ADVERTISEMENT

തൃശൂർ ∙ പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ നേർക്കുനേർ നിന്ന് ഉപചാരം ചൊല്ലി; വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ അവർ പിരിഞ്ഞു. ഈ കാഴ്ച കാണാൻ നിന്ന വടക്കുന്നാഥനും പൂരപ്രേമികളും നേർക്കുനേർ ആയിരുന്നു. ഒരാണ്ടിലേക്ക് ഓർമിക്കാൻ തന്ന കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞുകൊണ്ട് അവരും പിരിഞ്ഞു. ഇനി പകൽ വെടിക്കെട്ടും പൂരക്കഞ്ഞി വിതരണവും. അടുത്ത വർഷത്തെ തൃശൂർ പൂരം 2025 മേയ് 6നാണ്. പാറമേക്കാവ്–തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്നാണ് തീയതി തീരുമാനിച്ചത്. 

പുലർച്ചെ നടക്കേണ്ടിയിരുന്ന പ്രധാന വെടിക്കെട്ട് അതിരാവിലെ നടന്നതു മാറ്റിനിർത്തിയാൽ പൂരം കേമമാക്കി പൂരപ്രേമികൾ ഇനി വീടുകളിലേക്കു മടങ്ങും. രാവിലെ 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി വിഭാഗം ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പു തുടങ്ങിയത്. തുടർന്നു നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ലഘു കുടമാറ്റം നടന്നു. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി. പാറമേക്കാവ് വിഭാഗം 8.30നാണ് പഞ്ചവാദ്യ, പാണ്ടിമേള അകമ്പടിയോടെ എഴുന്നള്ളിപ്പാരംഭിച്ചത്. 

15 ആനകൾ അണിനിരന്നു. പാണ്ടിമേളക്കൊഴുപ്പോടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി. തുടർന്നു മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്നു. തുടർന്ന് ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു. ആനകൾ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന് ഔദ്യോഗിക സമാപ്തിയാകും. 

English Summary:

Thrissur Pooram updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com