ADVERTISEMENT

ആലപ്പുഴ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിക്കുന്നതു രണ്ട് ഇന്ത്യയെയെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുഹൃത്തുക്കൾക്കു വേണ്ടി തിളങ്ങുന്ന ഇന്ത്യയെയും പാവങ്ങൾക്കായി കഷ്ടപ്പാടിന്റെ ഇന്ത്യയും. കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക്കു നൽകുമെന്നു പറഞ്ഞ മോദി ഇപ്പോൾ കള്ളപ്പണം ഇലക്ടറൽ ബോണ്ടിന്റെ രൂപത്തിൽ വാങ്ങുകയാണ്. എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഭരണത്തിൽ അമൃതകാലമെന്നാണു മോദി പറയുന്നത്. സമുദ്രം കടഞ്ഞ് അമൃതെടുത്തപ്പോൾ ഒപ്പം വിഷവുമുണ്ടായിരുന്നു. അമൃത് കിട്ടിയതു ചീത്തയാളുകൾക്കാണ്. വിഷം നല്ലവർക്കും. ആ അമൃത് വീണ്ടെടുക്കാൻ വലിയ ശ്രമങ്ങൾ നടന്നു. അമൃത് ഇപ്പോൾ ചീത്തയാളുകളുടെ കയ്യിലാണ്. അതു വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. വൻ അഴിമതിയുടെ കാലമാണിത്. ഇലക്ടറൽ ബോണ്ട് വാങ്ങിയാൽ പകരം വിമാനത്താവളങ്ങളും തുറമുഖങ്ങളും തരാമെന്നാണു ബിജെപിയുടെ വാഗ്ദാനം. ഈ പണം എവിടെനിന്നാണ്? കൊള്ളയെ നിയമപരമാക്കാനാണു ബിജെപി നോക്കുന്നത്. എതിർത്തത് ഇടതു പാർട്ടികളാണ്. ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷം മാത്രമാണ്.

രാജ്യവും മതനിരപേക്ഷതയും അപകടത്തിലായപ്പോഴൊക്കെ കേരളം വഴികാട്ടിയിട്ടുണ്ട്. 2004ൽ എൽഡിഎഫിന് ഇവിടെ 18 സീറ്റ് കിട്ടി. മതനിരപേക്ഷ സർക്കാർ വരണമെന്നും അതിനൊപ്പം ശക്തമായ ഇടതുപക്ഷം വേണമെന്നുമുള്ള തീരുമാനമായിരുന്നു അത്. അന്നു രാജ്യത്ത് ഇടതുപക്ഷത്തിന് ആകെ 61 സീറ്റ്. അതിൽ 57 എംപിമാരും കോൺഗ്രസിനെ തോൽപിച്ചു വന്നതാണ്. എന്നിട്ടും യുപിഎ സർക്കാർ വരാൻ അവർ പിന്തുണ നൽകി. അതാണു ഗ്യാരന്റി. തൊഴിലുറപ്പു നിയമം, വിവരാവാകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങി ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന പല നടപടികളും അന്നുണ്ടായത് ഇടതുപക്ഷത്തിന്റെ ഇടപെടൽകൊണ്ടാണ്. സമാന സാഹചര്യമാണ് ഇപ്പോഴും.

മോദിക്കെതിരെ പൊരുതുന്നെന്നു പറയുന്ന യുഡിഎഫ് വിമർശിക്കുന്നത് എൽഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. ഇത് അവസരവാദമാണ്. ബിജെപിയും എൽഡിഎഫും ധാരണയിലാണെന്നു പറയുന്നതും അങ്ങനെതന്നെ. പൗരത്വ നിയമത്തിനെതിരെ ഞങ്ങൾക്കൊരു വീക്ഷണമുണ്ട്. പാർലമെന്റിലും പുറത്തും ഞങ്ങളതിനെ എതിർത്തു. കോടതിയിലും പോരാടുന്നു. ജമ്മു കശ്മീരിൽ 370ാം വകുപ്പ് ഒറ്റ രാത്രികൊണ്ട് എടുത്തു കളഞ്ഞു നേതാക്കളെ ജയിലിൽ അടച്ചപ്പോഴും എതിർത്തത് ഇടതുപക്ഷമാണ്. ബിൽക്കീസ് ബാനു കേസിൽ പ്രതികളെ രക്ഷപ്പെടാൻ അധികാരികൾ അനുവദിച്ചപ്പോൾ സിപിഎം സുപ്രീം കോടതിയിൽ പോയി. കുറ്റക്കാരെ ജയിലിലാക്കി.

