ADVERTISEMENT

ന്യൂഡൽഹി∙ സൈബർ തട്ടിപ്പുകൾ തടയിടുന്നതിനായി പ്രത്യേക സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.  സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ 'പ്രതിബിംബ്' അന്വേഷണ ഏജന്‍സികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്ട് ചെയ്ത് കാണിക്കാനും കഴിയും. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മൊബൈല്‍ നമ്പരുകളുടെ യഥാർഥ ലൊക്കേഷൻ കണ്ടെത്താന്‍ നിയമ നിർവഹണ ഏജന്‍സികളെയും സേവന ദാതാക്കളെയും ഇതു സഹായിക്കും. 

ലൊക്കേഷനുകളുടെ മാപ്പ് വ്യൂ ആകും പ്രതിബിംബ് വഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ കണ്ടെത്തിയ 12 സൈബര്‍ ക്രിമിനല്‍ ഹോട്ട്സ്പോട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.സോഫ്റ്റ്‌വെയര്‍ കഴിഞ്ഞയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റവാളികള്‍ ലൊക്കേഷന്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

അതേസമയം, ഹരിയാനയിലെയും ജാര്‍ഖണ്ഡിലെയും സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ വലിയ തോതിലുള്ള ഓപ്പറേഷനുകളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ഹരിയാന പൊലീസ് ഈ ആഴ്ച 42 സൈബര്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂഹിലും മേവാത്തിലും നടത്തിയ റെയ്ഡില്‍ 50 സെല്‍ ഫോണുകള്‍, വ്യാജ ആധാര്‍ കാര്‍ഡുകള്‍, 90 ലധികം സിം കാര്‍ഡുകള്‍, പണം, എടിഎം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

English Summary:

MHA launches Pratibimb to help police crackdown on cyber frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com