ADVERTISEMENT

എണ്ണംപറഞ്ഞ, തലമുതിർന്ന നേതാക്കളില്ലാത്ത തിരഞ്ഞെടുപ്പ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അങ്ങനെയും വിശേഷിപ്പിക്കാം. കെ.എം.മാണി, കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ. കേരളം ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ഈ നാലുപേരുടെ അഭാവത്തിലാണ്. പാർട്ടി പ്രവർത്തനം പോലെ എളുപ്പമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം. മഹാഭാരതയുദ്ധമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പൊതുതിരഞ്ഞെടുപ്പിൽ അർജുനന്റെ തേരാളിയായ കൃഷ്ണൻ സ്വീകരിച്ച അതേ നയചാരുതയോടെ വേണം പാർട്ടിയെയും സ്ഥാനാർഥികളെയും നയിക്കാൻ.  തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മത്സരിച്ചും ജയിച്ചും പരാജയപ്പെട്ടും അണികളെയും സഖ്യകക്ഷികളെയും നയത്തിൽ ഒപ്പം നിർത്തിയും പടലപിണക്കങ്ങളെ രമ്യമായി പരിഹരിച്ചും അപ്രതീക്ഷിതമായി വരുന്ന വിവാദങ്ങളെയും വെല്ലുവിളികളെയും എതിർകക്ഷികളുടെ പോർവിളികളെയും അനായാസം നേരിട്ടും മുന്നേറണമെങ്കിൽ അസാമാന്യമായ തിരഞ്ഞെടുപ്പ് പ്രവർത്തന വൈഭവം കൂടിയേ തീരൂ. അക്കാര്യത്തിൽ അഗ്രഗണ്യരായിരുന്നു ഈ നാലുപേരും. ഇവർ സൃഷ്ടിച്ച ശൂന്യത പ്രവർത്തനം കൊണ്ട് മറികടക്കാൻ ശ്രമിക്കുമ്പോഴും ഇവരുണ്ടായിരുന്നെങ്കിലെന്ന് അറിയാതെ പ്രവർത്തകർ ആഗ്രഹിച്ചുപോകുന്നതും അതുകൊണ്ടുതന്നെ. 

ആൾക്കൂട്ടം നോക്കുന്നു കുഞ്ഞുഞ്ഞ് എവിടെയെന്ന് 

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)
ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

ആൾക്കൂട്ടത്തിന്റെ നേതാവായിരുന്നു ഉമ്മൻചാണ്ടി. എന്നും ജനക്കൂട്ടത്തിന് നടുവിൽ നിന്ന് അവരുടെ പ്രശ്നങ്ങൾ കേട്ട് നടന്നിരുന്ന അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. അദ്ദേഹത്തിന് ചുറ്റുമുള്ള ആൾക്കൂട്ടം തന്നെയായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിന്റെ കരുത്ത്. ‍‘‘ഉമ്മൻചാണ്ടി സാറിനെ ജനങ്ങൾ നേതാവായല്ല കണ്ടിരുന്നത്. അവർക്ക് അദ്ദേഹം അച്ഛനും സഹോദരനും  കൂട്ടുകാരനും എല്ലമായിരുന്നു. നോതാവ് എന്ന മേലങ്കിയണിഞ്ഞ ഉമ്മൻചാണ്ടിയെ കോൺഗ്രസ് പ്രവർത്തകരോ ഐക്യജനാധിപത്യ മുന്നണിയോ കണ്ടിട്ടില്ല. അദ്ദേഹം പ്രവർത്തകരിൽ ഒരാളായിരുന്നു.’’ ഉമ്മൻചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് കോൺഗ്രസ് നേതാവ് യൂജിൻ സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. 

