ADVERTISEMENT

തിരുവനന്തപുരം∙ പിണറായി വിജയനെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ  കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മോദിയെയും ബിജെപിയെയും സ്ഥിരതയോടെ എതിര്‍ക്കുന്നത് സിപിഎം ആണ്.  എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് എതിർക്കുന്നത് എൽഡിഎഫിനെയും മുഖ്യമന്ത്രിയേയുമാണെന്നും സീതാറാം യച്ചൂരി പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർ‌ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂജപ്പുരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി. ജയിലിൽ പോകാൻ ഞങ്ങൾക്ക് പേടിയില്ല. ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ബിജെപിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്’’– യച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്നും യച്ചൂരി വ്യക്തമാക്കി. ഫാഷിസ്റ്റ് നിയമവാഴ്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടു വന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നിയമവാഴ്ചയെ മാറ്റിമറിച്ചു. പ്രത്യേക അവകാശം റദ്ദ് ചെയ്തപ്പോൾ ജമ്മു കശ്മീരിൽ പോകാന്‍ പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല. അന്ന് അതിനെതിരെ സുപ്രീം കോടതിയിൽ പോയ ആളാണ് താന്‍. കോടതിയുടെ അനുമതിയോടെ കശ്മീരിൽ പോയപ്പോൾ യാഥാർഥ്യം മനസിലാക്കാനായെന്നും യച്ചൂരി പറഞ്ഞു. 

‘‘കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരു എംപി പോലും പാർലമെന്റിലേക്ക് പോകില്ല. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാൻ ബിജെപി പിന്തുണ നൽകുകയാണ്. മോദി സർക്കാർ ദേശീയ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടികൊണ്ടിരിക്കുന്നു. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ല. വർഗീയതയുടെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുകയാണ്. ഇലക്ടറൽ ബോണ്ടിനെ എതിർത്തത് ഇടതുപക്ഷമാണ്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ നടപ്പില്ലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഗവർണർമാരെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ് പല സംസ്ഥാനങ്ങളിലും’’– യച്ചൂരി പറഞ്ഞു. 

English Summary:

Sitaram Yechuri against Congress and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com