ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതു നിയവിരുദ്ധമാണന്നും പരാതിയിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ ഹർജി നൽകിയിരിക്കുന്നത്. 

രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചു വച്ചു എന്നും ഓഹരികളുടെ വില കുറച്ചു കാണിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും എൻഡിഎ സ്ഥാനാർഥി ഇതേ കാര്യം ചെയ്തു എന്നും ഹർജിയിൽ പറയുന്നു. പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ലഭിക്കുന്ന പരാതികൾ എല്ലാം പരിഗണിച്ചു വേണം ഒരു പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത്. അതിന്റെ കാരണവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇവിടെ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാൽ തങ്ങളുടെ പരാതിയിൽ 2 ദിവസത്തിനുള്ളിൽ ഉത്തരവ് പാസ്സാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

പരാതി നൽകിക്കഴിഞ്ഞാൽ അതു സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നൽകണം എന്നാണ് നിയമം. എന്നാൽ ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവർ തങ്ങളുടെ പരാതിയിൽ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്ന് പിന്നീടാണ് അറിഞ്ഞത്. ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലങ്ങൾക്കെതിര പരാതിപ്പെടുന്നവർക്ക് മറുപടി നൽകാതിരിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ കലക്ടർക്കും അധികാരമുണ്ടോ എന്നറിയേണ്ടതുണ്ടെന്ന് ഹർജിയിൽ പറയുന്നു. 

English Summary:

Congress filed plea in High Court seeking rejection of Rajeev Chandrasekhar's nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com