‘‘ കോട്ടയത്ത് രാഹുൽ ഗാന്ധി വരികയാണ്. കുറച്ചുദിവസങ്ങളായി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങളെല്ലാവരും ചിന്തിക്കുന്ന അവസരങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നിങ്ങൾ വിളിക്കുന്നത്. എന്നും കോട്ടയത്തിന് ഉമ്മൻചാണ്ടി സാറിന്റെ ജില്ല എന്നൊരു പരിഗണന ലഭിച്ചിരുന്നു. ഇത്തവണ അങ്ങനെയില്ലെന്നല്ല, പക്ഷെ അദ്ദഹത്തിന്റെ അഭാവം ഞങ്ങൾ പ്രവർത്തകർക്ക് അനുഭവപ്പെടുന്നുണ്ട്. അങ്ങേയറ്റം കഠിനാധ്വാനം ചെയ്ത് ഫലം വരുന്നത് വരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മുഴുവൻ സമയവും മുഴുകിയിരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്തൊരു ആവശ്യത്തിനും എന്തൊരു സഹായത്തിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമുക്ക് ഉമ്മൻചാണ്ടി സാറിനെ വിളിക്കാൻ സാധിക്കും. ഉമ്മൻചാണ്ടി സാറിന്റെ അഭാവം എന്നുപറയുന്നത് കോട്ടയത്തെ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകരെ സംബന്ധിച്ച് രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ നികത്താനാകാത്ത വിടവാണ്. കാരണം, ചെറുതും വലുതുമായ എന്തുകാര്യവും ഞങ്ങൾക്ക് ഉമ്മൻചാണ്ടി സാറിനോട് പറയാൻ സാധിക്കുമായിരുന്നു. അത് കേൾക്കാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സുതാര്യവും വ്യക്തവുമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടും.’’ യൂജിൻ ഓർക്കുന്നു. 

ഒരു ചിരി, ഒരു ഫോൺ കോൾ, നഷ്ടം കോടിയേരി ടച്ച് 

കോടിയേരി ബാലകൃഷ്ണനും വിനോദിനിയും (ഫയൽ ചിത്രം: മനോരമ)
കോടിയേരി ബാലകൃഷ്ണനും വിനോദിനിയും (ഫയൽ ചിത്രം: മനോരമ)

ഇടതുപക്ഷത്തിന്റെ പ്രസന്നമായ മുഖം കോടിയേരി ബാലകൃഷ്ണനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് അദ്ദേഹത്തിന്റെ ചിരിയാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അടിയന്തരാവസ്ഥക്കാലത്തെ പ്രവർത്തനത്തിലൂടെ പാർട്ടിയിൽ മുന്നേറിയ അദ്ദേഹത്തെ നേതാവായി രൂപപ്പെടുത്തിയെടുക്കുന്നത് അക്കാലയളവാണ്. അതേ ചുറുചുറുക്കോടെയാണ് പിന്നീട് പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കോടിയേരി നിലയുറപ്പിച്ചിട്ടുള്ളതും. കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചെടുത്ത് തീരുമാനങ്ങൾ നടപ്പിലാക്കിയിരുന്ന പാർട്ടി സെക്രട്ടറി. ആ കരുത്താണ് ഇത്തവണ എൽഡിഎഫിനെ ദുർബലരാക്കുന്നത്. ‘‘ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യം നൽകിയിരുന്ന കരുത്ത് വളരെ വലുതായിരുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമല്ല കേരളത്തിൽ ഉടനീളം അത് പ്രതിഫലിച്ചിരുന്നു. സാഹചര്യങ്ങളെ വിലയിരുത്തി അതിന് അനുസൃതമായ തന്ത്രങ്ങൾ മെനഞ്ഞ് ഇടതുമുന്നണിയെ മുന്നോട്ട് നയിച്ച നേതാവാണ്. ആശയപരമായി കാര്യങ്ങളെ സമീപിക്കുമ്പോൾ തന്നെ പ്രായോഗികമായ തലത്തിലേക്ക് അതിനെ വികേന്ദ്രീകരിച്ചുകൊണ്ടുവരുന്നതിനുള്ള പരിശ്രമം നടത്തുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ പത്ര സമ്മളനങ്ങൾ, പൊതുസമ്മേളനങ്ങളിലെ പ്രസംഗങ്ങൾ, സംവാദങ്ങൾ അതെല്ലാം തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിക്ക് ഊർജമേകിയിരുന്നതാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ രൂക്ഷമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യം എന്നുപറയുന്നത് അതുകൊണ്ടുതന്നെ നന്നായി പ്രതിഫലിക്കും. പക്ഷെ അതിനെയെല്ലാം മറികടന്നുമുന്നോട്ട് പോകുക എന്നതാണ് അണികൾക്ക് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.’’ സിപിഎം നേതാവ് ഹരി പറയുന്നു. 

