ബുധനാഴ്ച സുനിലിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുനിലിന്റെ സുഹൃത്തിന്റെ ഭാര്യ സുനിലിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പൊലീസ് പറയുന്നത്: സുനിലിന്റെ സുഹൃത്തുമായി സൗമ്യയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇത് സുനിലിന് അറിയാമായിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും സുനിൽ വഴി സൗമ്യയ്ക്കു കൊടുത്തിരുന്നു. സുനിലുമായി രഹസ്യ ബന്ധത്തിന് തയാറാകണമെന്നു സുഹൃത്ത് ഭാര്യയെ നിർബന്ധിച്ചതോടെ യുവതി എരുമേലി പൊലീസിൽ പരാതി നൽകി. തുടർന്നാണ് സുനിലിനെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ സംഭവം പുറത്തറിഞ്ഞാൽ അപമാനമാകുമെന്നു കരുതി ബുധനാഴ്ച രാത്രി സുനിലും സൗമ്യയും ജീവനൊടുക്കാൻ തീരുമാനിച്ചു.
രാത്രി മകനുമായി സൗമ്യ ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം സുനിൽകുമാറാണ് ഫാനിൽ കയർ കെട്ടിക്കൊടുത്തത്. സൗമ്യയുടെ കഴുത്തിൽ ഇടാൻ കുരുക്കിട്ടു കൊടുത്തതും സുനിലാണ്. യുവതിക്ക് കയറി നിൽക്കാൻ പാകത്തിന് കട്ടിൽ ചരിച്ചിട്ടു കൊടുത്തു. സുനിൽ മദ്യപിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. സുനിൽ വെച്ചൂച്ചിറ ഇൻസ്‌പെക്ടർ ആർ.റോജ്, എസ്.ഐ.രതീഷ്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.