എന്നാൽ, ഈ വിഷയങ്ങളിലൊക്കെ കോൺഗ്രസ് എവിടെയാണ്? പിന്തുണയ്ക്കാൻ പോലും കണ്ടില്ല. മോദിയുടെ പല ജനവിരുദ്ധ നയങ്ങളിലും അവർ മൗനം പാലിക്കുന്നു.കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്കു കിട്ടും. അങ്ങനെയും കോൺഗ്രസ് നിലപാട് ബിജെപിക്കു ഗുണമാകും. ജയിക്കുന്ന കോൺഗ്രസ് എംപിമാരെല്ലാം ആ പാർട്ടിക്കൊപ്പം ഉണ്ടാകുമെന്ന് ഒരു ഗ്യാരന്റിയുമില്ല. മോദിക്കെതിരെ പിണറായി വിജയൻ മിണ്ടുന്നില്ലെന്നു പറയുന്നവർ, പിണറായി അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നയാളാണെന്ന് ഓർക്കണമെന്നും യെച്ചൂരി പറഞ്ഞു.

∙ ‘എൽഡിഎഫും മുഖ്യമന്ത്രിയുമാണ് ലക്ഷ്യമെങ്കിൽ തുറന്നുപറയണം’

കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റത്തിലൂടെ ബിജെപി പുതിയ കോൺഗ്രസാകുകയാണെന്നു സിപിഎം ജനറൽ‍ സെക്രട്ടറി സീതാറാം യച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസിനോടു രണ്ടു കാര്യങ്ങൾ പറയാനുണ്ട്. ഒന്ന്, ചാഞ്ചാട്ടം നിർത്തണം. രണ്ട്, അധികാരം കിട്ടിയാൽ ജനങ്ങൾക്കു വേണ്ടിയുള്ള നിയമങ്ങളും നടപടികളും വേണം. ഭരണഘടന മാറ്റുമെന്നു പറയുന്ന ബിജെപി തിരിച്ചുവരില്ലെന്നു രാജ്യസ്നേഹികൾ ഉറപ്പാക്കണം. കോൺഗ്രസ് ഉന്നം വയ്ക്കുന്നതു ബിജെപിയെ ആണെങ്കിൽ ഒന്നിച്ചു പൊരുതാം. നിർഭാഗ്യവശാൽ ഇവിടെ യുഡിഎഫിന്റെ ലക്ഷ്യം എൽഡിഎഫും വ്യക്തിപരമായി മുഖ്യമന്ത്രിയുമാണ്. അതാണു ലക്ഷ്യമെങ്കിൽ തുറന്നു പറയണം. എംപിമാരെ കൂട്ടമായി സസ്പെൻഡ് ചെയ്തപ്പോഴും മറ്റും ആദ്യം പ്രതികരിച്ചതു പിണറായി വിജയനാണ്. പിണറായിയെ ബിജെപി വെറുതെ വിടുന്നെന്നു പറയുന്നതിന്റെ അർഥമെന്താണ്?

കോൺഗ്രസ് നേതാക്കളുടെ മറുകണ്ടം ചാടൽ ഇന്ത്യ മുഴുവനുണ്ട്. മുൻ മുഖ്യമന്ത്രിമാർ വരെ പേടിച്ചു ബിജെപിയിൽ ചേരുന്നു. കേരളത്തിനു പുറത്തു സിപിഎം നേതാക്കൾ ബിജെപിയിൽ‍‍ ചേരുന്നു എന്നതു മാധ്യമ പ്രചാരണം മാത്രമാണ്. അങ്ങനെ പോയവരുടെ പട്ടിക തരാൻ കഴിയുമോ? കുറച്ചു സീറ്റിൽ മാത്രം മത്സരിക്കാൻ സിപിഎം ബോധപൂർവം തീരുമാനിച്ചതാണ്. അതു ബിജെപിയെ സഹായിക്കാനല്ല, മറിച്ചാണ്. സ്വതന്ത്രമായി തിരഞ്ഞെടുപ്പു നടന്നാൽ പല സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിയുടെ സാധ്യതകൾ ശക്തമാണ്. നരേന്ദ്ര മോദി തെക്കേ ഇന്ത്യയിൽ കൂടെക്കൂടെ വരുന്നത് വടക്കുണ്ടാകുന്ന നഷ്ടം നികത്താനാണ്. കഴിഞ്ഞ ദിവസത്തെ വോട്ടെടുപ്പിൽ പലയിടത്തും ക്രമക്കേടു നടന്നെന്നു റിപ്പോർട്ടുണ്ട്. കേന്ദ്ര സേനയുടെയും സഹായത്തോടെയാണത്. ഇലക്ടറൽ ബോണ്ട് വേണ്ടെന്നു തീരുമാനിച്ചിട്ടു രാഹുൽ ഗാന്ധി അതിനെ വിമർശിച്ചാൽ മനസ്സിലാക്കാം. പക്ഷേ, കോൺഗ്രസും പണം വാങ്ങിയെന്നും യെച്ചൂരി പറഞ്ഞു.

English Summary:

Sitaram Yechury Slams Narendra Modi and UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com