കോടിയേരി ബാലകൃഷ്ണനൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)
കോടിയേരി ബാലകൃഷ്ണനൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)

സിപിഎം സിപിഐ ബന്ധം ഊട്ടിയുറപ്പിക്കാൻ മുന്നിൽ നിന്ന നേതാക്കളാണ് കോടിയേരിയും കാനവും ഇരുവരും തമ്മിലുള്ള വ്യക്തി ബന്ധവും ആ ഐക്യത്തിന് കരുത്തുപകർന്നിരുന്നു. സിപിഐ–സിപിഎം ബന്ധത്തിന്റെ അളവുകോൽ എന്നുപറയുന്നത് കാനം–കോടിയേരി ബന്ധമായിരുന്നു. ഉഭയകക്ഷി ചർച്ചകളിലേക്ക് പോകും മുൻപുതന്നെ പ്രശ്നങ്ങൾ ഒരു ഫോൺകോളിൽ പരിഹരിക്കാൻ ആ ആത്മബന്ധം കൊണ്ട് ഇരുവർക്കും സാധിച്ചിരുന്നു. അവരിരുവരുമില്ലാതെയാണ് ഇടതുമുന്നണി ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 

തിരഞ്ഞെടുപ്പ് ചക്രം എങ്ങോട്ട് തിരിക്കണമെന്ന് മാണി സാറിന് അറിയാം 

കെ.എം.മാണി (ഫയൽ ചിത്രം)
കെ.എം.മാണി (ഫയൽ ചിത്രം)

‘‘രാഷ്ട്രീയത്തിൽ കെ.എം.മാണിയോളം കരിസ്മയുള്ള ഒരു നേതാവുണ്ടോയെന്ന് സംശയമാണ്. മാണിസാറിന് പൊതുജനം കൊടുക്കുന്ന സ്ഥാനം വളരെ വലുതായിരുന്നു, സാർ പറഞ്ഞതല്ലേ ഇന്നയാൾക്ക് വോട്ട് ചെയ്യാം എന്നാണ് ജനം പറയാറുള്ളത്. അത്രയും കരിസ്മയുള്ള നേതാവായിരുന്നു. എന്തെങ്കിലും കാര്യത്തിനായി അദ്ദേഹത്തെ സമീപിച്ചാൽ അത് നടന്നില്ലെങ്കിലും, അതിനുള്ള സാധ്യത കുറവാണെങ്കിലും, അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ജനം സന്തോഷത്തോടെ മാത്രമേ മടങ്ങൂ. കാരണം അവർക്കറിയാം അദ്ദേഹം അത്രയേറെ ആത്മാർഥമായി ശ്രമിച്ചിരിക്കുമെന്ന്. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.’’ കേരള കോൺഗ്രസ് (എം) നേതാവ് സ്റ്റീഫൻ ജോർജ് ഓർക്കുന്നു. 

