‘അനുമതി 20 മരത്തിന്, മുറിച്ചത് 107 എണ്ണം; ജീവനക്കാരുടെ ഒത്താശ: സുഗന്ധഗിരി റിപ്പോർട്ട് പുറത്ത്

Mail This Article
കൽപറ്റ∙ സുഗന്ധഗിരി മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയെന്ന് വ്യക്തമാക്കി ഡോ.എൽ.ചന്ദ്രശേഖർ ഐഎഫ്എസിന്റെ റിപ്പോർട്ട്. ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസിന്റെ ചുമതലയാണ് ചന്ദ്രശേഖറിനുള്ളത്. ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്നാണു കണ്ടെത്തൽ.
ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാനാണ് അനുമതി നൽകിയത്. ഇതിന്റെ മറവിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. ഗുരുദാസൻ എന്നയാൾ കരാർ ലംഘനം നടത്തി. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടുപോയി. ഉദ്യോഗസ്ഥർ അനധികൃതമായി പാസ്സ് നൽകി. പാസ്സിൽ സർക്കാർ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്ന ഫീൽഡ് പരിശോധന നടത്തിയില്ല. റെയ്ഞ്ച് ഓഫിസർ നീതു ഗുരുതര കൃത്യവിലോപം നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനധികൃത മരംമുറി കണ്ടെത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു. നഷ്ടപ്പെട്ട മരവും വാഹനവും ഇനിയും കണ്ടെത്താനുണ്ട്. ഫോറസ്റ്റ് വാച്ചർ ജോൺസൺ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെകെ.ചന്ദ്രൻ എന്നിവർ മരംമുറിച്ച് കടത്തുന്നതിന് ആസൂത്രണം നടത്തി. സെക്ഷനിലെ ജീവനക്കാർ മൊത്തം കൂട്ടുനിന്നു. ഡിഎഫ്ഒ ഷജ്ന കേസ് എടുത്ത ശേഷവും വിഷയം ഗൗരവത്തിലെടുത്തില്ല. ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് മേൽനോട്ട വീഴ്ചയുണ്ടായി.
ഡിഎഫ്ഒ യോട് വിശദീകരണം ചോദിച്ച് നടപടി എടുക്കണമെന്നും പ്രതിചേർത്ത കൈവശക്കാരെ സാക്ഷികളാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജോൺസനെതിരെയും ചന്ദ്രനെതിരെയും വിജിലൻസ് അന്വേഷണം വേണം. ഡിഎഫ്ഒ ഷജ്ന, റെയ്ഞ്ച് ഓഫിസർ നീതു എന്നിവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും എൽ.ചന്ദ്രശേഖർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ചയാണ് ചന്ദ്രശേഖർ റിപ്പോർട്ട് സമർപ്പിച്ചത്.