ADVERTISEMENT

സൂറത്ത്∙ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ നാമനിർദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടര്‍ന്നാണ് നാമനിർദേശ പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയത്. സൂറത്തിൽ കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി. ഈ പത്രികയും അസാധുവായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സൂറത്തിൽ കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്ത അവസ്ഥയായി. 

നിർദേശകരുടെ ഒപ്പ് പ്രഥമദൃഷ്ട്യാ അസാധുവായതിനാൽ കുംഭാനിയും പദ്ശാലയും സമർപ്പിച്ച നാല് നാമനിർദേശ പത്രികകളും തള്ളുകയാണെന്ന് റിട്ടേണിങ് ഓഫിസർ സൗരഭ് പാർഥി വ്യക്തമാക്കി. സംഭവത്തിൽ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകൻ ബാബു മംഗുക്യ വ്യക്തമാക്കി. 

ബിജെപി സ്ഥാനാർഥി ദിനേഷ് ജോധാനിയുടെ ഏജന്റ് ശനിയാഴ്ച കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികാ സമർപ്പണം എതിർത്തിരുന്നു. ഞായറാഴ്ച രാവിലെ പത്രിക സമർപ്പിക്കാൻ റിട്ടേണിങ് ഓഫിസർ കോൺഗ്രസ് സ്ഥാനാർഥിയോട് ആവശ്യപ്പെട്ടു. പത്രികയെ പിന്തുണച്ചവരെ പൊലീസിനെ ഉപയോഗിച്ച് ബിജെപി ക്യാംപ് ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസും എഎപിയും ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ‌ അറിയിച്ചു. ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് 24 സീറ്റിലും എഎപി രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്.

English Summary:

Surat Shocker: Congress Candidate's Nomination Rejected Over Signature Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com