കെ.എം.മാണി ഓർമ ദിനാചരണത്തിന്റെ ഭാഗമായി  കേരള യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ പുഷ്പാർച്ചന. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
കെ.എം.മാണി ഓർമ ദിനാചരണത്തിന്റെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ പുഷ്പാർച്ചന. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിശ്രമമില്ലാത്ത, കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നത് ഹരമായിരുന്ന, ജനങ്ങളോട് സംസാരിക്കുന്തോറും ഊർജസ്വലനായിരുന്ന പാലാക്കാരുടെ സ്വന്തം മാണിസാർ വിടപറഞ്ഞിട്ട് അഞ്ചുവർഷം. ‘‘മാണി സാർ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ കുറിച്ചുള്ള മുഴുവൻ കാഴ്ചപ്പാടും മാറുകയാണ്. ഒരു സ്ഥാനാർഥിയെ ജനങ്ങളുടെ മുന്നിൽ എങ്ങനെ അതരിപ്പിക്കണം എന്ന് കൃത്യമായി അദ്ദേഹത്തിന് അറിയാം. തിരഞ്ഞെടുപ്പ് ചക്രം തിരിക്കുക എന്ന് പറയുന്നത് ഒരു കഴിവാണ്. എവിടെയൊക്കെ ന്യൂനതയുണ്ടോ അത് കണ്ടുപിടിച്ച് പരിഹരിക്കാനുള്ള പ്രാപ്തിയുണ്ടാകണം.തിരഞ്ഞെടുപ്പുകാലത്ത് പലരീതയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുക അത് നിഷ്പ്രയാസമാണ് അദ്ദേഹം പരിഹരിച്ചിരുന്നത്. എന്റെ സ്ഥാനാർഥിയാണ് ജയിപ്പിക്കണം എന്നു അദ്ദേഹം പറഞ്ഞാൽ ജനം അത് ഉൾക്കൊള്ളും. ഞങ്ങളെല്ലാം ജയിച്ചുവരുന്നത് അങ്ങനെയാണ്. ഏതുതരം അടിയൊഴുക്കുകളെയും തന്റെ പ്രസംഗത്തിലൂടെയും സംഘാടനത്തിലൂടെയും പിടിച്ചുനിർത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. കുടുംബയോഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വേദികൾ. ഒരനുഭവം പങ്കുവെയ്ക്കാം. മാണി സാറിന് എതിരായി ഒരു കോളനി ഉണ്ടായിരുന്നു. അത് എതിർവിഭാഗത്തിന്റെ മേഖലയാണ്. ആ ഭാഗം മറിക്കാതെ രക്ഷയില്ല. എന്തുചെയ്യും. അദ്ദേഹം അവിടെ അവരുടെ നേതാവിന്റെ വീട്ടിൽ കയറിച്ചെന്നു. മാധവൻ എന്നാണ് അയാളുടെ പേര്. ചെന്നപ്പോൾ അദ്ദേഹം അവിടെയില്ല. അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ച് ഒരു തലയിണയും പായയും വാങ്ങി അദ്ദേഹം വിശ്രമിച്ചു. മാധവൻ വരുമ്പോൾ വെളുത്ത ജുബ്ബയൊക്കയിട്ട് മാണി സാർ ചാണകം മെഴുകിയ ആ തറയിൽ കിടന്ന് ഉറങ്ങുന്നു. അയാൾക്കുണ്ടായ സന്തോഷം ചെറുതല്ല. മാധവനൊപ്പം കാപ്പികുടിച്ച് സഹായിക്കണം എന്നെല്ലാം സംസാരിച്ചാണ് മാണി സാർ അന്ന് മടങ്ങിയത്. ഫലം വന്നപ്പോൾ കോളനി മാണിസാറിനൊപ്പം. അതായിരുന്നു അദ്ദേഹത്തിന്റെ വൈഭവം. ’’സ്റ്റീഫൻ ഓർത്തെടുത്തു. 

പ്രശ്നം പരിഹരിക്കുന്ന കാനം പ്രൊപ്പോസൽ 

കാനം രാജേന്ദ്രൻ.ചിത്രം: അഭിജിത്ത് രവി∙മനോരമ
കാനം രാജേന്ദ്രൻ.ചിത്രം: അഭിജിത്ത് രവി∙മനോരമ

‘‘തിരഞ്ഞെടുപ്പിൽ വേഗതയാണ് വേണ്ടത്. ‌കാര്യങ്ങൾ അപ്പപ്പോൾ പരിഹരിക്കപ്പെട്ടുപോകണം. അത്തരം സ്ഥലങ്ങളിൽ ഇവരുടെ ബന്ധം വലിയ ഗുണമായിരുന്നു. കാനം വിടപറഞ്ഞിട്ട് കുറച്ചുനാളുകളെ ആകുന്നുള്ളൂ. അതുകൊണ്ടുതന്നെ കാനം ഇല്ല എന്ന യാഥാർഥ്യത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകളുണ്ടാകുമ്പോഴാണ് തിരിച്ചറിവിലേക്ക് വരുന്നത്. വൈഭവമുളള തിരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരനായിരുന്നു കാനം.  കാനവും കോടിയേരിയും അടുത്ത സുഹൃത്തുക്കളായിരുന്നു. 

