ADVERTISEMENT

തിരുവനന്തപുരം∙ കൊടും ചൂടിൽ തുച്ഛമായ കാശിനു ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ദാഹമകറ്റാൻ നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നു. ‘ഇലക്ഷൻ അർജന്റ്’ എന്ന ബോർഡ് വച്ച് നിരത്തിൽ ചീറി പായുന്ന വാഹനങ്ങളുടെ പിന്നിലിരിക്കുന്ന ഭൂരിപക്ഷം പേരുടെയും ‌പോക്കറ്റ് കാലിയാണ്. ഡ്രൈവർമാരടക്കം ഒട്ടിയ വയറുമായാണ് വണ്ടിയോടിക്കുന്നത്. 

തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച താൽക്കാലിക ജീവനക്കാരാണ് ദുരിതക്കയത്തിൽപ്പെട്ടിരിക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇവർക്ക് മാസ ശമ്പളമോ ദിവസവും നൽകേണ്ട ഭക്ഷണ അലവൻസോ ഇതുവരെ നൽകിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ പണം അനുവദിച്ചെങ്കിലും പല ജില്ലകളിലും വരണാധികാരികളുടെ ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ പണം മാറി നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. 

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം, സ്റ്റാറ്റിക് സർവയലൻസ് സംഘം, വിഡിയോ നിരീക്ഷണ വിഭാഗം, ഫ്ലയിങ് സ്ക്വാഡ് തുടങ്ങി ഫീൽഡിലുള്ള ഉദ്യോഗസ്ഥർക്കാണ് ശമ്പളവും ഭക്ഷണ അലവൻസും ലഭിക്കാത്തത്. ഒരു ദിവസം ഭക്ഷണ അലവൻസായി 250 രൂപയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവർക്കു നൽകേണ്ടത്. മാസ ശമ്പളം വിവിധ ഗ്രൂപ്പുൾക്കായി 9000 മുതൽ 15000 രൂപ വരെയും നൽകണം.

രണ്ട് ലോക്സഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയിൽ 1500ലധികം ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. ഇവരെല്ലാം തുടക്കം മുതൽ  തിരഞ്ഞെടുപ്പ് ചുമതയിലുള്ളവരാണ്. ‌ശമ്പളവും ഭക്ഷണ അലവൻസും ഇല്ലാതെ സഹികെട്ടതോടെ തിരുവനന്തപുരം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരെ ജീവനക്കാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ല.

ഒടുവിൽ താൽക്കാലിക ഉദ്യോഗസ്ഥരെ തണുപ്പിക്കാൻ എല്ലാവരുടെയും പക്കൽ നിന്നും ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങി. രണ്ടുദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണമെത്തിയിട്ടില്ല. കയ്യിൽ കാശ് നൽകുമെന്നായിരുന്നു ആദ്യം കലക്‌ടറേറ്റിൽ നിന്നും അറിയിച്ചിരുന്നത്. പിന്നെ എന്തിനാണ് ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങിച്ചതെന്നും പ്രതിഷേധം തണുപ്പിക്കാൻ വേണ്ടിയുള്ള സൂത്രവിദ്യ ആയിരുന്നു ഇതെന്നും ആക്ഷേപമുണ്ട്. പല ജില്ലകളിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ജീവനക്കാർ മനോരമ ഓൺലൈനോട് പറഞ്ഞു. 

അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളാണെന്നും അതിനിടയിൽപ്പെട്ടാണ് അലവൻ‌സും ശമ്പളവും വൈകുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. പണം നേരിട്ട് നൽകുന്നതിനു പകരം അക്കൗണ്ട് വഴി നൽകാൻ തീരുമാനമെടുത്തത് സാങ്കേതിക തടസങ്ങൾക്ക് വഴിയൊരുക്കിയെന്നും അധികൃതർ പറയുന്നു.

English Summary:

Electoral officers have no food allowance and salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com