‘‘സ്വാഭാവികമായിട്ടും രണ്ട് നേതാക്കന്മാർ ഒരുവർഷത്തിൽ മൺമറഞ്ഞുപോകുമ്പോൾ വലിയ ഉത്തരവാദിത്ത്വമാണ് പുതിയ നേതൃത്വത്തിന് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പിന്റെ ജോലികൾ ചെയ്യുന്നത് പാർട്ടി സെക്രട്ടറിമാർ ആണ്. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉൾപ്പെടെയുള്ള കാര്യങ്ങൾ, ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, സർക്കാരുള്ള മുന്നണി സംസ്ഥാനത്ത് മത്സരിക്കമ്പോൾ ധാരാളം വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത് ജനങ്ങളെ മനസ്സിലാക്കി കൊടുക്കുക. പാർട്ടി പ്രവർത്തകരിൽ ആത്മവശ്വാസം ഉണ്ടാക്കുക തുടങ്ങി വളരെ മുതിർന്ന നേതാക്കൾക്ക് കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ അത് മറികടക്കുക എന്നുള്ളതാണ് പ്രവർത്തകരുടെ ഉത്തരവാദിത്വം.’’ സിപിഐ നേതാവും കാനത്തിന്റെ സന്തത സഹചാരിയുമായിരുന്ന സുബേഷ് പറയുന്നു.   

കണ്ണീരഞ്ജലി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കോട്ടയം കാനത്തെ വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോൾ മന്ത്രിമാരായ പി.പ്രസാദും കെ. രാജനും പൊട്ടിക്കരയുന്നു. ചിത്രം: ജിൻസ് മൈക്കിൾ∙മനോരമ
കണ്ണീരഞ്ജലി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കോട്ടയം കാനത്തെ വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോൾ മന്ത്രിമാരായ പി.പ്രസാദും കെ. രാജനും പൊട്ടിക്കരയുന്നു. ചിത്രം: ജിൻസ് മൈക്കിൾ∙മനോരമ

തിരഞ്ഞെടുപ്പുകൾക്കകത്ത്. സ്ഥാനാർഥി നിർണയം പോലുള്ള കാര്യങ്ങളിൽ കാനം ഒരു പ്രൊപ്പോസൽ കൊണ്ടുവരിക ദീർഘവീക്ഷണത്തോടെയാണ്. മാധ്യമങ്ങൾ വരെ തോൽക്കുമെന്ന് പ്രവചിച്ചവർ വിജയിച്ചിട്ടുണ്ട്.  വലിയ ആൾക്കൂട്ടത്തിലേക്ക് പോകുന്നതല്ല തിരഞ്ഞെടുപ്പ് പ്രവർത്തനം. പിന്നിൽ നിന്നുകൊണ്ട് ആവശ്യമായ സാമൂഹികമായ പിന്തുണകൾ, വോട്ട് സോഴ്സുകൾ അനുകൂലമാക്കുക തുടങ്ങിയ കാര്യങ്ങൾ നിർണാകയമായ സ്വാധീനം ചെലുത്തും. ഏതെങ്കിലും നേതാക്കളുടെ പരസ്യ പ്രസ്താവനകൾ തിരിച്ചടിയാകുന്ന സമയത്ത് അത് മിനിട്ടുകൾ കൊണ്ട് പരിഹരിക്കണം. 

ഇതിനെല്ലാമുള്ള വൈഭവമുള്ള നേതാവായിരുന്നു കാനം. കാനത്തിന്റെ അഭാവം ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചിരുന്നതല്ല. കാനം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മാധ്യമങ്ങളിൽ വാർത്ത വന്ന സമയത്ത് ഞാൻ ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരും എന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കിക്കൊണ്ടിരുന്ന സമയത്താണ് അദ്ദേഹം അനാരോഗ്യത്തിലേക്ക് പോയത്. അദ്ദേഹം കൂടുതൽ ലീവെടുക്കുകയും ആശുപത്രിയിൽ കേന്ദ്രീകരിക്കുകയും ചെയ്തത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാർട്ടിയെ ഒരുക്കാനുള്ള പരിശ്രമങ്ങൾ നടന്നുവരുമ്പോഴാണ്. എൽഡിഎഫിന്റെ വലിയ ക്യാമ്പെയ്നറാണ് അദ്ദേഹം. പിണറായി വിജയൻ കഴിഞ്ഞാൽ പക്ഷെ കേരളത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന ക്യാമ്പെയ്നറുടെ നഷ്ടം എന്നുപറഞ്ഞാൽ അത് ചെറിയ നഷ്ടമല്ല.’’ സുബേഷ് പറയുന്നു

English Summary:

Kerala miss senior leaders Oommen Chandy, Kodiyeri Balakrishnan, Kanam Rajendran, KM Mani in this Loksabha Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com